
യശസ്വി ജയ്‌സ്വാളും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും
ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറമാറ്റം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏതുരീതിയിലാകും പ്രതിഫലിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനടക്കം മാറി യുവരക്തത്തിന് മുന്‍തൂക്കമുള്ള ടീമുമായാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. പരിശീലകനെന്നനിലയില്‍ ഗൗതം ഗംഭീറിനും അത്ര പരിചയസമ്പത്തില്ല. പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാണുള്ളത്.
ജോ റൂട്ട് = ഇന്ത്യന്‍ ബാറ്റിങ്
ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്ററായ ഇംഗ്ലീഷ് താരം ജോ റൂട്ട് 153 മത്സരങ്ങളില്‍നിന്ന് നേടിയത് 13,006 റണ്‍സാണ്. ഇന്ത്യന്‍ ടീമിലെ സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ മൊത്തംനേടിയ റണ്‍സ് 10,472 വരികയുള്ളൂ. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ കരുത്തിനെ ബാധിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ മൊത്തം 100 ടെസ്റ്റ് കളിച്ച ആരുമില്ല. 50 ടെസ്റ്റിനു മുകളില്‍ കളിച്ചത് രവീന്ദ്ര ജഡേജയും കെഎല്‍ രാഹുലും മാത്രം.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ 58 ടെസ്റ്റുകളില്‍നിന്ന് 3257 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഒന്നാമന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് 43 ടെസ്റ്റുകളില്‍നിന്ന് 2948 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 32 ടെസ്റ്റുകളില്‍നിന്ന് 1893 റണ്‍സും ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 19 ടെസ്റ്റില്‍നിന്ന് 1798 റണ്‍സും നേടി. ബാക്കി ബാറ്റര്‍മാരുടെ സമ്പാദ്യം ആയിരം റണ്‍സില്‍ താഴെയാണ്. ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ ഒറ്റമത്സരവും കളിച്ചിട്ടില്ല.
ഒറ്റയാന്‍ ബുംറ
സ്പെഷ്യലിസ്റ്റ് ബൗളര്‍മാരില്‍ ആരും 50 ടെസ്റ്റുകളിലേക്ക് എത്തിയിട്ടില്ല. 45 മത്സരം കളിച്ച പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാമന്‍. മാരകപേസാക്രമണം നടത്തുന്ന ബുംറ 205 വിക്കറ്റ് നേടിയിട്ടുണ്ട്. മുഹമ്മദ് സിറാജ് 36 ടെസ്റ്റില്‍നിന്ന് 100 വിക്കറ്റ് തികച്ചിട്ടുണ്ട്. ചൈനമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് 13 ടെസ്റ്റുകളില്‍നിന്ന് 56 വിക്കറ്റാണുള്ളത്. ശാര്‍ദൂല്‍ ഠാക്കൂര്‍ 31 വിക്കറ്റെടുത്തു. ഇംഗ്ലീഷ് ബൗളിങ്ങിലും അത്ര പരിചയസമ്പന്നരില്ല. 181 വിക്കറ്റുള്ള ക്രിസ് വോക്സാണ് ഒന്നാമന്‍.

സ്റ്റോക്സ് - ജഡേജ
ഇംഗ്ലണ്ട് ടീം നായകന്‍ ബെന്‍ സ്റ്റോക്സിന് 111 ടെസ്റ്റുകളില്‍നിന്ന് 6728 റണ്‍സും 213 വിക്കറ്റുമുണ്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ടെസ്റ്റ് കരിയറും മികച്ചതാണ്. 80 ടെസ്റ്റ് കളിച്ച ജഡേജ 3370 റണ്‍സും 323 വിക്കറ്റും നേടി.
വാഷിങ്ടണ്‍ സുന്ദറിനും നിധീഷ് കുമാര്‍ റെഡ്ഡിക്കും അത്ര പരിചയസമ്പത്തില്ല. വാഷിങ്ടണ്‍ ഒന്‍പത് ടെസ്റ്റുകളില്‍നിന്ന് നേടിയത് 468 റണ്‍സും 25 വിക്കറ്റുമാണ്. നിധീഷ് കുമാറിന് അഞ്ചുടെസ്റ്റില്‍നിന്ന് 298 റണ്‍സും അഞ്ചുവിക്കറ്റുമാണുള്ളത്.
ബാസ്ബോള്‍
ഇംഗ്ലണ്ട് പരിശീലകനായി ബ്രെണ്ടന്‍ മക്കെല്ലമെത്തുന്നത് 2022-ലാണ്. അതിനുശേഷം ഇംഗ്ലീഷ് ടീമിന്റെ കളിയില്‍ കാര്യമായ മാറ്റമുണ്ടായി. ബാസ്ബോള്‍ എന്ന് ക്രിക്കറ്റ് ലോകം പേരിട്ട ആക്രമണശൈലിയാണ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നടപ്പാക്കുന്നത്. 35 ടെസ്റ്റുകളില്‍ മക്കെല്ലത്തിനുകീഴില്‍ ഇംഗ്ലണ്ട് കളിച്ചതില്‍ 22 ജയവും അഞ്ചുസമനിലയും നേടി. എട്ടെണ്ണത്തിലാണ് തോറ്റത്.
ഗൗതം ഗംഭീറിനു കീഴില്‍ പത്ത് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. ആറു കളിയില്‍ തോറ്റു. ഒരു മത്സരം സമനിലയിലായി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ജയിച്ചു തുടങ്ങിയെങ്കിലും ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും തോല്‍വിയറിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പര പരിശീലകനെന്നനിലയില്‍ ഗംഭീറിനും നിര്‍ണായകമാണ്.
Content Highlights: India`s young cricket squad faces England successful a 5-match Test series. Can they flooded the experience








English (US) ·