‘ബുമ്രയെ ഐപിഎലിൽനിന്ന് മാറ്റിനിർത്താൻ അംബാനിയുമായി ഞാൻ സംസാരിക്കുമായിരുന്നു, സമ്മതിക്കുമായിരുന്നുവെന്നും തീർച്ച’: വെങ്സർക്കാർ

5 months ago 5

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ ജോലിഭാരം ക്രമീകരിക്കാനെന്ന പേരിൽ സൂപ്പർതാരം ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്സർക്കാർ. ജോലിഭാരം കൂടുതലാണെങ്കിൽ ബുമ്ര വിശ്രമം എടുക്കേണ്ടിയിരുന്നത് ഇംഗ്ലണ്ട് പര്യടനത്തിനിടെ ആയിരുന്നില്ലെന്നും, അതിനു മുന്നോടിയായി നടന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽനിന്നായിരുന്നുവെന്നും വെങ്സർക്കാർ തുറന്നടിച്ചു. ഐപിഎൽ പോലുള്ള ക്രിക്കറ്റ് ലീഗുകൾക്കല്ല, ദേശീയ ടീമിനാണ് താരങ്ങൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ടു ടെസ്റ്റുകളിൽനിന്ന് ബുമ്രയ്ക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബുമ്ര കളിക്കൂ എന്ന് ടീം മാനേജ്മെന്റ് ആദ്യം തന്നെ പ്രഖ്യാപിച്ചത് വിവാദമാവുകയും ചെയ്തു.

‘‘ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയുടെ പ്രാധാന്യവും ബുമ്രയ്ക്ക് പരുക്കേൽക്കാനുള്ള സാധ്യതകളും പരിഗണിച്ച്, ഐപിഎലിൽനിന്ന് മാറിനിൽക്കാനാണ് സിലക്ടർമാരും ബിസിസിഐയും ടീം മാനേജ്മെന്റും അദ്ദേഹത്തെ ഉപദേശിക്കേണ്ടിയിരുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര പോലുള്ള ചരിത്രപരമായ പര്യടനങ്ങൾക്ക് ഒരുങ്ങുമ്പോൾ, താരങ്ങൾക്ക് സമ്പൂർണ കായികക്ഷമത ഉണ്ടായിരിക്കണം’ – വെങ്സർക്കാർ പറഞ്ഞു.

‘‘ഞാൻ ഇന്ത്യൻ ടീമിന്റെ ചീഫ്  സിലക്ടർ ആയിരുന്നെങ്കിൽ, ഐപിഎലിനേക്കാൾ പ്രധാനം ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനമാണെന്ന് അദ്ദേഹത്തിന്റെ ടീം ഉടമയായ മുകേഷ് അംബാനിയേയും ബുമ്രയേയും പറഞ്ഞു മനസിലാക്കുമായിരുന്നു. ബുമ്രയെ ഐപിഎലിൽ കളിപ്പിക്കണമെന്ന് നിർബന്ധമാണെങ്കിൽ മത്സരങ്ങളുടെ എണ്ണം കുറയ്ക്കാനെങ്കിലും ഞാൻ ശ്രമിക്കുമായിരുന്നു. ഈ നിർദ്ദേശം അവരും ഉൾക്കൊള്ളുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്’ – വെങ്സർക്കാർ പറഞ്ഞു.

ഐപിഎലിനെ അപേക്ഷിച്ച് ബുമ്രയും പ്രാധാന്യം നൽകേണ്ടത് ഇംഗ്ലണ്ട് പര്യടനത്തിനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎലിൽ താരങ്ങൾ നേടുന്ന റൺസും വീഴ്ത്തുന്ന വിക്കറ്റുമെല്ലാം ആരാണ് ഓർത്തിരിക്കുകയെന്നും വെങ്സർക്കാർ ചോദിച്ചു.

‘‘ഐപിഎലിൽ കളിക്കാർ അടിച്ചുകൂട്ടുന്ന റൺസും വീഴ്ത്തുന്ന വിക്കറ്റുമെല്ലാം ആര് ഓർത്തിരിക്കാനാണ്? പക്ഷേ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മുഹമ്മദ് സിറാജ് പുറത്തെടുത്ത ഐതിഹാസിക പ്രകടനം എല്ലാവരും എക്കാലവും ഓർത്തിരിക്കും. ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും വാഷിങ്ടൻ സുന്ദറിന്റെ ഓൾറൗണ്ട് പ്രകടനവും എല്ലാവരും ഓർക്കും’ – വെങ്സർക്കാർ ചൂണ്ടിക്കാട്ടി.

അഞ്ച് ടെസ്റ്റിലും കളിക്കാനുള്ള കായികക്ഷമത ബുമ്രയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ പരമ്പര സ്വന്തമാക്കുമായിരുന്നുവെന്നും വെങ്സർക്കാർ അവകാശപ്പെട്ടു. പുറംവേദനയ്ക്ക് ശസ്ത്രക്രിയയ്‌ക്ക് വിധേനാകേണ്ടി വന്ന ബുമ്രയെ മാത്രം ഇക്കാര്യത്തിൽ പഴിച്ചിട്ടു കാര്യമില്ലെന്നും വെങ്സർക്കാർ പറഞ്ഞു.

‘‘ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. എല്ലാ ടെസ്റ്റിലും കളിക്കാൻ ബുമ്രയ്‌ക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. അങ്ങനെയെങ്കിൽ നമുക്ക് അനായാസം പരമ്പര നേടാമായിരുന്നു. എങ്കിലും മത്സരങ്ങൾ ഒഴിവാക്കേണ്ടി വന്നതിന് നമ്മൾ ബുമ്രയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. അദ്ദേഹം അടുത്തിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാർഥതയെ സംശയിക്കുന്നതിൽ കാര്യമില്ല’ – വെങ്സർക്കാർ പറഞ്ഞു.

English Summary:

BCCI, Ajit Agarkar reminded that state is greater than IPL by Dilip Vengsarkar

Read Entire Article