01 July 2025, 08:48 PM IST

ജസ്പ്രീത് ബുംറ | Photo: AFP
ലീഡ്‌സ്: തോല്‍വിയോടെയായിരുന്നു അഞ്ചുമത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ തുടക്കം. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ ശുഭ്മാന്‍ ഗില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ പേസ് നിരയ്ക്ക് മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതും വാലറ്റം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുമാണ് തിരിച്ചടിയായത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഇന്ത്യന്‍ താരങ്ങള്‍ അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടും മത്സരത്തില്‍ പരാജയപ്പെട്ടത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതേസമയം രണ്ടാം മത്സരത്തില്‍ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജോലിഭാരം പരിഗണിച്ച് ബുംറയെ കളിപ്പിക്കരുതെന്ന് പറയുകയാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലീസ ഹീലി.
ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്ന് ടെസ്റ്റിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് നേരത്തേ ഇന്ത്യൻ ടീം വ്യക്തമാക്കിയതാണ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. അവസാനസെഷന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അറിയിച്ചത്. 2024-ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞ താരമാണ് ബുംറയെന്നും ടീം അദ്ദേഹത്തിന്റെ ജോലിഭാരം പരിഗണിക്കേണ്ടതുണ്ടെന്നും ഹീലി പറയുന്നു.
ഇതിനോടകം തന്നെ ബുംറ ശസ്ത്രക്രിയ ചെയ്തുകഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് ബുദ്ധിമുട്ടുകളുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ അത് ആശങ്കപ്പെടുത്തുന്നതാണ്. അയാൾക്ക് ഒരു ജീവിതമുണ്ട്, കുടുംബമുണ്ട്. ആ ശസ്ത്രക്രിയയുടെ ഫലം ഇല്ലാതാക്കിയാൽ അയാളെ എന്നെന്നേക്കുമായി നഷ്ടപ്പെടും. അയാളുടെ ജോലിഭാരം പ്രധാനമാണ്. -അലക്സ് ഹീലി ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
മിന്നും ഫോമിലാണെങ്കിലും ജോലി ഭാരം പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലാണ്. എന്നാല്‍ ഇനി മൂന്നാം മത്സരത്തില്‍ താരത്തെ കളിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. രണ്ടാം ടെസ്റ്റിന് ശേഷം മൂന്നുദിവസം മാത്രമാണ് ഇടവേളയുള്ളത്. അതിനാല്‍ ജോലിഭാരം കണക്കിലെടുത്ത് ബര്‍മിങ്ങാം ടെസ്റ്റില്‍ കളിപ്പിക്കാതെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിപ്പിക്കാനാണ് തീരുമാനം.
Content Highlights: australia Skipper Bumrah Warning to India mislaid forever








English (US) ·