ഏറെക്കാലത്തിനു ശേഷം ഒരു കിടിലന്‍ മോഹന്‍ലാല്‍ സിനിമ ആരാധകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തുടരും' എന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ റിലീസിന് മുമ്പ് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ റിലീസാകുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യുകയും മോശം സിനിമകള്‍ വരുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആരാധകര്‍ കേരളത്തിലുണ്ടെന്നും അവര്‍ മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍സ് ആണെന്നും അവര്‍ക്കു വേണ്ടിയാണ് ഈ ചിത്രമെന്നുമായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍.
സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണയുടെ ആരാധകരും ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ അതേ സംതൃപ്തിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വേണമെങ്കില്‍ പറയാം. ബാഴ്‌സലോണയുടെ വലിയൊരു ശതമാനം സ്ലീപ്പര്‍ സെല്‍സും ഉണര്‍ന്നെഴുന്നേറ്റ സീസണായിരുന്നു ഇത്തവണത്തേത്. ജര്‍മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സ, ഇന്ന് ലോകത്തെ ഏതൊരു വമ്പന്‍ ക്ലബ്ബിനെയും വെല്ലുവിളിക്കാനും വേട്ടയാടി വീഴ്ത്താനും പോന്നവരാണ്. ഇത്തവണത്തെ കോപ്പ ഡെല്‍ റേ ഫൈനല്‍ വിജയവും അതിനോട് ചേര്‍ത്തുവെയ്ക്കപ്പെടുന്നു.
ഈ സീസണില്‍ ബാഴ്‌സയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വന്ന മൂന്നാമത്തെ എല്‍ ക്ലാസിക്കോയായിരുന്നു സെവിയ്യയില്‍ കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെല്‍ റേ ഫൈനല്‍. 28-ാം മിനിറ്റില്‍ പെഡ്രിയിലൂടെ മുന്നിലെത്തുകയും പിന്നീട് കിലിയന്‍ എംബാപ്പെ, ഒറേലിയന്‍ ചൗമെനി എന്നിവരുടെ ഗോളുകളില്‍ പിന്നിലാകുകയും ഒടുവില്‍ 84-ാം മിനിറ്റില്‍ ഫെരാന്‍ ടോറസിന്റെ ഗോളില്‍ മത്സരം അധിക സമയത്തേക്ക് നീക്കുകയും ചെയ്ത ബാഴ്‌സ, 116-ാം മിനിറ്റില്‍ യൂള്‍സ് കുണ്‍ഡെയിലൂടെ വിജയഗോളും കിരീടവും സ്വന്തമാക്കുകയായിരുന്നു. സീസണില്‍ നേര്‍ക്കുനേര്‍ വന്ന മൂന്ന് എല്‍ ക്ലാസിക്കോകളിലും റയലിനെതിരേ നേടിയ വിജയം ബാഴ്‌സ ആരാധകര്‍ക്ക് നല്‍കുന്ന ആഹ്ലാദം ചെറുതൊന്നുമല്ല.
സ്പാനിഷ് ലീഗില്‍ 2024 ഒക്ടോബര്‍ 27-ന് നടന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബാഴ്‌സ, റയലിനെ അവരുടെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ തകര്‍ത്തുവിട്ടത്. 2025 ജനുവരി 13-ാം തീയതി സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലാണ് പിന്നീട് റയലും ബാഴ്‌സയും നേര്‍ക്കുനേര്‍ വന്നത്. കഴിഞ്ഞ എല്‍ ക്ലാസിക്കോ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ റയലിനെ അന്ന് സൗദിയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് ബാഴ്‌സ കിരീടമുയര്‍ത്തിയത്. അതും ആദ്യ പകുതിയില്‍ എണ്ണം പറഞ്ഞ അഞ്ചു ഗോളുകള്‍ റയലിന്റെ വലയിലേക്ക് അടിച്ചുകയറ്റിയിരുന്നു ബാഴ്‌സ. അന്ന് മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ വോയ്‌സെച് ഷെസ്‌നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ബാഴ്‌സയുടെ റയല്‍ വധത്തിന് ഒരു അറുതി വന്നത്.
കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേ ഫൈനല്‍ പക്ഷേ കഴിഞ്ഞ എല്‍ ക്ലാസിക്കോകളെ പോലെ ഏകപക്ഷീയമായിരുന്നില്ല. ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ബാഴ്‌സയ്ക്കായിരുന്നെങ്കിലും ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ ചെറുക്കുന്നതിലും ഗോളിലേക്കുള്ള ബില്‍ഡപ്പ് തുടക്കത്തില്‍ തന്നെ തകര്‍ത്തുകളയുന്നതിലും ഒരു പരിധിവരെ റയല്‍ വിജയിച്ചു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ കളത്തിലിറങ്ങുകയും 55-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചും ആര്‍ദ ഗുലെറും കൂടിയെത്തുകയും ചെയ്തതോടെ തുടര്‍ച്ചയായി മികച്ച മുന്നേറ്റങ്ങളിലൂടെ ബാഴ്‌സയെ വിറപ്പിക്കാനും റയലിനായി. ഏഴു മിനിറ്റുകള്‍ക്കിടെയാണ് അവര്‍ രണ്ടു ഗോള്‍ നേടി മത്സരത്തില്‍ മേല്‍ക്കൈ നേടിയത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ മനസില്ലാത്ത ബാഴ്‌സയുടെ കരുത്ത് പിന്നീട് റയല്‍ ശരിക്കും അറിഞ്ഞു. ഒടുവില്‍ സീസണിലെ രണ്ടാം കിരീട വിജയത്തോടെയാണ് ബാഴ്‌സ പോരാട്ടം അവസാനിപ്പിച്ചത്.
ഇനി കടുത്ത പോരാട്ടങ്ങളാണ് ബാഴ്‌സയെ കാത്തിരിക്കുന്നത്. മേയ് ഒന്നാം തീയതി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ററിനെ നേരിടുന്ന ബാഴ്‌സയ്ക്ക് നാലാം തീയതി സ്പാനിഷ് ലീഗില്‍ വയ്യാഡോളിഡുമായി മത്സരമുണ്ട്. പിന്നാലെ ഏഴാം തീയതി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തിനായി ഇറ്റലിയിലേക്ക് പറക്കണം. 11-ാം തീയതി സ്പാനിഷ് ലീഗില്‍ റയലുമായി സീസണിലെ നാലാം എല്‍ ക്ലാസിക്കോയിലും ബാഴ്‌സയ്ക്ക് കളത്തിലിറങ്ങേണ്ടതുണ്ട്. പരിക്ക് കാരണം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, അലെഹാന്‍ഡ്രോ ബാല്‍ഡേ, മാര്‍ക്ക് കസാഡോ എന്നിവരുടെ സേവനം നഷ്ടമായിരിക്കുന്ന ബാഴ്‌സയ്ക്ക് തുടര്‍ച്ചായുള്ള മത്സരങ്ങള്‍ വലിയ വെല്ലുവിളി തന്നെയാകും സൃഷ്ടിക്കുക. എന്നാല്‍ നാലു ഗോളിന് പിന്നിലായാല്‍ പോലും അഞ്ച് എണ്ണം തിരിച്ചടിച്ച് ജയിക്കാന്‍ ശ്രമിക്കുന്ന പുതിയ ബാഴ്‌സയുടെ മനഃസ്ഥിതി ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.
Content Highlights: Barcelona bushed Real Madrid successful a melodramatic Copa del Rey final. Relive the aggravated El Clasico clash an








English (US) ·