11 May 2025, 02:55 PM IST

വിരാട് കോലി | Photo: AFP
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിരാട് കോലി. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് കോലിയും വിരമിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ കോലിയുടെ നിലപാട് ബോര്‍ഡിനെ പ്രസിന്ധിയിലാക്കുന്നുമുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തില്‍ സൂപ്പര്‍താരം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വിരമിക്കാനുള്ള തീരുമാനം കോലി സെലക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ താരം കളിക്കണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വർത്തമാനകാല ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻതാരമായ കോലികൂടി ഇംഗ്ലണ്ട് പര്യടനത്തിലില്ലെങ്കിൽ പ്രതിസന്ധിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഹിത് ശർമ വിരമിച്ചതോടെ യുവക്യാപ്റ്റന് കീഴിലാകും ഇന്ത്യ ടെസ്റ്റിൽ കളിക്കാൻപോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കോലിയുടെ പരിചയസമ്പത്തുകൂടി നഷ്ടമായാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം നിലവിൽ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.
ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.
Content Highlights: virat kohli bcci petition re-evaluate trial status decision








English (US) ·