‘ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്’: താരത്തിന്റെ ജോലിഭാരം സംബന്ധിച്ച വിവാദത്തിനിടെ തുറന്നടിച്ച് മുൻ താരം

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 17 , 2025 12:31 PM IST Updated: July 17, 2025 12:48 PM IST

1 minute Read

jasprit-bumrah-1
ജസ്പ്രീത് ബുമ്ര (ഫയൽ ചിത്രം, X/@BCCI)

ലണ്ടൻ∙ ജസ്പ്രീത് ബുമ്രയുടെ ജോലിഭാരവും അതു ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളും ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയാകുന്നതിനിടെ, ബുമ്ര ടീമിലുള്ള കളികളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നതെന്ന് തുറന്നടിച്ച് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ പൂർത്തിയായ മൂന്നു ടെസ്റ്റുകളിൽ, ബുമ്ര കളിക്കാതിരുന്ന മത്സരത്തിലാണ് (എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റ്) ഇന്ത്യ ജയിച്ചത്. ബുമ്ര കളിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതനിടെയാണ്, ബുമ്ര കളിക്കാത്ത മത്സരങ്ങളിലാണ് ഇന്ത്യയ്‌ക്ക് വിജയസാധ്യത കൂടുതലെന്ന മുൻ താരത്തിന്റെ പരാമർശം.

‘‘ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളിൽ മൂന്ന് എണ്ണത്തിൽ മാത്രമേ ജസ്പ്രീത് ബുമ്ര കളിക്കൂ എന്നാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ പറയുന്നത്. അതുകൊണ്ട് ഇനിയുള്ള രണ്ടു ടെസ്റ്റുകളിൽ ഒന്നിൽ മാത്രമേ അദ്ദേഹം കളിക്കൂ എന്നു കരുതാം. പൂർത്തിയായ മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ബുമ്ര കളിച്ചുകഴിഞ്ഞു’ – ഇംഗ്ലണ്ടിന്റെ മുൻ താരം കൂടിയായ ഡേവിഡ് ലോയ്ഡ് പറഞ്ഞു.

‘‘ഇന്ത്യൻ ടീമിന്റെ വാക്കു വിശ്വസിക്കാമെങ്കിൽ, ഓൾഡ് ട്രാഫോഡിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ബുമ്ര കളിക്കുമെന്ന് കരുതാം. പക്ഷേ ഇന്ത്യൻ ടീം വാക്കു മാറ്റാനുള്ള സാധ്യതയുമുണ്ട്. നാലാം ടെസ്റ്റിൽ ബുമ്രയെ കളിപ്പിക്കുകയും ഇന്ത്യ ജയിച്ച് പരമ്പരയിൽ 2–2ന് ഒപ്പമെത്തുകയും ചെയ്താൽ, ഓവലിലെ അഞ്ചാം ടെസ്റ്റിലും അദ്ദേഹത്തെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ജയിച്ച് 3–1ന് ലീഡെടുത്താൽ ഒരുപക്ഷേ അദ്ദേഹത്തെ കളിപ്പിച്ചേക്കില്ല. പരമ്പര സമനിലയിലായാൽ ബുമ്ര കളിക്കാനാണ് എല്ലാ സാധ്യതയും’ – ലോയ്ഡ് പറഞ്ഞു.

അതേസമയം, ബുമ്രയുടെ അസാന്നിധ്യത്തിലാണ് ഇന്ത്യ കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ളതെന്ന്, അവതാരകന്റെ പരാമർശത്തിന് മറുപടിയായി ലോയ്ഡ് പറഞ്ഞു. ബിർമിങ്ങാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബുമ്രയുടെ അസാന്നിധ്യത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബുമ്രയ്ക്ക് പകരം അവസരം ലഭിച്ച ആകാശ്ദീപ് സിങ് 10 വിക്കറ്റുമായി തിളങ്ങിയതോടെയാണ് ഇന്ത്യ പരമ്പരയിലെ ഏക വിജയം സ്വന്തമാക്കിയത്.

‘‘തികച്ചും അസാധ്യമെന്ന് തോന്നാമെങ്കിലും, ബുമ്രയില്ലാതെയാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ ജയിക്കുന്നത് എന്നതാണ് വാസ്തവം. ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബോളറാണെങ്കിലും, അദ്ദേഹം ടീമിലുള്ളപ്പോഴാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ തോൽക്കുന്നത് എന്ന രീതിയിൽ ചർച്ചകളുണ്ട്.’ – ലോയ്ഡ് പറഞ്ഞു.

2018ൽ ബുമ്ര ഇന്ത്യൻ ടീമിൽ അരങ്ങേറിയതു മുതൽ ഇതുവരെ കളിച്ചത് 47 ടെസ്റ്റുകളാണ്. അതിൽ 20 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ 23 എണ്ണത്തിൽ തോൽവി വഴങ്ങി. നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇതേ കാലയളിൽ ബുമ്രയെ കൂടാതെ കളിച്ച 27 ടെസ്റ്റുകളിൽ ഇന്ത്യ തോറ്റത് അഞ്ചെണ്ണത്തിൽ മാത്രമാണ്. 19 ടെസ്റ്റുകൾ ഇന്ത്യ ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു.

English Summary:

‘India suffer much erstwhile Jasprit Bumrah plays’: David Lloyd’s bonzer swipe

Read Entire Article