Published: September 18, 2025 08:21 PM IST Updated: September 18, 2025 08:32 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ കടന്നെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു തലവേദനയായി ഓപ്പണർ സയിം അയൂബിന്റെ ഫോം. തുടർച്ചയായ മൂന്നാം മത്സരത്തിലും പാക്കിസ്ഥാൻ ഓപ്പണർ റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. യുഎഇയ്ക്കെതിരായ നിര്‍ണായക മത്സരത്തിൽ രണ്ടു പന്തുകൾ മാത്രമാണു താരത്തിനു നേരിടാൻ സാധിച്ചത്. ജുനൈദ് സിദ്ദിഖ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദ് സുഹെയ്ബ് ക്യാച്ചെടുത്ത് സയിം അയൂബിനെ പുറത്താക്കുകയായിരുന്നു.
ഒമാനെതിരെയും ഇന്ത്യയ്ക്കെതിരെയും നേരിട്ട ആദ്യ പന്തിൽ തന്നെ സയിം അയൂബ് പുറത്തായിരുന്നു. പാക്കിസ്ഥാൻ ഓപ്പണർ സയിം അയൂബ് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയുടെ ആറു പന്തുകളും സിക്സർ പറത്തുമെന്ന് പാക്ക് മുൻ താരം തൻവിർ അഹമ്മദ് വീരവാദം മുഴക്കിയിരുന്നു. ഏഷ്യാകപ്പിനു മുന്‍പായിരുന്നു തൻവീർ, സയിം അയൂബിനെക്കുറിച്ചു പ്രതികരിച്ചത്. ടൂർണമെന്റിൽ താരം ദയനീയ പ്രകടനം തുടരുന്നതിനിടെ ഈ വെല്ലുവിളിയും ചർച്ചയാകുകയാണ്.
ഒരു കലണ്ടർ വർഷം അഞ്ചാം തവണയാണ് സയിം അയൂബ് പൂജ്യത്തിനു പുറത്താകുന്നത്. നാണക്കേടിന്റെ റെക്കോർഡിൽ സയിം അയൂബ്, ഇന്ത്യൻ താരം സഞ്ജു സാംസണിനൊപ്പമെത്തി. 2024 ലാണ് സഞ്ജു അഞ്ച് തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായത്. 13 ട്വന്റി20 മത്സരങ്ങൾ കളിച്ചപ്പോളാണ് സഞ്ജു അഞ്ചുവട്ടം റണ്ണൊന്നുമില്ലാതെ മടങ്ങിയത്.
ഒരു കലണ്ടർ വർഷം കൂടുതൽ തവണ ‘ഡക്കായതിൽ’ ഒന്നാമൻ സിംബാബ്‍വെയുടെ റിച്ചഡ് എൻഗാവരയാണ്. 2024ൽ താരം ആറു തവണ പൂജ്യത്തിനു പുറത്തായിരുന്നു. ബാറ്റുകൊണ്ടു തിളങ്ങാൻ സാധിച്ചില്ലെങ്കിലും പന്തുകൊണ്ട് ഗംഭീര പ്രകടനമാണ് സയിം അയൂബ് നടത്തുന്നത്. ഇന്ത്യയ്ക്കെതിരെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ താരം ഏഷ്യാകപ്പിൽ ഇതുവരെ ആറു വിക്കറ്റുകൾ സ്വന്തമാക്കി.
English Summary:








English (US) ·