‘ബാസ്ബോളിന് മറുപടി ഭാരത്ബോൾ’; പടനയിച്ച് ​ഗിൽ, ഞെട്ടിച്ച് പേസ്നിര

6 months ago 8

‘ബാസ്ബോളിന് മറുപടി ഭാരത്ബോൾ...’ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എതിർടീമുകളുടെ മനോവീര്യം തകർക്കുന്ന ഇംഗ്ലണ്ടിന്റെ അതിവേഗ സ്‌കോറിങ്‌രീതിയെ അതിനേക്കാൾ മികവോടെയാണ് ഇന്ത്യ അവതരിപ്പിച്ചത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ റൺറേറ്റ് ഒരു ഓവറിൽ 3.88 ആയിരുന്നു. ഇംഗ്ലണ്ടിന്റേത് 4.54-ഉം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 5.14 എന്നരീതിയിൽ സമ്പൂർണ ഏകദിനശൈലിയിലേക്ക് റൺറേറ്റ് ഉയർത്തി. ആ റൺമല കയറാനാകാതെ തളർന്നുവീണ ഇംഗ്ലണ്ടിന്റെ റൺറേറ്റ് 3.97 ആയി കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായി എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ജയിച്ചപ്പോൾ, അതിന്റെ അച്ചുതണ്ടായിമാറിയത് നായകനായ ശുഭ്മാൻ ഗില്ലിന്റെ ഇന്നിങ്സുകളാണ്. ഒരാൾ ഒറ്റയ്ക്ക് 430 റൺസ് നേടുമ്പോൾ ആ ടീമിന് ജയിക്കുകയല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല...!

നായകനായി ഇംഗ്ലണ്ടിലെത്തുമ്പോൾ ശുഭ്മാന്റെ ബാറ്റിങ്‌ശരാശരി 35 ആയിരുന്നു. പരമ്പരയിലെ രണ്ടു ടെസ്റ്റുകൾ കഴിഞ്ഞതോടെ അത് 42.72-ലേക്കെത്തിയിരിക്കുന്നു. രണ്ടുടെസ്റ്റിലുമായി അടിച്ചുകൂട്ടിയത് 585 റൺസ്. ‘നായകഭാരം’ ഒട്ടുമില്ലാത്ത ഇന്നിങ്സുകളായിരുന്നു ശുഭ്മാന്റേത് എന്ന് നിസ്സംശയം പറയാം. രോഹിതും വിരാടും കളമൊഴിഞ്ഞതിനുപിന്നാലെ ശുഭ്മാനെ നായകനാക്കിയതിൽ ശക്തമായ എതിർപ്പുകളായിരുന്നു ബിസിസിഐക്ക് നേരിടേണ്ടിവന്നത്.

ലീഡ്സ് ടെസ്റ്റിൽ ശുഭ്മാൻ മാത്രമായിരുന്നില്ല ‘ക്യാപ്റ്റൻ’, ടീമിലെ സീനിയേഴ്സിൽ ചിലരും നായകഭാരത്തിന്റെ പാതി ഏറ്റെടുത്തിരുന്നു. പക്ഷേ, എഡ്ജ്ബാസ്റ്റണിൽ അതെല്ലാം തിരുത്തപ്പെട്ടു... എല്ലാം ശുഭ്മാന്റെ നിയന്ത്രണത്തിലായിരുന്നു. വൈസ് ക്യാപ്റ്റനായ ഋഷഭ് പന്തുമായി നിരന്തരം സംസാരിക്കുകയും കെ.എൽ. രാഹുലിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കുന്ന ശുഭ്മാനെയും കാണാമായിരുന്നു.

ധോനിയെപ്പോലെ ‘കൂൾ’ അല്ല ശുഭ്മാൻ, വിരാടിനെപ്പോലെ ആവേശഭരിതനുമല്ല... രോഹിതിനെപ്പോലെ നാടനുമല്ല... ശാന്തനാണ്, പക്ഷേ, ചിലസമയങ്ങളിൽ അസ്വസ്ഥനും. പക്ഷേ, അശാന്തിയുടെ വിത്തുകൾ ചുറ്റുമുള്ളവരിലേക്കെറിയുന്നില്ല. ഏറക്കുറെ ഇന്ത്യൻ മുൻനായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ശരീരഭാഷയോടടുത്തുനിൽക്കുന്നു ശുഭ്മാൻ. എന്നാൽ, അസഹ്റുദ്ദീനെക്കാൾ സംസാരപ്രിയനും. ഫീൽഡിൽ ബൗളർമാരുമായി നിരന്തരമുള്ള സംവാദങ്ങൾ...

പിച്ചിൽ പാളി

ജെയിംസ് ആൻഡേഴ്സണും സ്റ്റ്യുവർട്ട് ബ്രോഡും ഇല്ലാത്ത ഇംഗ്ലണ്ട് ബൗളിങ്നിര ദുർബലമാണെന്ന് അവർക്കുതന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ബൗളിങ്ങിനനുകൂലമായ പിച്ചായാൽ ജസ്‌പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസ് നിരയ്ക്കുമുന്നിൽ തകർന്നടിയുമെന്ന് അവർ കണക്കുകൂട്ടി. ജോറൂട്ടിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ്നിരയാണ് കരുത്ത് എന്ന് ഉറപ്പുള്ള അവർ ബാറ്റിങ് പിച്ചുകളാണ് ലീഡ്സിലും എഡ്ജ്ബാസ്റ്റണിലും ഒരുക്കിയത്. പക്ഷേ, എഡ്ജ്ബാസ്റ്റണിൽ രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യ അടിച്ചുകൂട്ടിയത് 1014 റൺസാണ്. ഇംഗ്ലണ്ട് 678 റൺസും. ലീഡ്സിൽ ഇന്ത്യ 835-ഉം ഇംഗ്ലണ്ട് 838-ഉം. ഇത്രയധികം റൺസ് ഇംഗ്ലണ്ട് പിച്ചുകളിൽ സ്‌കോർചെയ്യപ്പെടുന്നത് അപൂർവമാണ്.

ലീഡ്സ് ടെസ്റ്റിൽ സ്ലിപ്പിൽ നഷ്ടപ്പെടുത്തിയ ക്യാച്ചുകളായിരുന്നു ഇന്ത്യക്ക് ജയം നിഷേധിച്ചത്. നാല് ക്യാച്ചുകൾ വിട്ടുകളഞ്ഞ യശസ്വി ജയ്‌സ്വാളിനെ എഡ്ജ്ബാസ്റ്റണിൽ ഗള്ളിയിൽനിന്നും സ്ലിപ്പ് നിരയിൽനിന്നും മാറ്റി. ക്യാച്ചിൽ പരിശീലനം നന്നായി നടത്തി എന്നതിനുള്ള തെളിവായിരുന്നു രവീന്ദ്ര ജഡേജയുടെ പന്തിൽ ജോഷ് ടങ്ങിനെ പറന്നുപിടിച്ച സിറാജിന്റെ ക്യാച്ച്.

ബുംറയില്ലെങ്കിലും

ബുംറയില്ലെങ്കിൽ ഇന്ത്യൻ ബൗളിങ്നിര ദുർബലമാകുമെന്നു കരുതിയവർക്കും തെറ്റി. ആകാശ് ദീപും മുഹമ്മദ് സിറാജും ആ കുറവ് ടീമിനെ അറിയിച്ചതേയില്ല. ബൗളിങ് ക്രീസ് നന്നായി ഉപയോഗിച്ചുകൊണ്ട് ആങ്കിളുകൾ തീർത്ത് ആകാശ് ദീപ് എടുത്ത വിക്കറ്റുകൾ ഇന്ത്യൻ ടീമിനെത്തന്നെ ഞെട്ടിച്ചിരിക്കണം.

ഗില്ലിന്റെ റെക്കോഡുകൾ

ഇന്ത്യക്കായി ഒരു ടെസ്റ്റിൽ ഏറ്റവുമധികം റൺസെടുത്ത താരവും (430) നാനൂറ് റൺസോ അതിലധികമോ നേടുന്ന ആദ്യതാരവുമായി ശുഭ്മാൻ ഗിൽ

ഒരു ടെസ്റ്റ് ജയിക്കുന്ന ഇന്ത്യയുടെ നാലാമത്തെയുവനായകൻ (25 വയസ്സ്)

ഒരു ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ നായകൻ. വിരാട് കോലിയുടെ (293) റെക്കോഡ് ശുഭ്മാൻ മറികടന്നു (430).

ഗാവസ്‌കറിനുശേഷം ഒരു ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും നേടുന്ന ഇന്ത്യൻ താരമാണ് ശുഭ്മാൻ

ആദ്യടെസ്റ്റിൽ തോറ്റ ഇന്ത്യൻ ടീമിനെ മുന്നിൽനിന്നു നയിച്ച് വിജയത്തിലേക്കുകൊണ്ടുവന്ന ക്യാപ്റ്റനാണ് ശുഭ്മാൻ ഗിൽ. ഇന്ത്യൻ ക്രിക്കറ്റിന് ഇനി ശുഭദിനങ്ങളാകുമെന്ന പ്രതീക്ഷയാണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നൽകുന്നത്

ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഗില്ലിന്റേത് (269). ഗാവസ്‌കറുടെ 221 റൺസ് എന്ന റെക്കോഡാണ് തകർന്നത്.

Content Highlights: india trial triumph vs england shubman gill performance

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article