Published: July 03 , 2025 06:00 PM IST Updated: July 03, 2025 11:25 PM IST
2 minute Read
ബർമിങ്ങാം∙ സൂപ്പർ താരം ജസ്പ്രീത് ബുമ്രയില്ലാതെ ഇറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ വിറപ്പിക്കുന്നു. ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 25 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 20 ഓവറിൽ മൂന്നിന് 77 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടും (37 പന്തിൽ 18), ഹാരി ബ്രൂക്കുമാണ് (53 പന്തിൽ 30) പുറത്താകാതെ നിൽക്കുന്നത്. ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായെത്തിയ പേസർ ആകാശ്ദീപിന്റെ പ്രകടനമാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കു പ്രതീക്ഷയായത്. മൂന്നാം ഓവറിലെ നാല്, അഞ്ച് പന്തുകളിൽ ബെൻ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ ആകാശ് ദീപ് പുറത്താക്കി. 30 പന്തിൽ 19 റൺസെടുത്ത സാക് ക്രൗലിയെ മുഹമ്മദ് സിറാജ് കരുൺ നായരുടെ കൈകളിലെത്തിച്ചു. ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽനിന്ന് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസെടുത്തു പുറത്തായി. റെക്കോർഡുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോങ്ങിന്റെ പന്തിൽ ഒലി പോപ് ക്യാച്ചെടുത്താണു ഗില്ലിനെ മടക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബർമിങ്ങാമിൽ ഗിൽ സ്വന്തമാക്കിയത്. 311 പന്തുകളിൽനിന്നാണ് ഗിൽ 200 റൺസ് പിന്നിട്ടത്. രണ്ടാം ദിനവും ബാറ്റിങ് തുടർന്ന ഗിൽ റെക്കോർഡ് പ്രകടനവുമായി ഗ്രൗണ്ട് വിട്ടു. അഞ്ചിന് 211 എന്ന നിലയിൽനിന്ന് ഇന്ത്യൻ സ്കോർ 500 പിന്നിടുന്നതിൽ ഗില്ലിന്റെ പ്രകടനം നിർണായകമായി.
137 പന്തുകൾ നേരിട്ട ജഡേജ 89 റൺസെടുത്തു പുറത്തായി. 108–ാം ഓവറിൽ ജോഷ് ടോങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്. വാലറ്റത്ത് 103 പന്തിൽ 42 റൺസെടുത്ത വാഷിങ്ടൻ സുന്ദറും രണ്ടാം ദിവസം തിളങ്ങി. ഒന്നാംദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ആക്രമണ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത് ഓപ്പണർ ജയ്സ്വാൾ ആണെങ്കിൽ വിക്കറ്റ് നഷ്ടങ്ങൾക്കിടയിൽ മധ്യനിരയെ താങ്ങിനിർത്തിയത് ക്യാപ്റ്റൻ ഗില്ലാണ്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 66 റൺസും ഇന്നിങ്സിൽ നിർണായകമായി. ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും ഗിൽ സെഞ്ചറി നേടിയിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ന്യൂബോളിൽ താളം കണ്ടെത്താതെ വലഞ്ഞ കെ.എൽ.രാഹുലിനെ (2) ക്രിസ് വോക്സ് ബോൾഡാക്കി. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ കരുൺ നായർ (31) തുടർച്ചയായ ബൗണ്ടറികളിലൂടെ ഇന്ത്യയെ വിക്കറ്റ് വീഴ്ചയുടെ സമ്മർദത്തിൽനിന്ന് കരകയറ്റി. അതുവരെ പതുങ്ങിനിന്ന ജയ്സ്വാളും കരുണിന്റെ വരവോടെ ആക്രമണത്തിലേക്കു തിരിഞ്ഞു. 90 പന്തിൽ 80 റൺസാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്.
ജയ്സ്വാളിനു കൂട്ടായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡിൽ വീണ്ടും ആവേശമായി. ഗുഡ് ലെങ്ത് പന്തുകൾക്കു മുൻപിൽ പ്രതിരോധക്കോട്ട കെട്ടിയ ജയ്സ്വാൾ ഷോർട് ബോളുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സ്കോറുയർത്തിയത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 69 പന്തിൽ 62 റൺസ് നേടിയിരുന്ന ജയ്സ്വാൾ രണ്ടാം സെഷനിൽ സ്കോറിങ്ങിന്റെ വേഗം കുറച്ചു. ഒടുവിൽ ആറാം ടെസ്റ്റ് സെഞ്ചറിക്ക് 13 റൺസ് അകലെ ബെൻ സ്റ്റോക്സിന്റെ പന്തിൽ അലക്ഷ്യമായ ഷോട്ടിൽ ജയ്സ്വാൾ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ ഏഴാം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാൾ തുടർച്ചയായ ഏഴാം അർധ സെഞ്ചറിയാണ് നേടിയത്. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഒരു സ്പെഷലിസ്റ്റ് ബാറ്ററുടെ കുറവോടെയാണ് ഇന്ത്യ ഇന്നലെ മത്സരത്തിനിറങ്ങിയത്. മധ്യനിരയിൽ ലീഡ്സിലേതിനു സമാനമായ കൂട്ടത്തകർച്ച ഭയന്ന ഇന്ത്യയെ കാത്തത് ക്യാപ്റ്റൻ ഗില്ലിന്റെ കരളുറപ്പാണ്. നാലാം വിക്കറ്റിൽ ഗില്ലിനൊപ്പമുള്ള 47 റൺസിന്റെ കൂട്ടുകെട്ടിനുശേഷം ഋഷഭ് പന്ത് (25) പുറത്തായി. പ്രതീക്ഷയോടെയെത്തിയ നിതീഷ് കുമാറിന് (1) 6 പന്തുകൾ മാത്രമായിരുന്നു ആയുസ്സ്. 2 വിക്കറ്റ് നഷ്ടത്തിൽ 161 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത 50 റൺസിനിടെ നഷ്ടമായത് 3 വിക്കറ്റുകൾ. എന്നാൽ ആറാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ടുമായി പുറത്താകാതെ നിൽക്കുന്ന ഗില്ലിന്റെയും രവീന്ദ്ര ജഡേജയും പോരാട്ടം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തകർത്തു.
English Summary:








English (US) ·