19 July 2025, 07:42 PM IST

Photo: AP
മാഞ്ചെസ്റ്റര്‍: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിര്‍ണായകമായ ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ബുംറയുടെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ബുംറ കളിച്ചില്ലെങ്കില്‍ പകരം അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നാണ് രഹാനെയുടെ അഭിപ്രായം. വൈറ്റ്ബോൾ ഫോർമാറ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.
'ബുംറ കളിക്കുന്നില്ലെങ്കിൽ ആ സ്ഥാനത്ത് വരേണ്ടത് അർഷ്ദീപ് ആണ്. കാരണം ഇംഗ്ലണ്ടിൽ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിവുള്ള ഒരു ഇടംകൈയ്യൻ പേസറെ ആവശ്യമുണ്ട്. അതിനാൽ ബുംറ കളിക്കുന്നില്ലെങ്കിൽ അടുത്ത മത്സരത്തിൽ അർഷ്ദീപ് കളിക്കണം.'- രഹാനെ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
'വിക്കറ്റിന്റെ അവസ്ഥ അനുസരിച്ച് കുൽദീപ് കളിക്കണമെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലേതിന് സമാനമായ വിക്കറ്റാണെങ്കിൽ കുൽദീപ് കളിക്കണം. കാരണം വിക്കറ്റുകൾ നേടാൻ കഴിവുള്ളവരെ ആവശ്യമുണ്ട്. ബാറ്റർമാർ നന്നായി കളിക്കുന്നുണ്ട്. ഒരു 25-30 റൺസ് കുറഞ്ഞാലും കുഴപ്പമില്ല. പക്ഷേ, വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള ആളുകളെ വേണം. എല്ലാ സമയത്തും പ്രധാന പേസ് ബൗളർമാരെ മാത്രം ആശ്രയിക്കാൻ കഴിയില്ല.'
അതേസമയം കഴിഞ്ഞദിവസം പരിശീലനത്തിനിടെ അർഷ്ദീപിന് പരിക്കേറ്റതുമായി ബന്ധപ്പെട്ടും രഹാനെ പ്രതികരിച്ചു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് നോക്കേണ്ടതുണ്ട്. തുന്നലുകൾ ആവശ്യമുണ്ടോ ഇല്ലയോ എന്നത് നിർണായകമാണ്. അതിനനുസരിച്ചായിരിക്കും അടുത്ത ദിവസങ്ങളിലെ ഇന്ത്യയുടെ പദ്ധതികൾ. - രഹാനെ കൂട്ടിച്ചേർത്തു.
Content Highlights: jasprit Bumrahs Replacement Ajinkya Rahane response








English (US) ·