25 June 2025, 08:52 AM IST

JSK എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ പ്രദർശനാനുമതി വൈകിക്കുന്നതിനെതിരേ ‘ജെഎസ്‌കെ-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ അണിയറപ്രവർത്തകർ നിയമപോരാട്ടത്തിന്. പ്രദർശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. കോസ്മോ എന്റർടെയിനിങ് ഫയൽചെയ്ത ഹർജി ബുധനാഴ്ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.
ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂൺ 27-നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.
കാരണംപോലും പറയാതെയാണ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കഥ സിനിമയാക്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിലും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് വാക്കാൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, അങ്ങനെ ചെയ്യണമെങ്കിൽ ഇനി കോടിക്കണക്കിന് രൂപയുടെ ചെലവും സമയനഷ്ടവും നേരിടേണ്ടിവരുമെന്ന് പ്രവീൺ പറഞ്ഞു.
ബോർഡ് ഇതുവരെ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് നൽകാത്തതിനാൽ സിനിമയുടെ റിലീസ് സംബന്ധിച്ച് ഏറെ ആശങ്കയിലാണെന്നും പ്രവീൺ പറഞ്ഞു. ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ ബിജെപിക്കാരനാണ്. അദ്ദേഹം കാണാത്ത എന്താണ് ബോർഡ് കണ്ടതെന്ന് അറിയില്ല. നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകൂവെന്നാണ് ചിത്രത്തിലെ നായകനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞതെന്നും പ്രവീൺ പറഞ്ഞു.
നിർമാതാവ് ജെ. ഫണീന്ദ്രകുമാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: JSK-Janaki vs State of Kerala movie faces ineligible conflict aft censorship delays release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·