ബുദ്ധി ഉപദേശിച്ച് വീണ്ടും നെഹ്‍റ, രണ്ടാം പന്തിൽ സഞ്ജുവിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ്; ഒറ്റ തന്ത്രത്തിൽ കളി തിരിഞ്ഞു!

9 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 10 , 2025 01:05 PM IST

1 minute Read

 X@IPL
മത്സരത്തിനിടെ ജയന്ത് യാദവിനോടു സംസാരിക്കുന്ന ആശിഷ് നെഹ്റ, സഞ്ജു പുറത്തായി മടങ്ങുന്നു. Photo: X@IPL

അഹമ്മദാബാദ്∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വിജയ മോഹങ്ങൾ തകർത്തെറിഞ്ഞത് പരിശീലകൻ ആശിഷ് നെഹ്‍റയുടെ തന്ത്രങ്ങൾ. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ ബാറ്റു ചെയ്ത സഞ്ജു സാംസൺ– ഷിമ്രോൺ ഹെറ്റ്മിയർ സഖ്യം പൊളിച്ചത് ആശിഷ് നെഹ്റയായിരുന്നു. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു. 

എന്നാൽ സഞ്ജു സാംസണോടൊപ്പം ഷിമ്രോൺ ഹെറ്റ്മിയറും ചേർന്നതോടെ രാജസ്ഥാൻ അനായാസം 100 പിന്നിട്ടു. അപകടം മണത്തതോടെയാണ് സഞ്ജുവിനെ പുറത്താക്കാൻ തന്ത്രവുമായി ആശിഷ് നെഹ്റയെത്തിയത്. വെള്ളം കൊടുക്കാൻ വന്ന ജയന്ത് യാദവിലൂടെ ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ പ്രസിദ്ധ് കൃഷ്ണയിലേക്ക് നെഹ്‍റയുടെ സന്ദേശമെത്തി. 12–ാം ഓവർ പൂർത്തിയായപ്പോഴായിരുന്നു ഇത്. 13–ാം ഓവര്‍ എറിയാനെത്തിയ പ്രസിദ്ധിന്റെ രണ്ടാം പന്തിൽ സഞ്ജു പുറത്തായി.

പിച്ചിലെ ബൗൺസ് മുതലാക്കി പന്തെറിഞ്ഞ പ്രസിദ്ധിനെ സഞ്ജു ബൗണ്ടറി കടത്താൻ ശ്രമിച്ചെങ്കിലും, എഡ്ജായ പന്ത് സായ് കിഷോറിന്റെ കൈകളിലേക്കാണു പോയത്. 28 പന്തുകൾ നേരിട്ട സഞ്ജു 41 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. രണ്ടു സിക്സറുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജു ഔട്ടായത് ഗുജറാത്തിനു വലിയ ആശ്വാസമായി. അര്‍ധ സെഞ്ചറി നേടിയ ഷിമ്രോൺ ഹെറ്റ്മിയറും മത്സരത്തിൽ ഇതേ രീതിയിലാണു പുറത്തായത്. 32 പന്തുകൾ നേരിട്ട വിൻഡീസ് താരം 52 റൺസെടുത്തു.

മത്സരത്തിൽ 58 റൺസിന്റെ വമ്പൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ 159 റൺസ് നേടി രാജസ്ഥാൻ ബാറ്റിങ് അവസാനിപ്പിച്ചു. തുടർച്ചയായ നാലാം വിജയം നേടിയ ഗുജറാത്ത് എട്ടു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്.

English Summary:

Ashish Nehra's plan, bowling alteration instrumentality Sanju Samson wicket

Read Entire Article