Published: November 16, 2025 07:11 PM IST
1 minute Read
കൊൽക്കത്ത∙ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ടെംബ ബാവുമയെ ഇന്ത്യൻ താരങ്ങൾ ‘ബോഡി ഷെയിം’ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ദക്ഷിണാഫ്രിക്കയുടെ പരിശീലകൻ ശുക്രി കോൺറാഡ്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും പേസർ ജസ്പ്രീത് ബുമ്രയും സംസാരിക്കുന്നതിനിടെ ‘കുള്ളൻ’ എന്ന വാക്ക് ഉപയോഗിച്ചതു വൻ വിവാദമായിരുന്നു. സ്റ്റംപ് മൈക്കാണ് പന്തിന്റെയും ബുമ്രയുടേയും സംസാരം പിടിച്ചെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായെങ്കിലും ഇരു ടീമുകളും ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയെ 30 റൺസിനു തോൽപിച്ച ശേഷമായിരുന്നു ദക്ഷിണാഫ്രിക്കൻ പരിശീലകൻ പ്രതികരിച്ചത്. ‘ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റേത് ഒരു ഭീമന്റേതിനു സമാനമായ ഹൃദയമാണെന്നാണ്’ പരിശീലകൻ മത്സര ശേഷം പറഞ്ഞത്. അതേസമയം ടെംബ ബാവുമ വിജയത്തിനു ശേഷവും ഇത്തരത്തിലുള്ള പരാമർശങ്ങളിൽനിന്നു വിട്ടുനിന്നു.
ദക്ഷിണാഫ്രിക്കയുടെ ലോവർ മിഡിൽ ഓർഡറിലെ ബാറ്റർമാരുടെ പ്രകടനം വിജയത്തിൽ നിർണായകമായതായി ബാവുമ വ്യക്തമാക്കി. ‘‘ഈ ഗ്രൗണ്ടിൽ പരമാവധി പിടിച്ചുനിൽക്കാനായിരുന്നു ഞങ്ങൾ ശ്രമിച്ചത്. ഇവിടെ ബാറ്റിങ് ദുഷ്കരമാകുമെന്ന് അറിയാമായിരുന്നു. ബുദ്ധിമുട്ടാകുമെങ്കിലും ഗ്രൗണ്ടിന്റെ സ്വഭാവം എങ്ങനെ ഉപയോഗിക്കാമെന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അത് മനോഹരമായി ചെയ്യാൻ സാധിച്ചു എന്നാണ് എനിക്കു തോന്നുന്നത്. ബോളർമാരാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്.’’– ബാവുമ വ്യക്തമാക്കി.
124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഒൻപതു വിക്കറ്റുകളും വെറും 93 റൺസിനിടെ വീഴുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, പരുക്കേറ്റ് ആശുപത്രിയിലായതിനാൽ പത്തു ബാറ്റർമാർ മാത്രമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ അന്തകനായത്. ആദ്യ ഇന്നിങ്സിലും ഹാർമർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക– 159, 153. ഇന്ത്യ– 189, 93. പരാജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പട്ടികയിൽ ശ്രീലങ്കയ്ക്കും പിന്നിൽ ഇന്ത്യ നാലാമതായി.
English Summary:








English (US) ·