Published: June 27 , 2025 10:34 PM IST
1 minute Read
ന്യൂഡൽഹി∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ ജസ്പ്രീത് ബുമ്ര എത്ര ടെസ്റ്റുകളിൽ കളിക്കുമെന്നത് ഉൾപ്പെടെ പരസ്യമാക്കുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ശൈലിയെ വിമർശിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ബുമ്രയേപ്പോലെ പ്രധാനപ്പെട്ട താരം ഏതൊക്കെ ടെസ്റ്റുകളിൽ കളിക്കില്ല എന്നത് നേരത്തെ പ്രഖ്യാപിക്കുന്നത് എതിർ ടീമിന് സഹായകരമാകുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഓരോ ടെസ്റ്റിനുമുള്ള ടീമിനേപ്പോലും നേരത്തെ പ്രഖ്യാപിക്കുന്ന പതിവില്ലാത്ത ഇന്ത്യയ്‌ക്ക്, ബുമ്രയുടെ കാര്യത്തിൽ എന്തുകൊണ്ടാണ് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാകാത്തതെന്ന് ചോപ്ര ചോദിച്ചു. ഇത് മോശം പ്രവണതയാണെന്നും അദ്ദേഹം തുറന്നടിച്ചു.
‘‘ഈ പരമ്പരയിൽ മൂന്നു ടെസ്റ്റുകൾ മാത്രമേ കളിക്കൂവെന്ന് ബുമ്ര പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, ഇക്കാര്യം പരസ്യമായി പറയേണ്ടതുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ഇക്കാര്യം ടീമിന്റെ ഉള്ളിൽ മാത്രം അറിയുന്ന ഒരു സ്വകാര്യമാക്കി വയ്ക്കാതിരുന്നത്? നമുക്ക് നേരത്തെ ടീം പ്രഖ്യാപിക്കുന്ന പതിവു പോലുമില്ലെന്ന് ഓർക്കണം’ – ആകാശ് ചോപ്ര പറഞ്ഞു.
‘‘ഇന്ത്യ ഇംഗ്ലണ്ടിൽ എത്തുന്നതിനു മുൻപേ തന്നെ, ബുമ്ര അവിടെ മൂന്നു ടെസ്റ്റുകൾ മാത്രമേ കളിക്കൂ എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കേണ്ട സാഹചര്യം എന്തായിരുന്നു? ഇത്തരം കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതിലും നല്ലത് എതിർ ടീമിനു മുന്നിൽ രഹസ്യമാക്കി വയ്ക്കുന്നതല്ലേ? ഇന്ത്യൻ ടീമിൽ നിങ്ങൾക്ക് സൗകര്യമുള്ളവരെ കളിപ്പിക്കുക. ആരൊക്കെ കളിക്കുമെന്ന് അവർ ഊഹിച്ചു കണ്ടുപിടിക്കട്ടെ’ – ആകാശ് ചോപ്ര പറഞ്ഞു.
‘‘ജസ്പ്രീത് ബുമ്ര ഇതിനകം ഒരു ടെസ്റ്റ് കളിച്ചുകഴിഞ്ഞു. ഇനി ശേഷിക്കുന്ന നാലു ടെസ്റ്റുകളിൽ പരമാവധി രണ്ടു ടെസ്റ്റുകളിലേ അദ്ദേഹം കളിക്കൂ. അത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരിക്കലും ശുഭസൂചനയല്ല. ബുമ്ര രണ്ടാം ടെസ്റ്റിലും കളിച്ചാൽ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിൽ ഒറ്റ ടെസ്റ്റിലേ പിന്നീട് കളിക്കൂ. അതോടെ എതിർ ടീമിന് കൂടുതൽ മനോബലം ലഭിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായ ബുമ്ര ഇല്ലാ എന്നു വരുമ്പോളഅ, അവർക്ക് അതിന് അനുസരിച്ച് പിച്ചു പോലും തയാറാക്കാമല്ലോ’ – ചോപ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത തലമുറയിലേക്ക് കൂടുതൽ മികച്ച പേസ് ബോളർമാരെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചുവെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ‘‘അടുത്ത തലമുറയിലേക്കുള്ള പേസ് ബോളർമാരെ തയാറാക്കി നിർത്തേണ്ട സമയമായി. ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. വിദേശ പിച്ചുകളിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ബാറ്റർമാർക്ക് മികച്ച സ്കോർ കണ്ടെത്താനായില്ലെങ്കിൽ എതിർ ടീമിന്റെ 20 വിക്കറ്റ് വീഴ്ത്താനാകുന്ന പേസ് ബോളർമാർ ഉണ്ടായിരുന്നു. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഫലപ്രദമായ കൂട്ടുകെട്ടു തീർക്കാൻ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നമുക്കുണ്ടായിരുന്നു’ – ചോപ്ര പറഞ്ഞു.
‘‘ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാർ മികച്ച പ്രകടനം കാഴ്ചവച്ച ലോഡ്സിലെ ആ ടെസ്റ്റ് മത്സരവും ഞാൻ ഓർക്കുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് കളിക്കാനാകാത്ത സാഹചര്യം വന്നാൽ ഉത്തരവാദിത്തം ഏൽക്കാൻ ആരാണ് ഉള്ളത്. മുഹമ്മദ് ഷമിയുടെ കാലം കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. മുഹമ്മദ് സിറാജ് കൊള്ളാമെങ്കിലും ബുമ്രയുടെയും ഷമിയുടെയും നിലവാരത്തിൽ എത്തിയിട്ടില്ല’ – ചോപ്ര പറഞ്ഞു.
English Summary:








English (US) ·