01 April 2025, 06:28 PM IST

Photo: PTI, AFP
മുംബൈ: ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ തവണ കരാറില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യര്‍ പുതിയ കരാറില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന എ പ്ലസ് വിഭാഗത്തില്‍ തന്നെ ഉള്‍പ്പെട്ടേക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു കോടി രൂപയാണ് എ പ്ലസ് വിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കുക. കരാര്‍ സംബന്ധിച്ച് ബിസിസിഐക്കുള്ളില്‍ തന്നെ ധാരണയായതായും റിപ്പോര്‍ട്ടിലുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തുന്നത് തന്നെയാണ് പ്രധാന കാര്യം. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന് ശ്രേയസ് അയ്യര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്ന് പുറത്തായ ഇഷാന്‍ കിഷനെ ഇത്തവണയും കരാറില്‍ പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സമീപകാലത്ത് ഇന്ത്യയ്ക്കായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത അക്ഷര്‍ പട്ടേലിന് കരാറില്‍ സ്ഥാനക്കയറ്റം ലഭിക്കും. വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് ഇത്തവണ കരാര്‍ ലഭിക്കും.
2024-ലെ വാര്‍ഷിക കരാര്‍ പ്രകാരം രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് വിഭാഗത്തിലുള്ളത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് വിഭാഗത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ബി വിഭാഗത്തിലുള്ള യശസ്വി ജയ്സ്വാളിനും അക്ഷര്‍ പട്ടേലിനും എ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും.
Content Highlights: Shreyas Iyer returns to BCCI yearly contracts; Kohli & Rohit clasp A+ status








English (US) ·