‘ബുമ്രയുടെ സൗകര്യത്തിനല്ല ഏതൊക്കെ മത്സരങ്ങളിൽ കളിക്കണമെന്ന് തീരുമാനിക്കേണ്ടത്; ഫിറ്റാണെങ്കിൽ എല്ലാ മത്സരങ്ങൾക്കും ഇറങ്ങണം’

6 months ago 9

ഓൺലൈൻ ഡെ‌സ്‌ക്

Published: July 18 , 2025 09:01 AM IST

1 minute Read

ജസ്പ്രീത് ബുമ്ര (ഫയൽ ചിത്രം, X/@BCCI)
ജസ്പ്രീത് ബുമ്ര (ഫയൽ ചിത്രം, X/@BCCI)

ന്യൂഡൽഹി∙ ബോളറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചല്ല ഒരു പരമ്പരയിലെ ഏതൊക്കെ മത്സരങ്ങളിൽ അദ്ദേഹത്തെ കളിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്സർക്കാർ. പൂർണമായും കായികക്ഷമതയുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഒരാളെ ടീമിൽ ഉള്‍പ്പെടുത്തിയാൽ, ആ പരമ്പരയിലെ എല്ലാ കളികളിലും അദ്ദേഹത്തെ കളിപ്പിക്കണമെന്ന് വെങ്സർക്കാർ ആവശ്യപ്പെട്ടു. ജോലിഭാര ക്രമീകരണമെന്ന ആശയം ശരിയല്ലെന്നും, പരുക്കിന്റെ പിടിയിലല്ലെങ്കിൽ എല്ലാ മത്സരങ്ങളും കളിപ്പിക്കുകയാണ് വേണ്ടതെന്നും വെങ്സർക്കാർ തുറന്നടിച്ചു.

‘‘ഏതൊക്കെ മത്സരങ്ങളിൽ കളിക്കണമെന്ന് ബോളർമാർ അവരുടെ സൗകര്യത്തിന് അനുസരിച്ച് തീരുമാനിക്കുന്ന ശൈലിയോട് എനിക്ക് വിയോജിപ്പാണ്. ഒരാൾ പൂർണമായും ഫിറ്റായിരിക്കുകയും ടീമിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എല്ലാ മത്സരങ്ങളും കളിക്കാൻ തയാറായിരിക്കണം.’ – വെങ്സർക്കാർ പറഞ്ഞു.

‘‘ബുമ്ര തീർച്ചയായും ലോകോത്തര ബോളർ തന്നെയാണ്. ഇന്ത്യയ്‌ക്ക് വിജയം സമ്മാനിക്കാൻ കെൽപ്പുള്ളയാളുമാണ്. പക്ഷേ, ഒരു പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, എല്ലാ മത്സരങ്ങളും കളിക്കാൻ തയാറായിരിക്കണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ഏതൊക്കെ മത്സരങ്ങൾ കളിക്കണമെന്ന് തീരുമാനിക്കുന്നത് ശരിയല്ല’ – വെങ്സർക്കാർ പറഞ്ഞു.

താൻ ക്യാപ്റ്റനായിരിക്കുന്ന സമയത്താണെങ്കിൽ ഇത്തരമൊരു നയം ഒരിക്കലും അനുവദിച്ചുകൊടുക്കില്ലെന്നും വെങ്സർക്കാർ തുറന്നടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങൾക്കിടയിൽ ആരോഗ്യകരമായ ഇടവേളയുണ്ട്. അതിനെല്ലാം പുറമേ വീണ്ടും വിശ്രമം അനുവദിക്കേണ്ട കാര്യമില്ലെന്ന് വെങ്സർക്കാർ പറഞ്ഞു.

‘‘ഇന്ത്യയ്ക്കായി കളിക്കുന്നതാണ് എല്ലാറ്റിലും പ്രധാനം. പൂർണ കായികക്ഷമതയില്ലെങ്കിൽ ടീമിന്റെ ഭാഗമായിരിക്കേണ്ട കാര്യവുമില്ല. ഇംഗ്ലണ്ടിൽ ഓരോ മത്സരങ്ങൾക്കും ഇടയിൽ 7–8 ദിവസത്തെ ഇടവേളയുണ്ട്. എന്നിട്ടും രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് ബുമ്രയെ മാറ്റിനിർത്തി. അത് ശരിയല്ല. ഒരുപക്ഷേ, ഗംഭീറിനും അഗാർക്കറിനും അത് സ്വീകാര്യമായിരിക്കും’– വെങ്സർക്കാർ പറഞ്ഞു.

English Summary:

Dilip Vengsarkar Slams Workload Management successful Cricket

Read Entire Article