കന്നഡയുടെ ഉത്ഭവം തമിഴില്‍നിന്നാണെന്ന കമല്‍ ഹാസന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ കന്നഡ ഭാഷാപണ്ഡിതര്‍ രംഗത്ത്. കമല്‍ ഹാസന്റെ വാക്കുകള്‍ ബുദ്ധിശൂന്യമാണെന്ന് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഹംപ നാഗരാജയ്യ പറഞ്ഞു. കമല്‍ ഹാസന്റെ അവകാശവാദം പരിപൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദ്രാവിഡ ഭാഷകളെല്ലാം ഉത്ഭവിച്ചത് ഇന്ന് നിലവിലില്ലാത്ത ആദിമ ദ്രവീഡിയന്‍ ഭാഷയില്‍നിന്നാണെന്ന് ഹംപ നാഗരാജയ്യ പറഞ്ഞു. ഇതില്‍ തന്നെ ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷകളാണ് തമിഴും കന്നഡയും. ഇവരണ്ടും ഒരേ കുടുംബത്തിൽ ഉള്‍പ്പെടുന്ന സഹോദരഭാഷകളാണ്. ഒരുഭാഷയും മറ്റൊരു ഭാഷയുടെ മാതൃരൂപമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമലിന്റെ പ്രസ്താവന അബദ്ധവും അസംബന്ധവുമാണെന്ന് കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനും ഭാഷാധ്യാപകനുമായ പുരുഷോത്തമ ബിലിമാലെ പറഞ്ഞു. കമല്‍ ഹാസന്റെ പ്രസ്താവന അപമാനകരവും പ്രകോപനപരവുമാണ്. കന്നഡ, തമിഴ്, തുളു, തെലുങ്ക്, മലയാളം ഉള്‍പ്പെടെ നൂറോളം ഭാഷകള്‍ ആദിമ ദ്രവീഡിയന്‍ ഭാഷയില്‍നിന്ന് വന്നതാണ്. ആ ഭാഷ ഇപ്പോള്‍ നിലവിലില്ല. ഒഡിഷയില്‍ സംസാരിക്കുന്ന കുയി എന്നൊരു ഭാഷയുണ്ട്. അത് തമിഴിനേക്കാള്‍ പഴയതാണ്. അതും ദ്രാവിഡ ഭാഷയാണ്. ഒരുഭാഷ മറ്റൊരു ഭാഷയില്‍നിന്ന് ഉടലെടുത്തതാണെന്ന വാദം അപകടകരമാണ്. അത് ആധിപത്യമനോഭാവത്തില്‍നിന്ന് ഉടലെടുക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ എല്ലാഭാഷകളുടേയും പിറവി സംസ്‌കൃതത്തില്‍നിന്നാണെന്ന വാദത്തേയും പുരുഷോത്തമ ബിലിമാലെ എതിര്‍ത്തു. സംസ്‌കൃതം ഇന്‍ഡോ- ആര്യന്‍ ഭാഷയാണ്. നൂറ്റാണ്ടുകളുടെ ഉപയോഗത്തിനിടെ നിരവധി സംസ്‌കൃത വാക്കുകള്‍ ദ്രാവിഡ ഭാഷകളിലേക്ക് കടന്നുകയറിയിട്ടുണ്ട്. എന്നാല്‍, അതിനര്‍ഥം ഏതെങ്കിലും ദ്രാവിഡ ഭാഷയുടെ മാതാവ് സംസ്‌കൃതമാണെന്നല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'തഗ് ലൈഫി'ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കന്നഡയുടെ ഉത്ഭവം തമിഴില്‍നിന്നാണെന്ന് അവകാശപ്പെടുന്ന പ്രസ്താവന കമല്‍ ഹാസന്‍ നടത്തിയത്. പരാമര്‍ശത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രംഗത്തെത്തിയിരുന്നു. നടന്‍ ശിവരാജ് കുമാറിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരാമര്‍ശത്തിനെത്തില്‍ കമല്‍ ഹാസനോട് മാപ്പ് ആവശ്യപ്പെടാന്‍ കന്നഡ സിനിമാമേഖലയ്ക്കുമേലും സമ്മര്‍ദ്ദമുണ്ട്. അതേസമയം, തന്റെ പ്രസ്താവന സ്‌നേഹത്തില്‍നിന്നാണെന്നും മാപ്പ് പറയില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Kamal Haasan`s arguable connection connected Kannada`s root faces backlash from Kannada scholars
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·