ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിങ്ങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയുടെ കൈയിലായിരുന്നു. രണ്ട് ഇന്നിങ്സിലുമായി ഇന്ത്യ 835 റണ്‍സ് എടുത്തിട്ടും അത് പ്രതിരോധിക്കാന്‍ ബുംറ നയിച്ച ബൗളിങ്‌നിരയ്ക്ക് കഴിഞ്ഞില്ല. ബുധനാഴ്ച രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ബുംറയും ഉണ്ടാകില്ലെന്ന ആശങ്കയ്ക്ക് നടുവിലാണ് ടീം ഇന്ത്യ. ഉച്ചയ്ക്ക് 3.30 മുതല്‍ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ലെന്ന ചരിത്രവും ഇന്ത്യക്കെതിരേ നില്‍ക്കുന്നു. എങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ വിശ്വസിച്ച് പൊരുതാനുറച്ചുതന്നെയാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങുന്നത്.
ഇവിടെ കളിച്ച എട്ടുടെസ്റ്റില്‍ ഏഴിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു. ഒരെണ്ണം സമനിലയായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ അഞ്ചുമത്സരപരമ്പരയില്‍ ഇംഗ്ലണ്ട് (1-0) മുന്നിലാണിപ്പോള്‍.
ആദ്യടെസ്റ്റില്‍ 371 റണ്‍സ് എന്ന വിജയലക്ഷ്യം കുറിച്ച ഇന്ത്യക്ക് അവസാനലാപ്പില്‍ പിഴച്ചു. മൂര്‍ച്ചകുറഞ്ഞ ബൗളിങ്ങും ഇംഗ്ലണ്ടിന്റെ 'ബാസ്ബോള്‍' ബാറ്റിങ് ശൈലിയും ചേര്‍ന്നപ്പോള്‍ ജയം എതിരാളികള്‍ക്കൊപ്പമായി.
മാറ്റം എങ്ങനെ
ബൗളിങ്ങില്‍ പ്രശ്‌നമുണ്ടെന്നു സമ്മതിക്കുമ്പോഴും അത് എങ്ങനെ മറികടക്കുമെന്ന് വ്യക്തതയില്ല. പേസ് ബൗളറായ ബുംറ ആദ്യ ടെസ്റ്റില്‍ 43.3 ഓവര്‍ എറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രണ്ടാംടെസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ആലോചിക്കുന്നത്. പച്ചപ്പുള്ള എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ തുടക്കത്തില്‍ പേസിന് ആനുകൂല്യമുണ്ടാകുമെങ്കിലും അവസാനഘട്ടത്തില്‍ സ്പിന്നര്‍മാര്‍ക്കും കാര്യമായ പ്രധാന്യമുണ്ടാകും. ആദ്യടെസ്റ്റില്‍ സ്പിന്നറായി രവീന്ദ്ര ജഡേജ മാത്രമേ ഇലവനിലുണ്ടായിരുന്നുള്ളൂ. ഇക്കുറി രണ്ടു സ്പിന്നറെ കളിപ്പിക്കുന്നത് ആലോചനയിലുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങാത്ത ശാര്‍ദൂല്‍ ഠാക്കൂറും പുറത്തിരിക്കേണ്ടിവരും. ബുംറ കളിക്കുന്നില്ലെങ്കില്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഇറക്കുന്നത് പരിഗണനയിലുണ്ട്. അതേസമയം, ബാറ്റിങ് ഓള്‍റൗണ്ടര്‍ നിധീഷ് റെഡ്ഡി, ആകാശ് ദീപ് എന്നിവരെയും പരിഗണിക്കുന്നു.
രണ്ടാം സ്പിന്നറായി കുല്‍ദീപ് യാദവിനാണ് കൂടുതല്‍ സാധ്യതയെങ്കിലും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും പരിഗണനയിലുണ്ട്. ആദ്യടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ചേര്‍ന്ന് അഞ്ചു സെഞ്ചുറി കുറിച്ചെങ്കിലും വാലറ്റത്തിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസങ്ങളില്‍ ബൗളര്‍മാരും ബാറ്റിങ്ങ് പരിശീലനത്തിന് ഏറെസമയം ചെലവഴിച്ചു.
ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ജോഫ്ര ആര്‍ച്ചര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്നുവെങ്കിലും നാട്ടുകാരനായ ക്രിസ് വോക്സിന്റെ നേതൃത്വത്തിലുള്ള ബൗളിങ്‌നിര ശക്തമാണ്.
Content Highlights: Will Bumrah play the 2nd Test against England? India`s bowling strategy nether scrutiny aft 1st Tes








English (US) ·