ബാർസ! വിന്റേജ് എഡിഷൻ; നാലു ഗോൾ വഴങ്ങി ഡോര്‍ട്ട്മുണ്ട് രക്ഷപെട്ടതാണ്!

9 months ago 8

മനോരമ ലേഖകൻ

Published: April 11 , 2025 10:37 AM IST

2 minute Read


ബാർസ താരങ്ങളായ ലമീൻ യമാലിന്റെയും (ഇടത്ത്) റഫീഞ്ഞയുടെയും ആഹ്ലാദം
ബാർസ താരങ്ങളായ ലമീൻ യമാലിന്റെയും (ഇടത്ത്) റഫീഞ്ഞയുടെയും ആഹ്ലാദം

ബാർസിലോന ∙ അടുത്ത വർഷം നവീകരണം പൂർത്തിയാകുമ്പോൾ എഫ്സി ബാർസിലോനയുടെ നൂകാംപ് സ്റ്റേഡിയം ഒരു ലക്ഷത്തിൽപ്പരം ഗാലറി ശേഷിയുള്ള യൂറോപ്പിലെ ആദ്യ ഫുട്ബോൾ സ്റ്റേഡിയമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അതിലും ആവേശകരമായൊരു ‘പ്രോജക്ട്’ ഇപ്പോൾ ക്ലബ്ബ് പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്– യൂറോപ്പിലെ ഏറ്റവും മികച്ച ടീം എന്ന നേട്ടം തിരിച്ചുപിടിക്കാനുള്ള യാത്ര! മെസ്സിയും ചാവിയും ഇനിയേസ്റ്റയുമെല്ലാം മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി ബാർസയുടെ പുതുനിര യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിലേക്ക് ഒരു കാൽ വച്ചു. ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ 4–0നാണ് ബാർസ തകർത്തു വിട്ടത്. 15ന് സ്വന്തം മൈതാനത്തു നടക്കുന്ന രണ്ടാം പാദത്തിൽ ‘മഹാദ്ഭുതം’ സംഭവിച്ചാലേ ഇനി ഡോർട്മുണ്ടിനു രക്ഷയുള്ളൂ. ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയ്ക്കെതിരെ 3–1 ജയവുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജിയും സെമിഫൈനൽ സാധ്യത സജീവമാക്കി. 15ന് വില്ലയുടെ മൈതാനത്താണ് രണ്ടാം പാദം. 

രക്ഷപ്പെട്ട് ‘ഡോർട്മുണ്ട്’താൽക്കാലിക ഹോംഗ്രൗണ്ടായ ഒളിംപിക് സ്റ്റേഡിയത്തിൽ പതിനേഴുകാരൻ ലമീൻ യമാൽ മുതൽ മുപ്പത്തിയാറുകാരൻ‍ റോബർട്ട് ലെവൻഡോവ്സ്കി വരെ മിന്നിക്കളിച്ച മത്സരത്തിലാണ് ഡോർട്മുണ്ടിനെതിരെ ബാർസയുടെ ഉജ്വല ജയം. കണിശമായ പാസുകളുമായി കളംനിറഞ്ഞ ബാർസയ്ക്കു മുന്നിൽ 4 ഗോളുകൾ മാത്രം വഴങ്ങി ‘രക്ഷപ്പെട്ടല്ലോ’ എന്ന് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡോർട്മുണ്ട് വരെ ആശ്വസിച്ചു പോകുന്ന പ്രകടനം. 25–ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് ഇനിഗോ മാർട്ടിനസ് ഹെഡ് ചെയ്തു നൽകിയ പന്ത് പൗ കുബാർസി നേരെ ഡോർട്മുണ്ട് ഗോളിലേക്കു തിരിച്ചുവിട്ടു. ഗോൾകീപ്പർ ഗ്രിഗർ കോബലിനെയും മറികടന്ന പന്ത് ഗോൾവര കടക്കും മുൻപ് ഒന്നു തൊടേണ്ട ജോലിയേ റഫീഞ്ഞയ്ക്കുണ്ടായിരുന്നുള്ളൂ. നേരിയ വ്യത്യാസത്തിന് ബ്രസീലിയൻ താരം ഓഫ്സൈഡിൽ നിന്നു രക്ഷപ്പെട്ടതോടെ ബാർസ മുന്നിൽ (1–0). 

ആദ്യ പകുതിയിൽ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട ഡോർട്മുണ്ടിനോട് ഇടവേളയ്ക്കു ശേഷം ബാർസ പക്ഷേ ഒരു ദയയും കാണിച്ചില്ല. 48–ാം മിനിറ്റിൽ യമാലും റാഫിഞ്ഞയും തലപ്പാകത്തിൽ ഒരുക്കി നൽകിയ പന്ത് ക്ലോസ് ഹെഡറിലൂടെ ഗോളിലെത്തിച്ച് ലെവൻഡോവ്സ്കി ബാർസയുടെ ലീ‍ഡുയർത്തി. 66–ാം മിനിറ്റിൽ യമാലിന്റെ പ്രതിരോധം പിളർത്തിയൊരു പാസിൽ നിന്ന് ഫെർമിൻ ലോപസ് കട്ട് ബായ്ക്ക് ചെയ്തു നൽകിയ പന്ത് നേരെ ഗോളിലേക്കു തിരിച്ചുവിട്ട് പോളണ്ട് സ്ട്രൈക്കറുടെ രണ്ടാം ഗോൾ. ബാർസയുടെ മുന്നേറ്റങ്ങൾക്കെല്ലാം ചരടു വലിച്ച യമാലിനു കിട്ടിയ അർഹിച്ച പ്രതിഫലമായിരുന്നു 77–ാം മിനിറ്റിൽ ടീമിന്റെ നാലാം ഗോൾ. റഫീഞ്ഞ നീട്ടിനൽകിയ പന്ത് ഒപ്പമോടിയ ഡിഫൻഡറെയും മുന്നോട്ടു കയറിയെത്തിയ ഗോൾകീപ്പറെയും കബളിപ്പിച്ച് ഉജ്വലമായൊരു ഫൈനൽ ടച്ചിൽ യമാൽ ഗോളിലെത്തിച്ചു. 

വില്ലയെ വീഴ്ത്തി പിഎസ്ജി പിഎസ്ജിയുടെ ഹോംഗ്രൗണ്ടിൽ അവരെ ഒന്നു വിറപ്പിച്ച ശേഷമാണ് ആസ്റ്റൻ വില്ല തോൽവി സമ്മതിച്ചത്. 35–ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ ഗോളിൽ വില്ല അപ്രതീക്ഷിതമായി മുന്നിലെത്തി. എന്നാൽ പത്തൊൻപതുകാരൻ ഡിസിയെ ദുവെയുടെ ഗോളിൽ നാലു മിനിറ്റിനകം പിഎസ്ജി ഒപ്പമെത്തി. കളിയിലെ ഏറ്റവും സുന്ദരനിമിഷമായി പിഎസ്ജിയുടെ ക്വിച്ച ക്വാറെറ്റ്സ്കെലിയയുടെ ഗോൾ പിറന്നത് 49–ാം മിനിറ്റിൽ. മധ്യവരയ്ക്കു തൊട്ടടുത്തുനിന്ന് ഇടതുപാർശ്വത്തിലൂടെ ഓടിക്കയറിയ ജോർജിയൻ താരം വില്ല ഡിഫൻഡർ അക്സൽ ഡിസാസിയെ അതിവേഗത്തിലുള്ള ഒരു വെട്ടിത്തിരിയലിൽ അടിപതറിച്ചു. പിന്നാലെ ഇടതുകാലിലേക്കു പന്ത് അനായാസേന മാറിയുള്ള ഷോട്ടിൽ അതുവരെ മികച്ച സേവുകളിലൂടെ വില്ലയെ കാത്ത ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നിസ്സഹായൻ. ഇൻജറി ടൈമിൽ (90+2) നുനോ മെൻഡസിന്റെ ഗോളും വന്നതോടെ രണ്ടാം പാദത്തിന് പിഎസ്ജിക്ക് കൂടുതൽ ആത്മവിശ്വാസമായി. 

ക്രിസ്റ്റ്യാനോയെ മറികടന്ന് ലെവൻ 35 വയസ്സിനു ശേഷം ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി റോബർട്ട് ലെവൻഡോവ്സ്കി (14 ഗോളുകൾ). ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മറികടന്നത് (12). ഈ സീസൺ ചാംപ്യൻസ് ലീഗിൽ 11 ഗോളുകളോടെ ടോപ് സ്കോറർ മത്സരത്തിൽ രണ്ടാമതുണ്ട് മുപ്പത്തിയാറുകാരൻ ലെവൻഡോവ്സ്കി. 12 ഗോളുകളോടെ സഹതാരം റഫീഞ്ഞയാണ് മുന്നിൽ.

English Summary:

Barcelona secures a spot successful the Champions League semi-finals with a resounding triumph implicit Dortmund. PSG besides advances aft defeating Aston Villa. Read astir the thrilling quarterfinal matches and Lewandowski's record-breaking performance.

Read Entire Article