Published: October 09, 2025 10:38 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കാനൊരുങ്ങുന്ന ആർ. അശ്വിന് ലഭിക്കുക വിഐപി പരിഗണന. പരിശീലന സമയത്ത് അശ്വിന് വേണ്ടി മാത്രം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സേവനമാണ് സിഡ്നി തണ്ടേഴ്സ് ടീം ഏർപ്പെടുത്തിയിരിക്കുന്നത്. ഒളിംപിക് അരീന ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ആരാധകർ അശ്വിനു പിന്നാലെ കൂടാൻ സാധ്യതയുള്ളത് മുൻകൂട്ടി കണ്ടാണ് ബിഗ് ബാഷ് ടീമിന്റെ മുൻകരുതൽ നടപടി. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷമാണ് ആർ. അശ്വിൻ സിഡ്നി തണ്ടേഴ്സിൽ കളിക്കാനൊരുങ്ങുന്നത്.
തണ്ടേഴ്സിനൊപ്പമുള്ള യാത്രകളും അനുഭവങ്ങളും സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നതിനായി പ്രത്യേക സ്റ്റാഫിനെയും അശ്വിൻ ഒപ്പം കൊണ്ടുപോകും. ഇൻസ്റ്റഗ്രാമിൽ 5.3 മില്യൻ പേരും യുട്യൂബിൽ 1.75 മില്യൻ സബ്സ്ക്രൈബേഴ്സും അശ്വിനുണ്ട്. കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയുടെ സമയത്ത് ഇന്ത്യൻ ടീമിന്റെ പരിശീലനം കാണാൻ മാത്രം അയ്യായിരത്തിലേറെ ക്രിക്കറ്റ് ആരാധകർ അഡ്‍ലെയ്ഡ് ഓവലിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇത്രയേറെ ആരാധകരെത്തിയതു കാരണം സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നങ്ങളുമുണ്ടായി.
തുറന്ന മൈതാനത്താണ് സിഡ്നി തണ്ടേഴ്സ് ടീം പരിശീലിക്കുന്നത്. ഇവിടെ അശ്വിൻ കളിക്കാൻ വരുമ്പോൾ ഇന്ത്യൻ ആരാധകരും അതു കാണാനെത്തുമെന്ന് ഉറപ്പാണ്. ഇതു സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അശ്വിന്റെ വരവിനെ ബിഗ് ബാഷ് ലീഗിലെ ഏറ്റവും വലിയ സൈനിങ് എന്നാണ് സിഡ്നി തണ്ടേഴ്സ് ജനറൽ മാനേജര്‍ ട്രെന്റ് കോപ്‍ലാൻഡ് വിശേഷിപ്പിച്ചത്. ഇന്ത്യൻ താരത്തിനു വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്നും സിഡ്നി ജനറൽ മാനേജർ വ്യക്തമാക്കി.
English Summary:








English (US) ·