ഹെഡിങ്‌ലി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭയപ്പെടുന്നില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഹെഡിങ്‌ലിയിലെ ലീഡ്‌സില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റോക്‌സ്. ലോകോത്തര ബൗളറാണെങ്കിലും ഇന്ത്യയ്ക്കായി ഒരു പരമ്പര ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള മികവ് ബുംറയ്ക്കില്ലെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു. ഒരു ബൗളറെ മാത്രം ആശ്രയിച്ചല്ല ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നതെന്നും അത് മുഴുവന്‍ ടീമിനെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ടീം എല്ലായ്‌പ്പോഴും മികച്ച എതിരാളികളെയാണ് നേരിടുന്നത്. എതിരാളികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവരെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
''ഭയപ്പെടേണ്ട കാര്യമില്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച എതിരാളികളെ നേരിടേണ്ടിവരും. അദ്ദേഹത്തിന്റെ (ബുംറ) ക്ലാസും കളിക്കുന്ന ഏത് ടീമിനും അദ്ദേഹം നല്‍കുന്ന സംഭാവനയും നമുക്കറിയാം. പക്ഷേ അതില്‍ ഭയപ്പെടാന്‍ ഒന്നുമില്ല. ഒരു ബൗളര്‍ മാത്രം വിചാരിച്ചാല്‍ പരമ്പര ജയിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല, അതിന് 11 കളിക്കാരും മികവ് കാണിക്കണം.'' - സ്റ്റോക്‌സ് പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് ബുംറ. ഇംഗ്ലണ്ടിനെതിരേ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകള്‍ ബുംറ നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബുംറ ഒന്നുകൂടി മികവ് കാണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച ഒമ്പത് ടെസ്റ്റില്‍ നിന്ന് 37 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെതിരായ ബുംറയുടെ സ്‌പെല്ലുകള്‍ മികച്ചതാണ്. പലപ്പോഴും ബുംറയെ നേരിടാന്‍ സ്റ്റോക്‌സ് ബുദ്ധിമുട്ടുന്നത് 2024-ലെ പര്യടനത്തിലടക്കം കണ്ടു.
Content Highlights: England skipper Ben Stokes says his squad isn`t intimidated by Jasprit Bumrah








English (US) ·