മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം ബിസിസിഐയിൽ നേതൃമാറ്റം നടക്കാനിരിക്കെയാണ് സൂപ്പർ താരത്തിന്റെ പേര് ചർച്ചകളിൽ ഉയർന്നത്. പ്രസിഡന്റായിരുന്ന റോജർ ബിന്നി രാജിവച്ച ഒഴിവിലേക്കാണ് നിയമനം. നിലവിൽ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന വിവരം താരത്തെ അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി അനൗദ്യോഗിക ചർച്ചകൾ നടന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുതിർന്ന രാഷ്ട്രീയ നേതാവാണ് താരവുമായി ചർച്ച നടത്തിയതെന്നും വിവരമുണ്ട്. എന്നാൽ താരത്തിന്റെ പ്രതികരണം സംബന്ധിച്ച് വ്യക്തതയില്ല.
സെപ്റ്റംബർ അവസാന ആഴ്ചയിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ (എജിഎം) പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ഐപിഎൽ ചെയർമാൻ എന്നിവരുൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. കായിക സംഘടനകളിൽ അതതു മേഖലകളിൽനിന്നുള്ളവരുടെ തന്നെ പ്രാതിനിധ്യം വർധിപ്പിക്കുന്നതാണ് നിലവിൽ കേന്ദ്രസർക്കാർ നയം. മുൻ സ്പ്രിന്റർ പി.ടി.ഉഷയാണ് നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്.
അതിനാൽ തന്നെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ക്രിക്കറ്റ് താരം തന്നെ വരാനാണ് സാധ്യത. 2022ൽ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്കു പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്. വാർഷിക പൊതുയോഗത്തിൽ, തിരഞ്ഞെടുപ്പിലേക്കു പോകാതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനാണ് ബിസിസിഐയുടെ ശ്രമം.
മുൻ ഇന്ത്യൻ ക്രിക്കറ്ററായ റോജർ ബിന്നിക്ക് ജൂലൈ 19നു 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് അവസാനം സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസ്സാണ്. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ സ്പോർട്സ് ഗവേണൻസ് നിയമപ്രകാരം ഫെഡറേഷനുകളുടെ ഭാരവാഹികൾക്ക് 75 വയസ്സുവരെ തുടരാം.
നിയമം പ്രാബല്യത്തിലാകാൻ വൈകിയാൽ ബിന്നി പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതു ബിസിസിഐയ്ക്കു നേരേ നിയമനടപടിക്കു വഴിയൊരുക്കിയേക്കും. അതിനാലാണ് രാജിയെന്നു പറയപ്പെടുന്നു. അറുപത്തിയഞ്ചുകാരനായ രാജീവ് ശുക്ല 2020 മുതൽ ബിസിസിഐ വൈസ് പ്രസിഡന്റാണ്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അടുത്ത ബിസിസിഐ വാർഷിക പൊതുയോഗം (എജിഎം) വരെ ബോർഡിന്റെ ദൈനംദിന കാര്യങ്ങൾ രാജീവ് ശുക്ല കൈകാര്യം ചെയ്യും.
English Summary:








English (US) ·