
ഡോ. ബിജു, അലെജാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു | Photo; Mathrubhumi, AFP
സിനിമയിൽ ആകാശത്തിനുപോലും അതിരുകളില്ല. അമേരിക്കയിലെ ചലച്ചിത്രമേളയിൽ പ്രശസ്തനായ ഹോളിവുഡ് മെക്സിക്കൻ സംവിധായകൻ അലെജാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റുവിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഡോ. ബിജു.
പർവതനഗരത്തിലെ മേള
ടെല്ലുറിഡെ വളരെ മനോഹരമായ ഒരു പർവത നഗരമാണ്. ഇവിടെ സിനിമ കാണാൻ ക്ഷണിക്കപ്പെട്ട അതിഥികളടക്കം ആരായാലും ക്യൂനിന്ന് മാത്രമേ സിനിമ കാണാൻ സാധിക്കൂ. സ്വന്തം സിനിമ പ്രദർശിപ്പിക്കുമ്പോൾ മാത്രം സംവിധായകനും സാങ്കേതിക പ്രവർത്തകർക്കും ക്യൂ നിൽക്കാതെ അകത്തുകയറാം. അല്ലെങ്കിൽ എത്ര വലിയ പ്രശസ്തനായാലും ക്യൂനിന്നുവേണം സിനിമ കാണാൻ.
വീട്ടിലേക്കുള്ള വഴിയുടെ പ്രദർശനം കഴിഞ്ഞുള്ള ഒരുദിവസം വൈകീട്ട് ടെല്ലുറിഡെയിലെ തണുപ്പുള്ള കാലാവസ്ഥയിൽ ഞാൻ ഒരു സിനിമ കാണുന്നതിനായി നീണ്ട ക്യൂവിൽ നിൽക്കുകയായിരുന്നു. പെട്ടന്നൊരാൾ ക്യൂവിലെത്തി നിൽക്കുന്നത് കണ്ടു. ആളെക്കണ്ട് നല്ല പരിചയം. അതാരാണെന്ന് ഞാൻ എന്റെ സഹായത്തിനായി ഫെസ്റ്റിവൽ നിയോഗിച്ചിരുന്ന ഹോസ്റ്റ് ഗസിനോട് ചോദിച്ചു. അത് പ്രശസ്തനായ ഹോളിവുഡ് മെക്സിക്കൻ സംവിധായകൻ ഇനാരിറ്റുവാണ് എന്ന് ഗസ് മറുപടി നൽകി. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ആ നിൽക്കുന്നത്, അലെജാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു. കാൻ ഫെസ്റ്റിവൽ, ബാഫ്റ്റ അവാർഡ്, ഒസ്കാർ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ. ബാബേൽ അമോരെസ് പെരോസ്, 21 ഗ്രാംസ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ എന്റെ പ്രിയ സിനിമകളുടെ കൂട്ടത്തിൽപ്പെട്ടവയാണ്. എനിക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമെന്ന് ഗസിനോട് പറഞ്ഞു. ഗസ് എന്നെയുംകൂട്ടി ഇനാരിറ്റുവിന്റെ അടുത്തെത്തി എന്നെ പരിചയപ്പെടുത്തി.
തണുത്ത സന്ധ്യയും ചൂട് കോഫിയും
ഇനാരിറ്റു ഫെസ്റ്റിവലിലേക്ക് അന്നുരാവിലെ എത്തിയതേയുള്ളൂ. അല്പനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിങ്ങളുടെ സിനിമയുടെ സിനോപ്സിസ് എനിക്കിഷ്ടപ്പെട്ടു. സിനിമ കാണണം എന്നുണ്ട്. പക്ഷേ, സ്ക്രീനിങ് കഴിഞ്ഞല്ലോ. നിങ്ങളുടെ കൈയിൽ ഡിവിഡി ഉണ്ടെങ്കിൽ ഒരെണ്ണം തരൂ. ഞാൻ പിന്നീട് കണ്ടുകൊള്ളാം.’ ഞാൻ എന്റെ കൈയിലുണ്ടായിരുന്ന ഡിവിഡി നൽകി. അതിനിടെ സിനിമ കാണുന്നതിനുള്ള ക്യൂ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങൾക്ക് കടക്കാൻ ആവുന്നതിനുമുമ്പ് തിയേറ്റർ നിറഞ്ഞു. ‘ഏതായാലും സിനിമകാണാൻ പറ്റിയില്ല, ബിജുവിന് തിരക്കില്ലെങ്കിൽ വരൂ നമുക്ക് ഒന്ന് നടക്കാം. ഒപ്പം കോഫി ഷോപ്പിൽപോയി ഒരു ചായകുടിക്കുകയും ചെയ്യാം.’ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു സംവിധായകൻ ഒപ്പം നടക്കാനും ഒരു കോഫികുടിക്കാനും ക്ഷണിക്കുകയെന്നത് സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്.
തിയേറ്ററിൽനിന്ന് നഗരംവരെ നേർത്ത മഞ്ഞിലൂടെ ആ സന്ധ്യയിൽ ഞാൻ അലെജാന്ദ്രേയോടൊപ്പം നടന്നു. വ്യക്തിപരമായ കാര്യങ്ങളും സിനിമാ സംബന്ധിയായ ചർച്ചകളുമൊക്കെയായി സായാഹ്ന നടത്തം. ടൗണിലെത്തിയപ്പോൾ ഒരു ചെറിയ കോഫീഷോപ്പിൽ കയറി ഞങ്ങൾ ഒപ്പം ഒരു കോഫി കഴിച്ചു. ഇനാരിറ്റു ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ല. ഇന്ത്യയും കേരളവും സന്ദർശിക്കാനുള്ള താത്‌പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. പിരിയാൻനേരം അദ്ദേഹം പറഞ്ഞു. ഇ-മെയിലിൽ ബന്ധപ്പെടാം, സിനിമ കണ്ടശേഷം എഴുതാം. പിന്നെ എന്നെ ചേർത്തുനിർത്തി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘ധൈര്യമായി മുമ്പോട്ടു പോകുക, സിനിമയിൽ ആകാശത്തിനുപോലും അതിരുകളില്ല. യൂ കാൻ മേക്ക് വണ്ടേഴ്സ്.’
ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസമായിരുന്നത്. ‘വീട്ടിലേക്കുള്ള വഴി’ കണ്ടശേഷം അദ്ദേഹം മെയിൽ അയച്ചിരുന്നു. പിന്നീട് ഇടയ്ക്കിടെ ഇ-മെയിലിൽ പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുമായിരുന്നു.
മറ്റാരും അറിയാത്തൊരു മെയിൽ
2018 ജൂലായിൽ, നീണ്ട ഇടവേളയ്ക്കുശേഷം അലെജാന്ദ്രോയുടെ അപ്രതീക്ഷിത മെയിൽ. നമ്മൾ രണ്ടുപേരും അല്ലാതെ മറ്റാരും അറിയരുത് എന്ന ആമുഖത്തോടെയാണ് അദ്ദേഹം കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് അനുയോജ്യനായ ഒരു ഇന്ത്യൻ അഭിനേതാവിനെ തേടുകയാണ്. കഥാപാത്രത്തിന്റെ രൂപത്തെ സംബന്ധിച്ച വിശദാംശങ്ങൾ നൽകി. അതിനോട് സാമ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് കാസ്റ്റ് ചെയ്യാനായി നിർദേശിക്കണം എന്നതായിരുന്നു ആവശ്യം. ലോക സിനിമയിലെ പ്രശസ്ത സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയിൽ ഒരു കഥാപാത്രത്തെ കാസ്റ്റ് ചെയ്യുന്നതിനായി എന്റെ സഹായം ആവശ്യപ്പെടുന്നുവെന്നത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒന്നായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ മലയാള സിനിമയിൽനിന്ന് ഏതാനും പേരുകൾ അദ്ദേഹത്തിന് നിർദേശിച്ചു. എന്നാൽ എന്തുകൊണ്ടോ ആ സിനിമയുടെ പദ്ധതി അദ്ദേഹം പിന്നീട് ഉപേക്ഷിച്ചു. ഇപ്പോഴും അദ്ദേഹവുമായി ഇടയ്ക്കുള്ള മെയിലുകൾ തുടരുന്നുമുണ്ട്. ഇനാരിറ്റുവിനെ പരിചയപ്പെട്ടത് ഇന്നും മുമ്പോട്ടുള്ള പോക്കിന് വലിയ ആത്മവിശ്വാസം നൽകുന്നു. ആ വാക്കുകൾ ഇപ്പോഴും ആപ്തവാക്യമായി മനസ്സിലുണ്ട്... ‘യൂ കാൻ മേക്ക് വണ്ടേഴ്സ്...’
Content Highlights: Director Dr. Biju Meets Alejandro González Iñárritu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·