Published: September 11, 2025 07:41 PM IST Updated: September 11, 2025 07:52 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ പരിഗണിക്കുന്നെന്ന റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ മാനേജ്മെന്റ് കമ്പനി. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നും സച്ചിന്റെ മാനേജ്മെന്റ് കമ്പനിയായ എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.
‘‘സച്ചിൻ തെൻഡുൽക്കറെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും നാമനിർദേശം ചെയ്തതായും ചില റിപ്പോർട്ടുകളും കിംവദന്തികളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമായി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അടിസ്ഥാനരഹിതമായ ഇത്തരം ഊഹാപോഹങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.”– മാനേജ്‌മെന്റ് കമ്പനി വ്യക്തമാക്കി.
സെപ്റ്റംബർ 28ന് ബിസിസിഐയുടെ വാർഷിക പൊതുയോഗം (എജിഎം) നടക്കാനിരിക്കെയാണ് വിശദീകരണം. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി അനൗദ്യോഗിക ചർച്ചകൾ നടന്നെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. മുതിർന്ന രാഷ്ട്രീയ നേതാവാണ് താരവുമായി ചർച്ച നടത്തിയതെന്നും വിവരമുണ്ടായിരുന്നു. ഇതോടെയാണ് സച്ചിന്റെ പേര് ചർച്ചകളിൽ നിറഞ്ഞത്. ഇതാണ് ഇപ്പോൾ താരത്തിന്റെ മാനേജ്മെന്റ് കമ്പനി നിഷേധിച്ചിരിക്കുന്നത്.
ബോർഡ് പ്രസിഡന്റ്, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ എന്നിവയടക്കമുള്ള സ്ഥാനങ്ങളിലേക്ക് വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റായിരുന്ന റോജർ ബിന്നി രാജിവച്ചതോടെയാണ് പ്രസിഡന്റ് സ്ഥനത്തേയ്ക്ക് ഒഴിവുവന്നത്. നിലവിൽ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്. ഐപിഎൽ ചെയർമാൻ സ്ഥാനത്ത് ആറു വർഷം പൂർത്തിയാക്കിയ അരുൺ ധുമലും ഒഴിയേണ്ടി വന്നേക്കും. മുൻ ഇന്ത്യൻ ക്രിക്കറ്ററായ റോജർ ബിന്നിക്ക് ജൂലൈ 19നു 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് അവസാനം സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസ്സാണ്. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്
ഭരണസമിതിയിൽ മറ്റു വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ജയ് ഷാ ഐസിസി ചെയർമാനയതോടെ പകരക്കാരനായ ദേവജിത് സൈകിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേയ്ക്കു തുടർന്നേക്കും. റോഹൻ ഗൗൺസ് ദേശായി ജോയിന്റ് സെക്രട്ടറിയായും പ്രഭ്തേജ് ഭാട്ടിയ ട്രഷററായും തുടരും. 2022ൽ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്കു പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്. വാർഷിക പൊതുയോഗത്തിൽ, തിരഞ്ഞെടുപ്പിലേക്കു പോകാതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനാണ് ബിസിസിഐയുടെ ശ്രമം.
കായിക സംഘടനകളിൽ അതതു മേഖലകളിൽനിന്നുള്ളവരുടെ തന്നെ പ്രാതിനിധ്യം വർധിപ്പിക്കുന്നതാണ് നിലവിൽ കേന്ദ്രസർക്കാർ നയം. മുൻ സ്പ്രിന്റർ പി.ടി.ഉഷയാണ് നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്. അതിനാൽ തന്നെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ക്രിക്കറ്റ് താരം തന്നെ വരാനാണ് സാധ്യത.മത്സരത്തിനില്ലെന്ന് സച്ചിൻ പ്രഖ്യാപിച്ചതോടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരു വരുമെന്നതിൽ ആകാംക്ഷയേറി.
English Summary:








English (US) ·