06 August 2025, 02:33 PM IST

Photo: AP
ഹൈദരാബാദ്: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ചുനിന്ന ബൗളറായിരുന്നു മുഹമ്മദ് സിറാജ്. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ എറിഞ്ഞ സിറാജ് 23 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായി മാറി. പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക ഇന്ത്യന്‍ പേസറാണ് സിറാജ്. ഈ പശ്ചാത്തലത്തിൽ താരത്തിന്റെ ജോലിഭാരം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആർപി സിങ്. ബുംറയുടെ കാര്യത്തിൽ ചെയ്തതുപോലെ സിറാജിന്റെ ജോലിഭാരവും നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഭാവിയിൽ സിറാജിന് പരിക്കേൽക്കുന്നത് തടയാൻ ജോലിഭാരം നിയന്ത്രിക്കുന്നത് നിർണായകമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് മത്സരങ്ങൾ കളിക്കുമ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ബുംറയുടെ കാര്യത്തിൽ ചെയ്തതുപോലെ അദ്ദേഹത്തിൻ്റെ ജോലിഭാരവും നിയന്ത്രിക്കേണ്ടതുണ്ട്.' - പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആർപി സിങ് പറഞ്ഞു.
'ജോലിഭാരം മികച്ച രീതിയിൽ കൈകാര്യം ചെയ്തതുകൊണ്ടാണ് ബുംറ ഏകദിന, ടി20 ലോകകപ്പുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞത്. സിറാജും അതേ നിലവാരത്തിലുള്ള കളിക്കാരനാണ്. പരിക്കുകളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കാൻ, ഇന്നല്ലെങ്കിൽ നാളെ നമ്മൾ അദ്ദേഹത്തിൻ്റെ ജോലിഭാരത്തിൽ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് '- അർപി സിങ് പറഞ്ഞു.
'ബാറ്റർമാർക്ക് കൂട്ടുകെട്ടുകൾ ആവശ്യമുള്ളതുപോലെ, ബൗളർമാരും അത്തരത്തിൽ പന്തെറിയാനാണ് ഇഷ്ടപ്പെടുന്നത്. ബുംറ കൂടുതൽ വിക്കറ്റുകൾ നേടാൻ സാധ്യതയുണ്ട്. അദ്ദേഹത്തിൻ്റെ ബൗളിങ് ശൈലി ബാറ്റർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. എന്നാൽ ബാറ്റർമാരെ സമ്മർദത്തിലാക്കുക എന്നതാണ് സിറാജിൻ്റെ പങ്ക്. അത് അദ്ദേഹം വളരെ നന്നായി ചെയ്യുന്നുമുണ്ട്. അവരുടെ കൂട്ടുകെട്ട് പ്രത്യേകത നിറഞ്ഞതാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുമുണ്ട്. ബുംറ ടീമിൽ ഇല്ലാത്തപ്പോൾ സിറാജ് നമ്മുടെ പ്രധാന പേസ് ബൗളറായി മാറുന്നു.' - അർപി സിങ് കൂട്ടിച്ചേർത്തു.
Content Highlights: Manage Mohammed Sirajs workload conscionable similar Jasprit Bumrah says RP Singh








English (US) ·