Published: January 06, 2026 02:39 PM IST
1 minute Read
ധാക്ക∙ ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ കാര്യത്തിൽ ബിസിസിഐയുമായി ചർച്ചകൾക്കില്ലെന്നു തുറന്നുപറഞ്ഞ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയില്‍ അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലദേശ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ബംഗ്ലദേശ് നിലപാടു വ്യക്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണു നടക്കുന്നത്. പാക്ക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക്ക് ബോർഡ് തീരുമാനിച്ചതോടെയാണ് പാക്കിസ്ഥാന്റെ കളികൾ ശ്രീലങ്കയിൽ നടത്താൻ ധാരണയായത്.
എന്നാല്‍ ഐപിഎലിൽനിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെയാണ്, താരങ്ങളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലദേശ് ബോർഡ് തീരുമാനിച്ചത്. ഇന്ത്യയിൽ താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നായിരുന്നു ബിസിബി കാരണമായി ചൂണ്ടിക്കാട്ടിയത്. ‘‘ബംഗ്ലദേശ് ബോർഡ് എല്ലാ ഡയറക്ടർമാരെയും വിളിച്ചുകൂട്ടി രണ്ടു യോഗങ്ങൾ നടത്തിയ ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് കളിക്കാൻ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്.’’– ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‍ലാം പ്രതികരിച്ചു.
‘‘ഞങ്ങൾ ഐസിസിക്ക് ഇ മെയിൽ അയച്ചു. ഞങ്ങൾക്കു പറയാനുള്ളതെല്ലാം അതിലുണ്ട്. സുരക്ഷ എന്നത് ബംഗ്ലദേശിന്റെ കാര്യത്തിൽ പ്രധാന ആശങ്കയാണ്. ഐസിസി പ്രതിനിധികളെ നേരിൽ കണ്ടും ഞങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കും. ഐസിസിയുടെ പ്രതികരണം അനുസരിച്ചാകും ബംഗ്ലദേശിന്റെ അടുത്ത നീക്കം. ബംഗ്ലദേശ് ബിസിസിഐയുമായി ഒരു ഇടപാടിനും ഇല്ല. കാരണം ലോകകപ്പ് ഐസിസി നടത്തുന്നതാണ്. പറയാനുള്ളത് അവരോടു പറയും.’’– അമിനുൽ ഇസ്‌ലാം വ്യക്തമാക്കി.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളാണ് ബംഗ്ലദേശിന് ഇന്ത്യയിൽ കളിക്കാനുള്ളത്. അതിൽ മൂന്നും കൊൽക്കത്തയിലാണ്. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരായാണ് ആദ്യ പോരാട്ടം. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ ടീമുകൾക്കെതിരെയാണ് ബംഗ്ലദേശിന്റെ മറ്റു മത്സരങ്ങൾ. മത്സരങ്ങൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റുമ്പോള്‍ ഭാരിച്ച ചെലവാണ് സംഘാടകർക്കു വഹിക്കേണ്ടിവരുക. എങ്കിലും ബംഗ്ലദേശിന്റെ ആവശ്യം ഐസിസി പരിഗണിക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
English Summary:








English (US) ·