‘ബിഹാറിന്റെ സ്വന്തം’ വൈഭവിനെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; റെക്കോർഡ് സെഞ്ചറിക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു

8 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 29 , 2025 05:08 PM IST

1 minute Read

വൈഭവ് സൂര്യവംശി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം (നിതീഷ് കുമാർ പങ്കുവച്ച ചിത്രം)
വൈഭവ് സൂര്യവംശി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം (നിതീഷ് കുമാർ പങ്കുവച്ച ചിത്രം)

ജയ്പുർ∙ പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ചറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. രാജസ്ഥാൻ റോയൽസിനായി വൈഭവ് തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെയാണ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ സെഞ്ചറി തികച്ച വൈഭവ്, ഐപിഎലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറി, ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ്, വൈഭവിന് നിതീഷ് കുമാർ 10 ലക്ഷം രൂപ പ്രഖ്യാപിച്ചത്.

2024ൽ വൈഭവ് സൂര്യവംശിക്കൊപ്പം പകർത്തിയ ഫോട്ടോ സഹിതമാണ് നിതീഷ് കുമാറിന്റെ പോസ്റ്റ്. വൈഭവ് അധികം വൈകാതെ ഇന്ത്യൻ ടീമിനായി കളിക്കുമെന്ന പ്രതീക്ഷയും നിതീഷ് കുമാർ പങ്കുവച്ചിട്ടുണ്ട്. ബിഹാറിലെ സമസ്തിപുർ സ്വദേശിയാണ് വൈഭവ്. യുവതാരത്തിന്റെ സെഞ്ചറിക്കരുത്തിൽ, ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 25 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി രാജസ്ഥാൻ മറികടന്നിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചത്. 2024 ജനുവരിയിലാണ് വൈഭവ് ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. അന്ന് വൈഭവിന് 12 വയസും 284 ദിവസവുമായിരുന്നു പ്രായം.

आई॰पी॰एल॰ के इतिहास में सबसे कम उम्र (14 साल) में शतक लगाने वाले खिलाड़ी बने बिहार के श्री वैभव सूर्यवंशी को बधाई एवं शुभकामनाएं। वे अपनी मेहनत और प्रतिभा के बलबूते भारतीय क्रिकेट की एक नई उम्मीद बन गए हैं। सभी को उन पर गर्व है। श्री वैभव सूर्यवंशी एवं उनके पिता जी से वर्ष 2024… pic.twitter.com/n3UmiqwTBX

— Nitish Kumar (@NitishKumar) April 29, 2025

‘‘ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ബിഹാറിന്റെ വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങളും ആശംസകളും. തന്റെ കഠിനാധ്വാനവും കഴിവും കൈമുതലാക്കി ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷയായി അദ്ദേഹം മാറിയിരിക്കുന്നു. എല്ലാവർക്കും വൈഭവിനെ ഓർത്ത് അഭിമാനം മാത്രം. 2024ൽ വൈഭവിനെയും പിതാവിനെയും ഞാൻ നേരിട്ടു കണ്ടിരുന്നു. അന്നും ശുഭകരമായ ഭാവി ആശംസിച്ചാണ് പിരിഞ്ഞത്’ – നിതീഷ് കുമാർ കുറിച്ചു.

‘‘ഐപിഎലിലെ തകർപ്പൻ പ്രകടനത്തിനു ശേഷവും വൈഭവിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മാനമായി വൈഭവിന് 10 ലക്ഷം രൂപ കൂടി പ്രഖ്യാപിക്കുന്നു. ഭാവിയിൽ ഇന്ത്യൻ ജഴ്സിയിലും വൈഭവ് പുതിയ റെക്കോർഡുകൾ കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – നിതീഷ് എഴുതി.

English Summary:

Bihar CM announces Rs 10 lakh for Vaibhav Suryavanshi aft IPL 2025 century

Read Entire Article