ന്യൂഡല്‍ഹി: നൃത്തസംവിധായക ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹല്‍. ചാറ്റ് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റിനിടെയാണ് ചാഹല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ധനശ്രീ വര്‍മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ ശക്തമായതോടെ ചാഹലിന്റെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 20-ാം തീയതി ബാന്ദ്ര കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ക്കിടെ ഒരിക്കല്‍ കോടതിയിലെത്തിയ ചാഹല്‍ ധരിച്ച ടീഷര്‍ട്ടിലെ 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്ന വാചകം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ഇത് ധനശ്രീക്കുള്ള സന്ദേശമാണെന്ന് അന്നുതന്നെ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അത് ശരിയായിരുന്നവെന്ന് ചാഹല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
''എനിക്ക് എന്തെങ്കിലും നാടകം കളിക്കാന്‍ താത്പര്യമില്ലായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ ടീഷര്‍ട്ടിലൂടെ പറഞ്ഞു. മറുവശത്തു നിന്ന് ഒരു കാര്യം സംഭവിച്ചു. ആദ്യം പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു കാര്യം സംഭവിച്ചു. അതോടെ ആരെയും ഒന്നും കാര്യമാക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ആരെയും അധിക്ഷേപിച്ചില്ല, എന്റെ സന്ദേശം അറിയിക്കുക മാത്രമായിരുന്നു ഉദ്ദേശം.'' - ചാഹല്‍ പറഞ്ഞു.
അന്ന് കോടതിയിലെത്തുമ്പോള്‍ ടീഷര്‍ട്ടിന് മുകളില്‍ ജാക്കറ്റും ധരിച്ചാണ് ചാഹല്‍ വന്നത്. പിന്നീട് കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ജാക്കറ്റ് മാറ്റിയത്. ഇതോടെയാണ് ടീഷര്‍ട്ടിലെ വാചകവും ശ്രദ്ധിക്കപ്പെട്ടത്. പണത്തിനോ സമ്മാനങ്ങള്‍ക്കോ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വതന്ത്രനായ ഒരാളെ സൂചിപ്പിക്കാനാണ് 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്ന വാചകം ഉപയോഗിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചാഹല്‍ ധനശ്രീക്ക് നല്‍കേണ്ട ജീവനാംശ തുകയെക്കുറിച്ച് അപ്പോള്‍ വലിയ ചര്‍ച്ചയുണ്ടായിരുന്നു. ഇതാണ് ചാഹല്‍ ലക്ഷ്യമിട്ടതെന്നും അന്ന് വ്യാഖ്യാനുമുണ്ടായി.
2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. രണ്ടുവര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവരും കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഡിവോഴ്സ് ഫയല്‍ ചെയ്തത്. 2022 ജൂണ്‍ മുതല്‍ തന്നെ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
വിവാഹമോചനത്തിന് നിര്‍ബന്ധമായ ആറുമാസത്തെ കൂളിങ് ഓഫ് സമയം ചാഹലിന്റേയും ധനശ്രീയുടേയും കേസില്‍ ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 4.75 കോടി രൂപയാണ് ചാഹല്‍ ധനശ്രീക്ക് ജീവനാംശമായി നല്‍കേണ്ടത്. ഇതില്‍ 2.37 കോടി നേരത്തെ തന്നെ നല്‍കിയിരുന്നു.
Content Highlights: Yuzvendra Chahal reveals his `Be Your Own Sugar Daddy` t-shirt was a connection to Dhanashree Verma








English (US) ·