അഹമ്മദാബാദ്∙ മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഫൈനൽ സാധ്യതകൾ നഷ്ടമാകുമെന്ന ആശങ്കയിൽ മനമുരുകി പ്രാർഥിച്ച മുംബൈ ആരാധകർക്കായി ദൈവം മഴ മാറ്റിക്കൊടുത്തു. ഇതോടെ രണ്ടേകാൽ മണിക്കൂർ വൈകിയാണെങ്കിലും ‘ആശ്വാസത്തോടെ’ കളത്തിലിറങ്ങിയ മുംബൈ ഇന്ത്യൻസ്, ഒടുവിൽ രണ്ടാം ക്വാളിഫയറിൽ കളിച്ചുതോറ്റ് പുറത്തേക്ക്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങിയ പഞ്ചാബ് കിങ്സാണ്, ആറാം കിരീടമെന്ന റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്രയിൽ മുംബൈയുടെ വഴി മുടക്കിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 203 റൺസ്. മറുപടി ബാറ്റിങ്ങിൽ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ചൊവ്വാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ദയനീയ തോൽവിയിലേക്കു തള്ളിവിട്ട ആർസിബിയോട് പഞ്ചാബിന് പകരം ചോദിക്കാൻ ലഭിക്കുന്ന അവസരം കൂടിയാണ് ഇത്. ഇതോടെ, ഇത്തവണ ഐപിഎൽ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി. ഐപിഎലിൽ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബെംഗളൂരുവും പഞ്ചാബും.
മുംബൈ ഉയർത്തിയ താരതമ്യേന ഉയർന്ന വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെ ബാറ്റുവീശിയ പഞ്ചാബിന്, ഒരിക്കൽക്കൂടി നായകന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ ശ്രേയസ് അയ്യരുടെ അപരാജിത അർധസെഞ്ചറിയാണ് വിജയത്തിലേക്ക് ചവിട്ടുപടിയായത്. അയ്യർ 41 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്സറും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും അക്ഷോഭ്യനായി ക്രീസിൽനിന്ന അയ്യരുടെ ക്ഷമയും മനഃസാന്നിധ്യവുമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
അയ്യർക്കു പുറമേ അർധസെഞ്ചറിയുടെ വക്കിലെത്തിയ ഇന്നിങ്സുമായി യുവതാരം നേഹൽ വധേരയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വധേര 29 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത് പുറത്തായി. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 20 റൺസടിച്ച് പഞ്ചാബിന് ആത്മവിശ്വാസം പകർന്ന ജോഷ് ഇൻഗ്ലിസിന്റെ ഇന്നിങ്സിനും കയ്യടിച്ചേ തിരൂ. ഇൻഗ്ലിസ് 21 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 38 റൺസെടുത്ത് പുറത്തായി. ഓപ്പണർ പ്രിയാംശ് ആര്യ 10 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തു.
പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത് ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും മാത്രം. ആദ്യ ഓവറിൽത്തന്നെ ബൗണ്ടറിയുമായി തുടക്കമിട്ടെങ്കിലും, പ്രഭ്സിമ്രാൻ ഒൻപതു പന്തിൽ ആറു റൺസെടുത്ത് പുറത്തായി. ശശാങ്ക് സിങ് മൂന്നു പന്തിൽ രണ്ടു റൺസുമായി റണ്ണൗട്ടായി. മാർക്കസ് സ്റ്റോയ്നിസ് രണ്ടു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. മുംബൈയ്‌ക്കായി അശ്വനികുമാർ നാല് ഓവറിൽ 55 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ കരുത്തോടെ മുംബൈ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസെടുത്തത്. ഒരു അർധസെഞ്ചറി പോലും പിറന്നില്ലെങ്കിലും, ബാറ്റെടുത്തവരിൽ മിക്കവും ഭേദപ്പെട്ട സംഭാവനകളുമായി കളം നിറഞ്ഞതാണ് മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ ഉറപ്പാക്കിയത്.
44 റൺസ് വീതം നേടിയ തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവരാണ് മുംബൈയുടെ ടോപ് സ്കോറർമാർ. സൂര്യകുമാർ 26 പന്തിൽ നലു ഫോറും മൂന്നു സിക്സും സഹിതമാണ് 44 റൺസെടുത്തത്. തിലക് വർമ 29 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്തു. ജോണി ബെയർസ്റ്റോ 24 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 38 റൺസുമായി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.
അവസാന ഓവറുകളിൽ യുവതാരം നമൻ ധിറിന്റെ കടന്നാക്രമണമാണ് മുംബൈ സ്കോർ 200 കടത്തിയത്. നമൻ ധിർ 18 പന്തിൽ ഏഴു ഫോറുകൾ സഹിതം 37 റൺസെടുത്ത് പുറത്തായി. പതിവു മികവിലേക്ക് ഉയരാനാകാതെ പോയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ ഒരേയൊരു ഫോർ സഹിതം 15 റൺസെടുത്തു. എലിമിനേറ്ററിൽ ഗുജറാത്തിനെതിരെ അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായ ഓപ്പണർ രോഹിത് ശർമ ഇത്തവണ ഏഴു പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസുമായി നിരാശപ്പെടുത്തി. രാജ് ബാവ നാലു പന്തിൽ എട്ടു റൺസോടെ പുറത്താകാതെ നിന്നു.
പഞ്ചാബിനായി അഫ്ഗാൻ താരം അസ്മത്തുല്ല ഒമർസായ് നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കൈൽ ജെയ്മിസൻ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും വിജയകുമാർ വൈശാഖ് മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയും മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ 14 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
∙ നെഞ്ചിടിപ്പിന്റെ 2 മണിക്കൂർ
നേരത്തെ, മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുൻപായി എത്തിയ മഴ മുംബൈ ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും, മഴ ശമിച്ചതോടെ രണ്ടേകാൽ മണിക്കൂർ വൈകി മത്സരം ആരംഭിച്ചു. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ക്വാളിഫയറിൽ പഞ്ചാബിന്റെ ആത്മവിശ്വാസം കുത്തനെ ഉയർത്തി വെറ്ററൻ താരം യുസ്‌വേന്ദ്ര ചെഹൽ ടീമിൽ തിരിച്ചെത്തി. എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച മുംബൈ ടീമിൽ പരുക്കേറ്റ റിച്ചാർഡ് ഗ്ലീസനു പകരം റീസ് ടോപ്‌ലി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു.
ടീമുകൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് രസംകൊല്ലിയായി കനത്ത മഴ പെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കേണ്ടിയിരുന്ന മത്സരം മഴപ്പേടിയെ തുടർന്നാണ് അഹമ്മദാബാദിലേക്ക് മാറ്റിയത്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ മുംബൈ ഇന്ത്യൻസിന് അത് കനത്ത തിരിച്ചടിയാകുമായിരുന്നു. ലീഗ് ഘട്ടത്തിൽ പോയിന്റ് നിലയിൽ മുന്നിലെത്തിയ ആനുകൂല്യവുമായി പഞ്ചാബ് കിങ്സ് ചൊവ്വാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടുമെന്നിരിക്കെയാണ് മഴ ശമിച്ചതും മത്സരത്തിനു തുടക്കമായതും.
English Summary:








English (US) ·