23 June 2025, 04:50 PM IST

Photo: PTI, ANI
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബുംറയുടെ ബൗളിങ് സ്‌പെല്ലിനെ അഭിനന്ദിച്ച സച്ചിന്‍ അദ്ദേഹത്തിന് ഒമ്പത് വിക്കറ്റുകള്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നഷ്ടമാക്കിയ നോ ബോളും, നഷ്ടപ്പെടുത്തിയ മൂന്ന് ക്യാച്ച് അവസരങ്ങളും സച്ചിന്‍ ചൂണ്ടിക്കാട്ടി. ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ ക്യാച്ചുകള്‍ ബുംറയുടെ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തിയിരുന്നു. ടെസ്റ്റ് കരിയറില്‍ 14-ാം തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറയുടെ മികവിലാണ് ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കി ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയത്. വിദേശത്ത് നടന്ന ടെസ്റ്റുകളില്‍ ബുംറയുടെ 12-ാം അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡിനൊപ്പമെത്താനും ഇതോടെ ബുംറയ്ക്കായി. ബുംറയൊഴികെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നും ഇംഗ്ലീഷ് ബാറ്റര്‍മാരെ പ്രയാസത്തിലാക്കാൻ സാധിച്ചില്ല.
സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ബുംറയുടെ 10-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ പാകിസ്താന്‍ താരം വസീം അക്രമാണ് ബുംറയ്ക്ക് മുന്നിലുള്ളത്.
Content Highlights: Sachin Tendulkar praises Bumrah`s 5-wicket haul successful Leeds Test but criticizes India`s dropped catches








English (US) ·