Published: July 21 , 2025 09:40 AM IST Updated: July 21, 2025 09:54 AM IST
1 minute Read
-
യുവ പേസർ അംശുൽ കംബോജിനെ സ്ക്വാഡിൽ ഉൾപ്പെടുത്തി
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് 23ന് തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന് തലവേദനയായി പേസർമാരുടെ പരുക്ക്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങിയ പേസർ ആകാശ് ദീപും ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ഇടംകൈ പേസർ അർഷ്ദീപ് സിങ്ങും പരുക്കിന്റെ പിടിയിലാണ്.
ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും നാലാം ടെസ്റ്റിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതോടെ യുവ പേസർ അംശുൽ കംബോജിനെ ഇവർക്കു ബായ്ക്കപ്പായി സ്ക്വാഡിൽ ഉൾപ്പെടുത്തി. മൂന്നാം ടെസ്റ്റിനിടെയാണ് ആകാശ് ദീപിനു പരുക്കേറ്റത്.
കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിടെയായിരുന്നു അർഷ്ദീപിന്റെ പരുക്ക്. മുഖ്യപേസർ ജസ്പ്രീത് ബുമ്രയ്ക്ക് നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ രണ്ടു പേർ പരുക്കിന്റെ പിടിയിലായത് ടീമിനെ പ്രതിസന്ധിയിലാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സ്ക്വാഡിലെ മറ്റു പേസർമാർ.
പ്രതീക്ഷയോടെ അംശുൽഇംഗ്ലണ്ട് ലയൺസിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ എയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇരുപത്തിനാലുകാരൻ അംശുൽ കംബോജിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഹരിയാന സ്വദേശിയായ അംശുൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന് എതിരായ മത്സരത്തിൽ ഹരിയാനയ്ക്കായി ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയതോടെയാണ് ആഭ്യന്തര ക്രിക്കറ്റിൽ അംശുൽ ശ്രദ്ധേയനായത്. 6 മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റായിരുന്നു ടൂർണമെന്റിൽ വലംകൈ പേസറുടെ നേട്ടം.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BCCI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·