Published: December 25, 2025 02:17 PM IST
1 minute Read
ലണ്ടൻ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ മാറ്റണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയെ ഇംഗ്ലണ്ടിന്റെ പരിശീലകനാക്കണമെന്നാണ് പനേസറുടെ നിർദേശം. ആഷസ് ടെസ്റ്റിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട്, പരമ്പര കൈവിട്ട് നാണക്കേടിന്റെ വക്കിൽ നിൽക്കുകയാണ്. അടുത്ത രണ്ടു ടെസ്റ്റുകളിലും തിരിച്ചടി നേരിട്ടാൽ സമ്പൂർണ തോൽവിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. അതിനിടെയാണ് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ മാറ്റണമെന്ന മുറവിളി ഉയരുന്നത്.
ഇന്ത്യൻ ടീമിനെ 2018–19, 2020–21 വർഷങ്ങളിൽ ഓസ്ട്രേലിയയിൽ പരമ്പര വിജയികളാക്കാൻ പരിശീലകനായിരുന്ന രവി ശാസ്ത്രി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പനേസർ വ്യക്തമാക്കി. ‘‘ആർക്കാണ് ഓസ്ട്രേലിയയെ തോൽപിക്കാൻ സാധിക്കുകയെന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടത്. ഓസ്ട്രേലിയയുടെ ദൗർബല്യങ്ങളിൽനിന്ന് മാനസികമായും ഭൗതികമായും തന്ത്രപരമായും നേട്ടമുണ്ടാക്കുന്നതെങ്ങനെയാണ്? രവി ശാസ്ത്രി ഇംഗ്ലണ്ടിന്റെ അടുത്ത പരിശീലകനാകണമെന്നാണ് എന്റെ അഭിപ്രായം.’’– പനേസർ വ്യക്തമാക്കി.
ഇംഗ്ലണ്ട് തോറ്റതോടെ മക്കല്ലത്തിന്റെ ‘ബാസ് ബോൾ’ തന്ത്രത്തിനെതിരെ സ്വന്തം ആരാധകർ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളും തോറ്റാൽ മക്കല്ലത്തിന്റെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെൻ സ്റ്റോക്സിന്റേയും സ്ഥാനങ്ങൾ തുലാസിലാകും. തോൽവികൾക്കിടെ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരുക്കേറ്റ ജോഫ്ര ആര്‍ച്ചറിനും ഒലി പോപ്പിനും പകരം ജേക്കബ് ബെതലും ഗസ് അക്കിൻസനും ടീമിലെത്തി. അഡ്‍ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ 82 റണ്‍സിന്റെ വിജയമാണു സ്വന്തമാക്കിയത്.
English Summary:








English (US) ·