ബുംറയ്ക്ക് മുന്നിലെ കൊടുമുടികൾ, കാത്തിരിക്കുന്ന ചരിത്രങ്ങൾ

6 months ago 6

ജോയല്‍ ഗാര്‍നറെയോ കര്‍ട്‌ലി അംബ്രോസിനെപ്പോലെയോ ആകാശം മുട്ടുന്ന ഉയരമില്ല. ഷോയെബ് അക്തറിനെപ്പോലെയോ ബ്രെറ്റ് ലീയെപ്പോലെയോ മാരകമായ വേഗത്തില്‍ പന്തെറിയുന്നുമില്ല. മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിങ്, വഖാര്‍ യൂനിസ് എന്നീ പേരുകള്‍ സൃഷ്ടിക്കുന്ന നടുക്കവും തീരെയില്ല. പക്ഷേ, ജസ്പ്രീത് ബുംറയെന്ന ആറടിയില്‍ താഴെ, കൃത്യമായി പറഞ്ഞാല്‍ അഞ്ചടി പത്തിഞ്ച്, ഉയരമുള്ള കളിക്കാരന്‍ ബൗളിങ് മാര്‍ക്കില്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ ബാറ്റര്‍മാരുടെ നെഞ്ചിടിപ്പ് ഉയരുന്നു. ക്രിക്കറ്റ് പിച്ചില്‍ ബുംറയെ നേരിടാന്‍ ഏറ്റവും നല്ല സ്ഥലം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് ആണെന്ന് ലോകമെമ്പാടുമുള്ള ബാറ്റര്‍മാര്‍ പറയുന്നു.

ബൗളര്‍മാരുടെ പെരുമയും താന്‍പോരിമയും തെല്ലും വകവയ്ക്കാത്ത ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും എത്ര വേഗത്തില്‍ പന്തെറിഞ്ഞാലും തെല്ലും പതറാതെ അതിര്‍ത്തിക്കപ്പുറത്തേക്ക് നിര്‍ദാക്ഷിണ്യം അടിച്ചു പറത്തുന്ന ദക്ഷിണാഫ്രിക്കയുടെ ഹെയ്ന്‍​റിക് ക്‌ളാസനും ഇംഗ്‌ളണ്ടിന്റെ ബാസ്‌ബോള്‍ വ്യഖ്യാതാക്കളായ പുത്തന്‍കൂറ്റുകാരും എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു - സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ ബുംറ തന്നെ. ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയില്‍ സ്റ്റീവ് സ്മിത്തും തെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ജോ റൂട്ടും ബുംറയുടെ വിഷമകോണുകളില്‍നിന്ന് കുത്തിയുയരുന്ന പന്തുകളിലും പെരുവിരല്‍ തകര്‍ക്കുന്ന യോര്‍ക്കറുകളിലും പരുങ്ങുന്നത് കളിപ്രേമികള്‍ വിസ്മയത്തോടെ കാണുകയായിരുന്നു.

ഇതിനു മുന്‍പൊരിക്കലും ഒരു ബൗളര്‍ ഇതുപോലെ ബാറ്റര്‍മാരുടെ മേല്‍ ആധിപത്യം സൃഷ്ടിച്ചിട്ടില്ലെന്നു പറയാം. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുംറയ്ക്ക് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ വെറും 47 ടെസ്റ്റ് മാത്രമേ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന പരിക്കുകളും ഇന്ത്യ കളിക്കുന്ന ടെസ്റ്റുകളില്‍ സംഭവിച്ച കുറവുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. എങ്കിലും ഈ ഏഴു വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ബുംറ തീക്കാറ്റായി മാറി. കളിമികവിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഷെയ്ന്‍ വോണിനോ മാല്‍ക്കം മാര്‍ഷലിനോ പോലും സൃഷ്ടിക്കാന്‍ കഴിയാതിരുന്ന സ്വാധീനതയാണ് ബുംറ ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് ജൂലായ് 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ബുംറയിലാണ്. പരമ്പരയ്ക്കു മുന്‍പ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നത് രണ്ടാമത്തെയും നാലാമത്തെയും ടെസ്റ്റുകളില്‍നിന്ന് ബുംറയെ മാറ്റിനിര്‍ത്താം എന്നായിരുന്നെങ്കിലും ടീമിലെ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ക്ക്, ആകാശ് ദീപിനും അര്‍ഷ്ദീപ് സിങ്ങിനും, പരിശീലനത്തിനിടയില്‍ പരുക്കേറ്റ സാഹചര്യത്തില്‍ ബുംറയെ കളിപ്പിക്കാതിരിക്കാനാവില്ല എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ബാക്ക് അപ് ബൗളര്‍ കൂടിയായ ഓൾറൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരുക്കു മൂലം പരമ്പരയില്‍ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും കളിക്കാന്‍ കഴിയില്ല എന്ന കാര്യം ഇതിനകംതന്നെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹരിയാനയുടെ ഓപ്പണിങ് ബൗളര്‍ അന്‍ശൂല്‍ കാംബോജിനോട് ടീമിനൊപ്പം ചേരാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ബുംറ, സിറാജ്, പ്രസിദ്ധ് കൃഷ്ണ ത്രയമായിരിക്കും നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് ബൗളിങ് നയിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഒന്നാം ടെസ്റ്റ് കഴിഞ്ഞ് ഒരാഴ്ചയിലേറെ വിശ്രമം കിട്ടിയിട്ടും ബുംറയെ കളിപ്പിക്കണ്ട എന്ന തീരുമാനം എടുത്തതിന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ മുന്‍കളിക്കാരും കളിവിദഗ്ധരുമെല്ലാം വിമര്‍ശിച്ചിരുന്നു. മുന്‍ക്യാപ്റ്റന്‍ രവി ശാസ്ത്രിയായിരുന്നു ഇതില്‍ പ്രമുഖന്‍. 'നിങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനില്ലാതെ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു കളിക്കിറങ്ങുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. ആദ്യ ടെസ്റ്റ് കഴിഞ്ഞ് ആവശ്യത്തിന് വിശ്രമം ബുംറയ്ക്ക് ലഭിച്ചിട്ടുണ്ട്.' രവി ശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റിനു മുന്‍പ് ബുംറയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത് മുന്‍ക്യാപ്റ്റനും മുന്‍ദേശീയ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ ആയിരുന്നു. 'ദേശീയ ടീമില്‍ കളിക്കുന്ന ഒരു കളിക്കാരന് താന്‍ എപ്പോള്‍ കളിക്കും, എപ്പോള്‍ കളിക്കില്ല എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടോ?'' വെങ്‌സാര്‍ക്കര്‍ അദ്ഭുതപ്പെടുന്നു. 'രാജ്യത്തിനു വേണ്ടി കളിക്കാന്‍ ഇറങ്ങുന്ന ഒരു കളിക്കാരന്‍ സ്വന്തം തിരഞ്ഞെടുപ്പിലൂടെ കളിക്കാനുള്ള അവസരങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ല. ഒരു പക്ഷേ, ഗംഭീറും അഗാര്‍ക്കറും ഇത് ശരിയാണെന്നു കരുതുന്നുണ്ടാവും.' വെങ്‌സാര്‍ക്കര്‍ പറഞ്ഞു. ' ഒന്നുകില്‍ നിങ്ങള്‍ മറ്റു കളിക്കാരെപ്പോലെ എല്ലാ കളികളും കളിക്കുക. അല്ലെങ്കില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തതിനു ശേഷം മാത്രം കളിക്കുക.'

ഈ വിമര്‍ശനങ്ങള്‍ പോലും സൂചിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ് - ടീം ഇന്ത്യയ്ക്ക് എത്രമാത്രം അനിവാര്യമാണ് ബുംറയുടെ സാന്നിധ്യം എന്നത്. പ്രശസ്ത ക്രിക്കറ്റ് കമന്‍റേറ്ററും വിശകലന വിദഗ്ധനുമായ ഹര്‍ഷ ഭോഗ്ലെ പറയുന്നത് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ബൗളര്‍ ആണ് ബുംറ എന്നാണ്.
ക്രിക്കറ്റില്‍ 300 വിക്കറ്റ് നേട്ടം എന്നത് സര്‍വസാധാരണമായ കാലത്താണ് 217 വിക്കറ്റ് മാത്രം നേടിയിട്ടുള്ള ഒരു ബൗളറെ ഇക്കാലത്തെ ഏറ്റവും മികച്ച പന്തേറുകാരനായി എല്ലാവരും വാഴ്ത്തുന്നത്. മണിക്കൂറില്‍ 145-150 കിലോ മീറ്റർ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ക്കു പോലും ശത്രു ബാറ്റിങ് നിരയില്‍ സൃഷ്ടിക്കാനാവാത്ത നടുക്കമാണ് ശരാശരി 138-140 കിലോ മീറ്റർ വേഗത്തില്‍ പന്തെറിയുന്ന ബുംറ സൃഷ്ടിക്കുന്നത്. ചിലപ്പോഴെല്ലാം ബാറ്റര്‍മാരെ ഞെട്ടിച്ചുകൊണ്ട് ചില പന്തുകള്‍ 150 കിലോ മീറ്റർ വേഗത്തിലും എറിഞ്ഞ് കുറ്റികള്‍ തെറിപ്പിക്കാറുണ്ട്. നിലവിലുള്ള പന്തേറുകാരില്‍ ബുംറയെക്കാള്‍ പ്രഹരശേഷിയുണ്ട് ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡയ്ക്ക്. ബുംറയുടെ പ്രഹരശേഷി 42.17 ആണെങ്കില്‍ റബാഡയുടേത് 38.98 ആണ്.

ഒരു ടെസ്റ്റ് മാച്ചില്‍ രണ്ടിന്നിങ്‌സിലുമായി പത്ത് വിക്കറ്റ് എന്ന ഏതു ബൗളറും കൊതിക്കുന്ന നേട്ടവും ബുംറയ്ക്ക് കൈവരിക്കാനായിട്ടില്ല. പക്ഷേ, 47 ടെസ്റ്റിനിടയില്‍ 15 തവണയാണ് ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് എന്ന നേട്ടം ബുംറ കൈവരിച്ചത്. റബാഡ നാലു തവണയും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു തവണയും നേട്ടം കൈവരിച്ചിട്ടുണ്ട്.

ഇതിനകം തന്നെ ശരാശരിയിലും (19.48) പ്രഹരശേഷി(42.17) യിലുമെല്ലാം ഇതിഹാസ താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് ബുംറയുടെ കുതിപ്പ്. ശരാശരിയിലും പ്രഹരശേഷിയിലുമെല്ലാം മുന്നില്‍ നില്‍ക്കുന്ന മാല്‍ക്കം മാര്‍ഷല്‍ (ആകെ വിക്കറ്റ് 376 , ശരാശരി 20.94, പ്രഹരശേഷി 46.70), വസീം അക്രം (414, 23.6, 54.6), വഖാര്‍ യൂനിസ് (373, 23.56, 54.6), അംബ്രോസ് (405, 20.99, 54.5) എന്നിവരെക്കാളെല്ലാം മികച്ച റെക്കോര്‍ഡാണ് ബുംറയ്ക്കിപ്പോള്‍ (217, 19.48, 42.17).
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസതാരങ്ങളുമായ നാസര്‍ ഹുസൈനും മൈക്കല്‍ ആതര്‍ട്ടണും സംശയലേശമന്യേ പറയുന്നു, ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ ജസ്പ്രീത് ബുംറ തന്നെ. 'ഞാന്‍ കളി നിര്‍ത്തിയതു ഭാഗ്യമായി. ഇല്ലെങ്കില്‍ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്തു ചെയ്‌തേനെ? ഏറ്റവും പ്രയാസകരമായ കോണുകളില്‍നിന്ന്, കളിക്കാന്‍ അസാധ്യമായ പന്തുകളാണ് ബുംറ എറിയുന്നത്.' ആര്‍തര്‍ട്ടണ്‍ പറയുന്നു. 'ഇന്ന് ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റ് എടുത്തു നോക്കിയാലും ബുംറയാണ് ഏറ്റവും മികച്ച ബൗളര്‍ എന്നു കാണാന്‍ കഴിയും.' നാസര്‍ ഹുസൈന്‍ ഉറപ്പിച്ചു പറയുന്നു. ആര്‍തര്‍ട്ടണ്‍ തിരുത്തുന്നു 'ഏറ്റവും മികച്ച ബൗളര്‍ എന്നല്ല, ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്നു വേണം പറയാന്‍.'

jaspeet bhumrah

ജസ്പ്രീത് ബുംറ

ബുംറയുടെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത് വിചിത്രവും സമാനതകളില്ലാത്തതുമായ ബൗളിങ് ആക്ഷന്‍ ആണ്. മറ്റൊരാളുമായും താരതമ്യപ്പെടുത്താന്‍ കഴിയാത്ത, തന്റേതു മാത്രമായ ബൗളിങ് ആക്ഷന്‍. ബുംറയുടെ ശക്തിയും ദൗര്‍ബല്യവും വിചിത്രമായ ഈ ബൗളിങ് ആക്ഷന്‍ തന്നെയെന്നു കളിവിദഗ്ധര്‍ പറയുന്നുണ്ട്. ബുംറയുടെ സവിശേഷമായ ബൗളിങ് ആക്ഷന്‍ പരിക്കുകള്‍ ഉണ്ടാവാന്‍ കാരണമാകുമെന്ന് പാക്കിസ്താന്‍റെ മുന്‍താരവും കൊടുങ്കാറ്റിന്റെ വേഗത്തില്‍ പന്തെറിയുകയും ചെയ്യുമായിരുന്ന ഷോയെബ് അക്തര്‍ മുന്‍പേ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ക്രിക്കറ്റില്‍ അതിവേഗ പന്തേറുകാര്‍ ജോടികളായാണ് വേട്ടയാടുന്നത് എന്ന് പറയാറുണ്ട്. ലില്ലി - തോംസണ്‍, റോബര്‍ട്‌സ് - ഹോള്‍ഡിങ്, ഹോള്‍ഡിങ് - മാര്‍ഷല്‍, വസിം അക്രം - വഖാര്‍ യൂനിസ്, വാല്‍ഷ് - ആംബ്രോസ്, ആന്‍ഡേഴ്‌സണ്‍ - ബ്രോഡ് ... പക്ഷേ, ഇന്ത്യയ്ക്ക് ഒരിക്കലും മുന്‍നിര പന്തേറുകാര്‍ ജോടികളായി ആക്രമണത്തിന്‍റെ മുന്‍നിരയില്‍ നിന്നിട്ടില്ല. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.... ഒറ്റയ്ക്ക് ബൗളിങ്ങിനെ നയിച്ച് തളര്‍ന്നുപോയവര്‍... ശക്തനായ ഒരു പങ്കാളി ഇവര്‍ക്കൊപ്പം ദീര്‍ഘനാള്‍ പന്തെറിയാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം കൂടുതല്‍ തിളക്കമാര്‍ന്നതായേനെ. ഇപ്പോള്‍ ബുംറയും നേരിടുന്ന പ്രതിസന്ധി ഇതു തന്നെയാണ്. മുഹമ്മദ് സിറാജ് കുറച്ചു നാളായി വിശ്രമമില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും തനിക്കൊത്ത ഒരു പങ്കാളിയെ കിട്ടിയിരുന്നെങ്കില്‍ ബുംറയുടെ പന്തേറിന് കൂടുതല്‍ മൂര്‍ച്ചയുണ്ടാവുമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പെരുമ ഉയര്‍ത്തിയത് ബാറ്റര്‍മാരും സ്പിന്നര്‍മാരുമായിരുന്നു. പന്ത് കുത്തിത്തിരിക്കുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച ബിഷന്‍ സിങ് ബേഡി, ബി.എസ്. ചന്ദ്രശേഖര്‍, ഇ.എ.എസ്. പ്രസന്ന, എസ്. വെങ്കട്ടരാഘവന്‍ എന്നിവര്‍ 1970-കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിച്ചു. സുനില്‍ ഗാവസ്‌കര്‍ എന്ന വിശ്വോത്തര ഓപ്പണിങ് ബാറ്റര്‍ക്കൊപ്പം മധ്യനിരയില്‍ ഗുണ്ടപ്പ വിശ്വനാഥ്, ദിലീപ് വെങ്‌സര്‍ക്കര്‍, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരും കരുത്തുകാട്ടി. 1970-കളുടെ അവസാനത്തില്‍ അതിവേഗ പന്തേറുകാരനായി രംഗത്തുവന്ന കപില്‍ ദേവ് പക്ഷേ, തനിച്ചായിരുന്നു. അസാമാന്യമായ ശാരീരിക ക്ഷമതയുണ്ടായിരുന്ന കപില്‍ദേവ് 131 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. പരുക്കു മൂലം ഒരു ടെസ്റ്റ് പോലും നഷ്ടമാവാതിരുന്ന കപില്‍ ദേവ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായത് സമാനതകളില്ലാത്ത പോരാട്ടവീര്യം കൊണ്ടുകൂടിയാണ്. പക്ഷേ, പന്തെറിയാന്‍ വിശ്വസ്തനായ ഒരു പങ്കാളിയെ കൂടെ കിട്ടാതെ കപില്‍ ദേവും എറിഞ്ഞു തളര്‍ന്നു.

1980-കളുടെ അവസാനം കളിക്കളത്തില്‍ അരങ്ങേറിയ വിസ്മയബാലന്‍, കൗമാരക്കാരന്‍ സച്ചിന്‍ തെണ്ടുൽക്കര്‍, ഇന്ത്യയുടെ ബാറ്റിങ്ങിന്‍റെ മാറുന്ന ചലനങ്ങളെ മുന്നില്‍നിന്നു നയിച്ചു. 90-കളില്‍ സച്ചിന് കൂട്ടായി മൂന്നു പേര്‍ കൂടി എത്തി - സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍. പിന്നെ അനില്‍ കുംബ്ളെ, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ്, യുവ് രാജ് സിങ്, ധോണി, വിരാട് കോലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍... സൂപ്പര്‍ താരങ്ങള്‍ ഒട്ടേറെപ്പേര്‍ ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം വീരോചിതമായ അധ്യായങ്ങള്‍ രചിച്ചു.

നമ്മള്‍ ഗാവസ്കര്‍ എന്നു പറഞ്ഞപ്പോള്‍ വെസ്റ്റ് ഇന്‍ഡീസുകാര്‍ വിവ് റിച്ചാര്‍ഡ്സ് എന്നു പറഞ്ഞു. നമ്മള്‍ കപില്‍ ദേവ് എന്നു പറഞ്ഞപ്പോള്‍ പാക്കിസ്താന്‍ ആരാധകര്‍ ഇമ്രാന്‍ ഖാന്‍ എന്നും ഇംഗ്ളണ്ടുകാര്‍ ഇയാന്‍ ബോതം എന്നും പറഞ്ഞു. പിന്നീട് നമ്മള്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍ എന്ന ഇതിഹാസത്തെക്കുറിച്ച് വമ്പ് പറഞ്ഞപ്പോള്‍ ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങുമെല്ലാം മറുഭാഗത്തു നിരന്നു. പുതിയ കാലത്തിന്‍റെ രാജാവായി കിങ് കോലി വന്നപ്പോഴും ജോ റൂട്ടും സ്റ്റീവ് സ്മിത്തുമെല്ലാം അതിനൊപ്പമോ അതിലും മീതെയോ വാഴ്ത്തപ്പെട്ടു. പക്ഷേ, ഇതാദ്യമായി ഇന്ത്യക്കൊപ്പം ലോകവും പറയുന്നു, ഇവനെപ്പോലെ മറ്റൊരു പന്തേറുകാരന്‍ ഇല്ല.

ഒരു പേസ് ബൗളറിന് ചേരാത്ത മട്ടിലുള്ള ചെറിയ റണ്ണപ്പില്‍നിന്ന് പന്തെറിയുന്നതിനായി ബുംറ ഓടിയെത്തുമ്പോള്‍, ബാറ്റിങ് ക്രീസില്‍ ഹൃദയമിടിപ്പിന് വേഗമേറുന്നു. അസാധ്യ കോണുകളില്‍നിന്ന് പന്തു കുത്തി ഉയരുമ്പോള്‍ ബാറ്റിങ് ലോകത്തെ ഏറ്റവും വിഷമം പിടിച്ച ജോലിയാവുന്നു. ട്രാവിസ് ഹെഡ്ഡിനെപ്പോലെ, ഹെയ്​ൻ​റിക് ക്‌ളാസനെപ്പോലെ, ജോ റൂട്ടിനെപ്പോലെ സാങ്കേതിക മികവുള്ള കളിക്കാരും തല കുലുക്കി സമ്മതിക്കുന്നു; ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ ബുംറ തന്നെ.

ഓള്‍ഡ് ട്രാഫോര്‍ഡിലെ നാലാം ടെസ്റ്റില്‍ കളിച്ചാല്‍ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ ബുംറ കളിക്കാന്‍ ഇറങ്ങുമോ?. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങോ ബൗളിങ്ങോ അല്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നത് ഈ സാഹചര്യത്തിലാണ്. ബുംറയുടെ ശാരീരിക ക്ഷമതയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വര്‍ക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പദം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറ്റവും പരിചിതമായതും ഈ അസാധാരണ സാഹചര്യത്തിലാണ്. എത്രമാത്രം വില പിടിച്ചതാണ് ബുംറയുടെ തോളുകളും കാല്‍മുട്ടുകളും എന്ന് ഈ കരുതല്‍ വ്യക്തമാക്കുന്നു.

ബാറ്റര്‍മാരും സ്പിന്നര്‍മാരും കളിക്കളം വാണ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ചരിത്രം മാറ്റിയെഴുതുന്നത് ഒരു ഫാസ്റ്റ് ബൗളര്‍ ആണ്. കളിയെഴുത്തുകാരും വിശകലന വിദഗ്ധരും ഉറ്റുനോക്കുന്നത് അയാള്‍ കളിക്കുന്നുണ്ടോ എന്നാണ്. കളിക്കാനാവില്ലെങ്കില്‍ മാറിനില്‍ക്കൂ എന്ന് വെങ്സാര്‍ക്കറെ പോലെയുള്ളവര്‍ പറഞ്ഞാലും അതെളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഐസിസി റാങ്കിങ്ങില്‍ മൂന്നു ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി 20) ഒരേ സമയം ഒന്നാം റാങ്കില്‍ എത്തിയ മറ്റൊരു ബൌളര്‍ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായ ഒരു തിരുത്തിയെഴുതല്‍. ഒരു പന്തേറുകാരന്‍ കളിയെ കീഴടക്കുന്നതിന്‍റെ അവിശ്വസനീയമായ വിജയഗാഥ.

Read Entire Article