ബാസ് ബോളല്ല, ബാഡ് ബോളാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ വിധി നിർണയിക്കുക എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. പരമ്പരയിലെ ഏറ്റവും വലിയ പ്രശ്നക്കാരനാണ് മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്ത്. ക്രിക്കറ്റ്‌ലോകത്തെ പ്രധാന ചർച്ചകളിലൊന്നും ഈ പന്തുണ്ടാക്കുന്ന പ്രതിസന്ധിയാണ്.
കുറ്റവാളികളുടെ കൈകൾ ബന്ധിക്കുന്ന വിലങ്ങുപോലുള്ള ബോൾഗേജ് അമ്പയർമാർ ഇടയ്ക്കിടെ പുറത്തെടുക്കുന്നത് ഈ പരമ്പരയുടെ മാത്രം പ്രത്യേകതയാണ്. ആ വിലങ്ങിനുള്ളിലൂടെ പന്ത് കടന്നുപോകുന്നുണ്ടോ എന്നുനോക്കും. കടന്നുപോയാൽ ആ പന്ത് മാറ്റില്ല. യഥാർഥത്തിൽ പന്തിന്റെ ഷേപ്പ് മാറിയതല്ല പ്രശ്നം, അത് വല്ലാതെ മൃദുവാകുന്നു എന്നതാണ്. മുൻപെല്ലാം ഡ്യൂക്ക് ബോളിൽ കളിക്കുക എന്നാൽ, ഒരു ബാറ്ററുടെ യഥാർഥ ‘ടെസ്റ്റ്’ നടക്കുന്നു എന്നാണ് അർഥം. കാരണം ബൗളിങ്ങിനനുകൂലമായ പിച്ചുകളിൽ പന്തിന് 50-60 ഓവർ വരെയൊക്കെ സ്വിങ്ങും സീം മൂവ്മെന്റും കിട്ടുമായിരുന്നു. ഒരു ഇന്നിങ്സിലെ 80 ഓവർ പൂർത്തിയായാലാണ് ബൗളിങ് ടീമിന് ന്യൂബോൾ ലഭിക്കുക. അതിനുമുൻപേ പന്തിന്റെ രൂപംമാറിയാൽ അത്രയും ഓവർ പഴക്കമുള്ള ‘പുതിയ’ പന്ത് ലഭിക്കും.
പക്ഷേ, 80 ഓവർ പോയിട്ട് 20-30 ഓവർവരെപോലും ഡ്യൂക്ക് ബോളിന്റെ ‘തിളക്കം’ ഉണ്ടാകുന്നില്ലെന്നാണ് ഇരുടീമുകളുടെയും പരാതി. നായകരായ ശുഭ്മാൻ ഗില്ലും ബെൻ സ്റ്റോക്സുംവരെ പന്തിലെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിക്കുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ ആദ്യദിവസംതന്നെ 30 ഓവർ ആയപ്പോഴേക്കും നാലുതവണയെങ്കിലും ഇംഗ്ലണ്ട് താരങ്ങൾ പന്തിനെക്കുറിച്ചുള്ള പരാതിയുമായി അമ്പയർമാർക്കു മുന്നിലെത്തി. പക്ഷേ, 56 ഓവർ കഴിഞ്ഞിട്ടേ പന്ത് മാറ്റിയുള്ളൂ. ഇംഗ്ലണ്ട് ബാറ്റുചെയ്യാനിറങ്ങിയപ്പോൾ ന്യൂബോളിൽ ആദ്യ 22 ഓവറിൽ 84 റൺസിന് അഞ്ചുവിക്കറ്റുകളാണ് വീണത്. പിന്നെവന്ന 303 റൺസിനിടെ ഒരു വിക്കറ്റുപോലും വീണില്ല. രണ്ടാം ന്യൂബോൾ എടുത്തപ്പോൾ വീണ്ടും വീണു അഞ്ചുവിക്കറ്റ്. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ രണ്ടാം ന്യൂബോൾ ഉപയോഗിച്ച് 63 പന്തുകളേ എറിഞ്ഞുള്ളൂ. അതു കഴിഞ്ഞപ്പോൾ പന്ത് ഷേപ്പ് പോയെന്ന് പരാതിപ്പെട്ട് മാറ്റി. 48 പന്തുകൾ എറിഞ്ഞുകഴിഞ്ഞപ്പോൾ ഷേപ്പ് പോയ ആ പന്തും മാറ്റേണ്ടിവന്നു.
ഡ്യുക്കിനും പറയാനുണ്ട്
പന്ത് കുത്തിയുയരുംപോലെ പരാതികളുയരാൻ തുടങ്ങിയതോടെ ഡ്യൂക്ക്സിന്റെ മുതലാളിയും ഇന്ത്യക്കാരനുമായ ദിലീപ് ജജോദിയ നേരിട്ട് ലോർഡ്സിലെത്തുകയും പ്രതികരിക്കുകയും ചെയ്തിരുന്നു..
ബ്രിട്ടീഷ് ക്രിക്കറ്റ് ബോൾസ് ലിമിറ്റഡാണ് പന്തിന്റെ നിർമാതാക്കൾ. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിലടക്കം ഉപയോഗിക്കുന്ന പന്ത് ഡ്യൂക്ക് ആകണമെന്ന ആഗ്രഹത്തോടെ അവർ ബിസിസിഐയുമായി കരാറിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഔദ്യോഗിക പന്ത്, സാൻസ്പറെയിൽസ് ഗ്രീൻലാൻഡ്സ് അഥവാ ഇന്ത്യൻ കമ്പനിയായ എസ്ജിയുടേതാണ്. ബിസിസിഐയുമായുള്ള എസ്ജിയുടെ കരാറിന് മൂന്നുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് ക്രിക്കറ്റ് ബോൾസിനെ 1987-ലാണ് ഇന്ത്യൻ വ്യവസായിയായ ദിലീപ് ജജോദിയ ഏറ്റെടുത്തത്. എസ്ജിയുടെ തലപ്പത്തുള്ളത് സിഇഒ പരസ് ആനന്ദും ഡയറക്ടർ പുനീത് ആനന്ദുമാണ്. അതായത് ഇന്ത്യൻ പന്തിനുവേണ്ടിയുള്ള യുദ്ധം ഇന്ത്യക്കാർ തമ്മിലാണെന്നു ചുരുക്കം.
Content Highlights: india vs england trial bid dukes shot complaints








English (US) ·