ആദ്യന്തം ആവേശകരമായ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അവസാന അങ്കത്തിന് വ്യാഴാഴ്ച (ജൂലായ് 31) തെക്കന്‍ ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ ആതിഥേയര്‍ ഒന്നിനെതിനെതിരെ രണ്ടു വിജയങ്ങള്‍ക്ക് മുന്നിലാണ്. എങ്കിലും ടീമുകള്‍ ശക്തിദൗര്‍ബല്യങ്ങളില്‍ ഏറെക്കുറെ തുല്യര്‍. രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാത്ത ഇന്ത്യന്‍ ടീമിന് പരിചയസമ്പന്നരായ ഇംഗ്ലീഷുകാര്‍ക്കെതിരേ നന്നായി പൊരുതാനാവുമോ എന്ന സംശയത്തെ ഇതിനകം ശുഭ്മാന്‍ ഗില്ലും കൂട്ടുകാരും അപ്രസക്തമാക്കിയിരിക്കുന്നു.
അവസാന ടെസ്റ്റില്‍ മാനസികമായ മുന്‍തൂക്കം മിക്കവാറും ഇന്ത്യയ്ക്കായിരിക്കും. കാരണം, ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ടെസ്റ്റില്‍ ഉറപ്പായ തോല്‍വിയില്‍ നിന്നും അത്ഭുതകരമായി പൊരുതിക്കയറിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ടീം മാനേജ്‌മെന്റിന് നല്‍കുന്ന ആത്മവിശ്വാസം. പിന്നെ, കളി ജയിക്കാനുള്ള എല്ലാ സാധ്യതയും അടഞ്ഞപ്പോള്‍ ഇംഗ്ലീഷ് ക്യാപ്റ്റൻ വാഗ്ദാനം ചെയ്ത സമനില ജഡേജ നിരസിച്ചു. ജഡേജയും വാഷിങ്ടൺ സുന്ദറും അര്‍ഹിച്ച ശതകങ്ങള്‍ നിഷേധിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇംഗ്ലണ്ട് ശ്രമിച്ചതെന്ന് വ്യക്തമാണ്. തുടര്‍ന്ന് സ്‌റ്റോക്‌സും കൂട്ടരും കാണിച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലായ്മ പരക്കെ വിമര്‍ശിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഓവലില്‍ പിച്ച് പരിശോധിക്കാനെത്തിയ ഇന്ത്യന്‍ സംഘത്തോട് ക്യൂറേറ്റര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചത് ഇരുടീമുകള്‍ക്കുമിടയില്‍ തുടരുന്ന അലോസരത്തിന് ഉദാഹരണമാണ്. എന്തായാലും അവസാന ടെസ്റ്റില്‍ മത്സരം ബാറ്റും ബോളും തമ്മില്‍ മാത്രമാവില്ല!.
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ, വിദേശ പിച്ചില്‍ എപ്പോഴും ഗംഭീരപ്രകടനം നടത്തുന്ന ഋഷഭ് പന്ത് പരിക്കു കാരണം ടീമില്‍ നിന്നും ഒഴിവായതും ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ കളിക്കില്ലെന്നതും പരമ്പര സമനിലയിലാക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തുന്നു. എങ്കിലും പിച്ചിന്റെ 'നിസ്സംഗത' ഇവിടെയും തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയ്ക്ക് പൊരുതിനില്‍ക്കാനാവും. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ 20 വിക്കറ്റെടുത്ത് ടെസ്റ്റ് ജയിക്കാനുള്ള ത്രാണി ഇന്ത്യന്‍ ബൗളിങിനുണ്ടോയെന്ന കാര്യം കണ്ടറിയണം.
ബാസ്‌ബോള്‍ ആസ്വദിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍
ഇംഗ്ലീഷ് ക്യാപ്ടന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രെന്‍ഡന്‍ മക്കെല്ലവും ചേര്‍ന്നു രൂപപ്പെടുത്തിയ അക്രമോത്സുകമായ ബാസ്‌ബോള്‍ സമീപനത്തെ സഹായിക്കുന്ന രീതിയിലാണ് കുറച്ചുകാലമായി ഇംഗ്ലണ്ടിലെ പിച്ചുകള്‍ തയ്യാറാക്കുന്നത്. അവിടെ പരമ്പരാഗതമായി ഉണ്ടായിരുന്ന സ്വിംഗും സീമും ഏറെക്കുറെ പഴങ്കഥയായിരിക്കുന്നു. മര്യാദയ്ക്കുള്ള ടേണും കിട്ടില്ല. ജീവനുണ്ടോയെന്ന് സ്‌റ്റെതസ്‌കോപ്പു വെച്ചു പരിശോധിക്കേണ്ട അവസ്ഥ. ഓവറില്‍ നാലും അഞ്ചും റണ്‍ വെച്ച് അടിച്ചുകൂട്ടുന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എതിരാളികളുടെ എത്ര വലിയ ടോട്ടലും അടിച്ചെടുക്കും. അതാണ് ബാസ്‌ബോള്‍. ഈ തന്ത്രം ഇംഗ്ലണ്ടിന് വളരെ ഉപകാരപ്രദമായി. 2022 ജൂണിനു ശേഷം കളിച്ച 22 ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് നേടിയത് 16 ജയങ്ങളാണ്. തോല്‍വി അഞ്ചെണ്ണത്തില്‍, ഒരു സമനില.
ഈ പരമ്പരയിലെ ആദ്യടെസ്റ്റ് തന്നെ ബാസ്‌ബോളിന്റെ മഹത്വം ആഘോഷിക്കാന്‍ പറ്റിയതായിരുന്നു. ഹെഡിംഗ്ലിയില് ഇംഗ്ലണ്ടിന് ജയിക്കാന്‍ അവസാന ദിവസം വേണ്ടിയിരുന്നത് 371 റണ്‍സായിരുന്നു. 82 ഓവറില്‍ അഞ്ചുവിക്കറ്റു നഷ്ടത്തില്‍ അവര്‍ അനായാസം വിജയം കൈവരിച്ചു. 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് വിജയത്തില്‍ വലിയ പങ്കു വഹിച്ചു. എജ്ബാസ്റ്റനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ 269 റണ്‍സിന്റെ അടിത്തറയില്‍ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 587 റണ്‍ വാരിക്കൂട്ടി. രണ്ടാമിന്നിങ്സില്‍ ആറു വിക്കറ്റിന് 427 റണ്‍സുമായി ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്സ് 271-ല്‍ ഒതുക്കി 336 റണ്‍സിന്റെ വമ്പന്‍ വിജയം നേടി. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചത് വെറും 22 റണ്‍സിനാണ്. ജഡേജയ്ക്ക് കൂട്ടിന് ആരെങ്കിലും അപ്പുറത്തുണ്ടായെങ്കില്‍ വിജയിക്കേണ്ട മത്സരം. എന്തായാലും അടുത്ത ടെസ്റ്റില്‍ സുന്ദറിന്റെ കൈപിടിച്ച് ജഡേജ ടീമിനു അവിശ്വസനീയമായ സമനില സമ്മാനിക്കുകയായിരുന്നു.
അതേസമയം ബാസ്‌ബോളിന്റെ ദൗര്‍ബല്യം വിളിച്ചു പറയുന്നു ഈ പരമ്പര. ഇന്ത്യന്‍ ബാറ്റര്‍മാര്‍ നാട്ടിലെ പിച്ചുകളിലെന്നോണം റണ്‍ വാരിക്കൂട്ടുകയാണ്. ഒരു സീരീസിലെ ഏറ്റവുമധികം റണ്‍സെന്ന റെക്കോഡിനരികിലാണ് ക്യാപ്ടന്‍ ഗില്‍. ഒരു ടെസ്റ്റ് ബാക്കിനില്‍ക്കെ ഗാവസ്‌കറിന്റെ റെക്കോഡായ 774-ലേക്ക് 52 റണ്‍സിന്റെ ദൂരം. പരമ്പരയില്‍ ഇതിനകം നാലു സെഞ്ചുറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു പരമ്പരയില്‍ 700 റണ്‍ മറികടക്കുന്ന മൂന്നാമത്തെ ബാറ്ററാണ് ഗില്‍. യശസ്വി ജയ്‌സ്വാളും സുനില്‍ ഗാവസ്‌കറുമാണ് മറ്റു രണ്ടുപേര്‍. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ 650 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന ആദ്യത്തെ ഏഷ്യന്‍ ബാറ്റര്‍. സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഇന്ത്യക്കാരാണ്- ഗില്‍, കെ.എല്‍ രാഹുല്‍ (511), പന്ത് (479), ജഡേജ (454) എന്ന ക്രമത്തില്‍. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം റണ്‍ നേടിയ സ്മിത്ത് അഞ്ചാം സ്ഥാനത്തും ആധുനിക ബാറ്റിംഗിലെ അതികായന്‍മാരിലൊരാളായ ജോ റൂട്ട് ആറാം സ്ഥാനത്തുമാണ്!
ജഡേജയാകട്ടെ, എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നും നാല് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും നേടിക്കഴിഞ്ഞു. ശരാശരി 113.50! രണ്ടു സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ കെ.എല്‍ രാഹുല്‍ ടീമിനു നല്‍കുന്ന കരുത്ത് ചെറുതല്ല. ഓപ്പണിങ്ങാണ് രാഹുലിന് ഏറ്റവും പറ്റിയ സ്ഥലമെന്നു തോന്നിക്കുന്ന പ്രകടനം. ജയ്‌സ്വാള്‍ ഒരു സെഞ്ചുറിയടക്കം 291 റണ്‍ നേടിയിട്ടുണ്ടെങ്കിലും ശരിക്കും ഫോമിലാണെന്ന് തോന്നുന്നില്ല. ഈ പരമ്പര അവശ്യഘട്ടങ്ങളില്‍ കവാത്ത് മറക്കുന്ന പഴയ ഇന്ത്യന്‍ ശീലവും ടീമിനെ പലപ്പോഴും തോല്‍പ്പിക്കുന്നത് പരമ്പര കണ്ടു. അനവസരത്തിലെ അടുപ്പിച്ചുള്ള ചില വിക്കറ്റ്വീഴ്ചകള്- ചിലത് അശ്രദ്ധ കൊണ്ടാണെന്നു തോന്നും- ഇല്ലായിരുന്നെങ്കില്‍ പരമ്പരയുടെ ഫലം മറ്റൊന്നാവുമായിരുന്നു!
തലവേദനയായി ബൗളിംഗും കളിക്കാത്ത കുല്‍ദീപും
കുറച്ചുകാലമായി ഇന്ത്യന്‍ ആക്രമണത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഫാസ്റ്റ് ബൗളിങ് ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു. അടുപ്പിച്ച മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ അവര്‍ ബുദ്ധിമുട്ടുന്നു. ബുംറയ്ക്ക് പകരക്കാരനായി അഞ്ചാം ടെസ്റ്റില്‍ വരുന്ന ആകാശ്ദീപ് രണ്ടു ടെസ്റ്റുകളില്‍ നിന്നായി 11 വിക്കറ്റെടുത്തിട്ടുണ്ട്. ബുംറയുടെ അസാന്നിദ്ധ്യത്തില്‍ ടീമിന്റെ കുന്തമുനയാകേണ്ട മുഹമ്മദ് സിറാജ് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. നാലാം ടെസ്റ്റില്‍ അത് വ്യക്തമായിരുന്നു. പതിവുള്ള നിയന്ത്രണം ഇല്ലാത്ത പ്രകടനമാണ് സിറാജ് നടത്തിയത്. വലിയ തോതില്‍ റണ്‍ വഴങ്ങി. എങ്കിലും ബുംറയ്‌ക്കൊപ്പം 14 വിക്കറ്റുകളോടെ ഇന്ത്യന്‍ വിക്കറ്റ്വേട്ടക്കാരില് മുന്നിലാണ് സിറാജ്.
മാഞ്ചസ്റ്ററില്‍ ബുംറ ക്ഷീണിതനാണെന്ന് തോന്നിച്ചു. എന്നിട്ടും 33 ഓവര്‍ എറിയേണ്ടി വന്ന അദ്ദേഹം 112 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. അദ്ദേഹത്തിന്റെ നിലവാരം വച്ച് വളരെ മോശം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് കണങ്കാലിനുണ്ടായ പരിക്ക് വകവെക്കാതെയാണ് അദ്ദേഹം കളിച്ചത്. ഈ പരമ്പരയില്‍ ഇതിനകം 120 ഓവറാണ് ബുംറ എറിഞ്ഞത്. കഴിഞ്ഞ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ അദ്ദേഹം 152 ഓവര്‍ എറിഞ്ഞിരുന്നു. എന്തായാലും ഒരു ടെസ്റ്റ് കൂടി കളിപ്പിച്ച് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാക്കാതിരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായതിനെ അഭിനന്ദിക്കാം. അവസാന നിമിഷം വിളിച്ചു വരുത്തി ടീമിലെടുത്ത കന്നിക്കാരന്‍ അന്‍ഷുല്‍ കാംബോജ് വളരെ നിയന്ത്രണമുള്ള ബൗളര്‍ എന്ന ഖ്യാതിയുള്ള കളിക്കാരനാണ്. പക്ഷേ, പരിക്കും ചികിത്സയും കഴിഞ്ഞു വരുന്നതിനാലാകണം, നാലാം ടെസ്റ്റില്‍ ഒട്ടും ശോഭിച്ചില്ല, ഏതാണ്ട് 125 കിലോമീറ്ററായിരുന്നു ശരാശരി വേഗം. മാഞ്ചസ്റ്ററില്‍ കന്നി ടെസ്റ്റ് വിക്കറ്റെടുക്കാനായി എന്ന സന്തോഷം മാത്രമേ അദ്ദേഹത്തിനുണ്ടാവൂ.
13 ടെസ്റ്റുകളില്‍ നിന്നും 22 റണ്‍ ശരാശരിയില്‍ 56 വിക്കറ്റ് എടുത്തിട്ടുള്ള ചൈനാമന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഇതുവരെ കളിപ്പിക്കാത്തത് പരക്കെ വിമര്‍ശിക്കപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് കുലുങ്ങിയില്ല. ഏതു പിച്ചിലും മികച്ച ടേണ്‍ നേടാന്‍ കഴിവുള്ള യാദവിനെ ഓവലില്‍ കളിപ്പിക്കാനിടയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു സ്‌ട്രൈക്ക് ബൗളര്‍ ഇന്ത്യക്കില്ലാത്തതാണ് കാരണം. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ റണ്‍മല കുല്‍ദീപ് കളിച്ചെങ്കില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് കരുതുന്നവരുണ്ട്. അതിനാല്‍, ഒരുപക്ഷേ കാംബോജിനോ, ശാര്‍ദുല്‍ ഠാക്കൂറിനോ പകരം കുല്‍ദീപ് ടീമില്‍ ഇടം പിടിച്ചേക്കാം.
ഠാക്കൂറിനെ എന്തിനാണ് ടീമില്‍ എടുത്തത് എന്നതില്‍ ആര്‍ക്കും ഒരു ഉത്തരമില്ല. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അദ്ദേഹത്തെ വെറും പതിനൊന്ന് ഓവറാണ് ബൗള്‍ ചെയ്യിച്ചത്. ഫലം-വിക്കറ്റൊന്നും നേടാതെ 55 വിട്ടു കൊടുത്തു. ഇന്ത്യയുടെ ബാറ്റിംഗിന് ആഴം കൂട്ടാനാകണം അദ്ദേഹത്തെ ടീമില്‍ പെടുത്തിയത്. ബൗളര്‍ എന്ന നിലയില്‍ ക്യാപ്റ്റൻ ഗില്‍ അദ്ദേഹത്തെ വേണ്ടത്ര വിശ്വസിക്കുന്നില്ലെന്നത് വ്യക്തമാണ്. അങ്ങനെയിരിക്കെ, അവസരം കിട്ടിയാലും ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ഓള്‍റൗണ്ടര്‍മാരായ ജഡേജയും സുന്ദറും സെഞ്ചുറികള്‍ നേടിയ സ്ഥിതിക്ക് ഒരു മൂന്നാം ഓള്‍റൗണ്ടറിന്റെ ആവശ്യമില്ല. തലേന്ന് നെറ്റ് പ്രാക്ടീസിനിറങ്ങിയ ആര്‍ഷ്ദീപ് സിങും ടീമിലെത്താനുള്ള സാധ്യതയുണ്ട്.
ബൗളിംഗ് സെലക്ഷന്‍ പോലെ ചര്‍ച്ചയാവുന്ന ഒരു കാര്യം ഗില്ലിന്റെ നായകത്വമാണ്. അദ്ദേഹത്തിന്റെ പരിചയക്കുറവ് പലയിടത്തും വെളിവായി, ചിലതൊക്കെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. മാഞ്ചസ്റ്ററില്‍ വളരെ പ്രതിരോധാത്മകമായിരുന്നു ഫീല്‍ഡ് സെറ്റിംഗ്. അത് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പൊക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. കൈയിലുള്ള വിഭവങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചില്ലെന്നും വിമര്‍ശനമുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹം യഥാവസരം ബൗളിംഗില്‍ വരുത്തുന്ന മാറ്റങ്ങള്‍. ക്ഷീണിതരായ ഫാസ്റ്റ്ബൗളര്‍മാര്‍ക്ക് അദ്ദേഹം വീണ്ടും വീണ്ടും പന്ത് കൊടുത്തു കൊണ്ടിരുന്നു. എതിരാളികളില്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ചോദ്യം ഗില്ലിനോടു മാത്രം മതിയോ, പരിചയ സമ്പന്നനായ ഗംഭീര്‍ ഇടപെടാത്തതെന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രതിസന്ധികളില്‍ പതറാതെ ടീമിനെ നയിക്കുന്ന ഗില്‍ പരിചയസമ്പത്ത് കൈവരുന്നതോടെ കൂടുതല്‍ മെച്ചപ്പെടും എന്ന് വേണം കരുതാന്‍. ടി-20 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ ആയിരുന്നത് അദ്ദേഹത്തിന് അടിസ്ഥാനപാഠങ്ങള്‍ നല്‍കിയിട്ടുണ്ടാകാം. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ തന്ത്രപരമായ മികവും മൂര്‍ച്ചയും ആവശ്യപ്പെടുന്നതാണ്. ഇംഗ്ലണ്ട് ജോഫ്ര ആര്‍ച്ചറിനെ ഉപയോഗിക്കുന്ന രീതിയും ബൗളിംഗ് ചെയ്ഞ്ചുകളും സാഹചര്യമനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുന്നതുമൊക്കെ പ്രശംസിക്കപ്പെട്ടിരുന്നു.
എന്തായാലും അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിറങ്ങുന്നത്രയും സമ്മര്‍ദമുണ്ടാവില്ല. പോരാട്ടവീര്യത്തിലും കളിമികവിലും ഒപ്പത്തിനൊപ്പമാണെന്ന് ടീം തെളിയിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് ടീമില്‍ ആര്‍ച്ചറിനപ്പുറം എണ്ണം പറഞ്ഞ ബൗളര്‍മാര്‍ ആരുമില്ല. തുടക്കത്തില്‍ ഫാസ്റ്റ് ബൗളിങിനെയും പിന്നീട് സ്പിന്നര്‍മാരെയും തുണയ്ക്കുന്ന ഓവല്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ അല്പം ഭാഗ്യം കൂടിയുണ്ടെങ്കില്‍ അവസാന സെഷനുകള്‍ ഇന്ത്യയുടേതാവും. അങ്ങനെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്കാവും. ക്യാപ്റ്റൻസിയോടെ തലവര മാറിയ (മാറ്റിയ) ഗില്ലിന്റെ വീരേതിഹാസങ്ങള്‍ക്ക് അവിടെ തുടക്കമാകും!
Content Highlights: India vs England: Can India Level the Series Without Bumrah?








English (US) ·