
സയിം അയൂബ്, ജസ്പ്രീത് ബുംറ | AFP
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ യുഎഇ യെ ഇന്ത്യ തകർത്തപ്പോൾ ഒമാനെ കീഴടക്കിയാണ് പാകിസ്താന്റെ വരവ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. എന്നാല്‍, മത്സരത്തിന് മുന്നോടിയായി മുൻ പാക് ഓൾറൗണ്ടറായ തൻവീർ അഹമ്മദിന്റെ ഒരു പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പാക് ബാറ്റര്‍ സൈം അയൂബിനെ പരാമര്‍ശിച്ചാണ് തന്‍വീറിന്റെ പ്രവചനം. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും അയൂബ് സിക്‌സറടിക്കുമെന്നാണ് തന്‍വീര്‍ പ്രവചിച്ചത്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പ്രവചനം നടക്കുമോ പാളുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഒമാനെതിരേ നേരിട്ട ആദ്യപന്തില്‍ തന്നെ താരം എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി പുറത്തായി. യുഎഇക്കെതിരേ ബുംറയാകട്ടെ മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരുവിക്കറ്റെടുത്തു. ഒമാനെതിരേ 93 റണ്‍സിന്റെ ജയമാണ് പാകിസ്താന്‍ നേടിയത്. ഇന്ത്യ ഒമ്പത് വിക്കറ്റിന് യുഎഇയെ തകര്‍ത്തെറിഞ്ഞു.
ഞായറാഴ്ച നടക്കുന്ന മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും വിവിധകോണുകളില്‍ നിന്നുയരുന്നുണ്ട്. മത്സരം വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറയുമോ എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. വിഷയത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉര്‍വശി ജെയിനിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.
Content Highlights: Saim Ayub volition deed Bumrah for six sixes successful this Asia Cup says tanvir duck against oman








English (US) ·