ബുമ്രയ്ക്കെതിരെ 9 പന്തിൽ 2 സിക്സും 3 ഫോറും, ചാഹറിനും ബോൾട്ടിനും പാണ്ഡ്യയ്ക്കും ശർമയ്ക്കും ‘കിട്ടി’; ഇതാ കരുണിന്റെ ‘മാസ് എൻട്രി’– വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 14 , 2025 07:45 AM IST

2 minute Read

ജസ്പ്രീത് ബുമ്രയും കരുൺ നായരും മത്സരത്തിനിടെ (Photo by Sajjad HUSSAIN / AFP)
ജസ്പ്രീത് ബുമ്രയും കരുൺ നായരും മത്സരത്തിനിടെ (Photo by Sajjad HUSSAIN / AFP)

ന്യൂഡൽഹി ∙ ഡൽഹി ക്യാപിറ്റ‍ൽസിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലേസിക്ക് പരുക്കേറ്റതുകൊണ്ടു മാത്രം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവസരം ലഭിച്ച താരം. ഇതിനു മുൻപ് ഐപിഎലിൽ കളിച്ചത് 2022ൽ. കാത്തിരിപ്പിന് അൽപം ദൈർഘ്യം കൂടിപ്പോയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാമെങ്കിലും, കരുണിന് അങ്ങനെ തോന്നാൻ വഴിയില്ല. കാരണം, കരുണിന്റെ കരിയറിലുടനീളം ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ളത് ഈ കാത്തിരിപ്പാണ്. എന്തായാലും കിട്ടിയ അവസരം ഇത്തവണയും കരുൺ കൈവിട്ടില്ല. മുംബൈ ഇന്ത്യൻസിനെതിരെ, രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴുള്ളവരിൽ ഒന്നാമനായ സാക്ഷാൽ ജസ്പ്രീത് ബുമ്രയെ ഉൾപ്പെടെ ‘തൂക്കി’ രാജകീയമായിത്തന്നെ വരവറിയിച്ചിരിക്കുകയാണ് കരുൺ. മത്സരം ഡൽഹി തോറ്റെങ്കിലും, ഈ മത്സരത്തിലെ യഥാർഥ വിജയി കരുൺ തന്നെ!

ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായെത്തിയ 2 പേരാണ് മുംബൈ– ഡൽഹി മത്സരത്തിന്റെ ഗതി നിർണയിച്ചത്. ഡൽഹി ബാറ്റർ കരുൺ നായരും മുംബൈ സ്പിന്നർ കാൺ ശർമയും. 2022ൽ അവസാന ഐപിഎൽ മത്സരം കളിച്ച കരുണിന് അതിനുശേഷം ഇന്നലെയാണ് ബാറ്റിങ് അവസരം ലഭിച്ചത്. ഫാഫ് ഡുപ്ലെസിയുടെ അഭാവത്തിൽ അഭിഷേക് പോറൽ ഓപ്പണറായി ഇറങ്ങിയതോടെ വൺഡൗണായി കരുണിനെ പരീക്ഷിക്കാൻ ഡൽഹി തീരുമാനിച്ചു.  2018 സീസണിൽ  പഞ്ചാബ് കിങ്സിനായി കന്നി അർധ സെഞ്ചറി നേടിയ കരുൺ രണ്ടാം ഐപിഎൽ അർധ സെഞ്ചറി നേടിയത് ഇന്നലെയാണ്. മുംബൈയുടെ ഇംപാക്ട് പ്ലെയറായ കാൺ 4 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി ടീമിന്റെ വിജയശിൽപിയായി.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ നേടിയത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽതന്നെ ഓപ്പണർ ജേക് ഫ്രേസർ മക്ഗുർക് (0) പുറത്തായപ്പോഴാണ് ഇംപാക്ട് ബാറ്ററായി കരുണിന്റെ വരവ്. നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎൽ മത്സരം കളിക്കുന്ന താരത്തിനെതിരെ ദീപക് ചാഹറിന്റെ ആദ്യ ഓവറിൽത്തന്നെ ശക്തമായ എൽബി അപ്പീൽ ഉയർന്നതാണ്. അതിൽനിന്ന് രക്ഷപ്പെട്ട ശേഷം കരുണിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 

കിവീസ് താരം ട്രെന്റ് ബോൾട്ടിനെതിരെ രണ്ടാം ഓവറിൽ 3 ഫോർ നേടിയാണ് കരുൺ ഫോമിലായത്. ഈ ഓവറിൽ ആകെ പിറന്നത് 18 റൺസ്. അടുത്ത ഓവറിൽ ചാഹറിനെതിരെ ഒരു ബൗണ്ടറി. നാലാം ഓവറിൽ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ ഇരട്ട ബൗണ്ടറി. ബുമ്ര എറിഞ്ഞ ആറാം ഓവറഇൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റൺസ് അടിച്ചുകൂട്ടിയ കരുൺ, അവസാന പന്തിൽ അർധസെഞ്ചറിയും പൂർത്തിയാക്കി.

മുംബൈയുടെ വജ്രായുധം ജസ്പ്രീത് ബുമ്രയ്ക്കെതിരെ 9 പന്തുകളിൽ 2 സിക്സും 3 ഫോറും അടക്കം കരുൺ അടിച്ചുകൂട്ടിയത് 26 റൺസാണ്. പവർപ്ലേയിൽ ഡൽഹി 72 റൺസ് നേടിയപ്പോൾ കരുൺ അർധ സെഞ്ചറി തികച്ചത് 22 പന്തുകളിൽ. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട കാൺ ശർമ തുടങ്ങിയവരെല്ലാം കരുണിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പാണ്ഡ്യയ്‌ക്കെതിരെ തുടർച്ചയായ പന്തുകളിൽ സിക്സും ഫോറും, കാൺ ശർമയ്‌ക്കെതിരെ ഒരു ഓവറിൽ ഇരട്ട ഫോർ എന്നിങ്ങനെ സെഞ്ചറിയിലേക്ക് നീങ്ങിയ കരുൺ, 12–ാം ഓവറിൽ പുറത്തായതാണ് നിർണായകമായത്.‌‌

ഈ ഓവറിൽ മിച്ചൽ സാന്റ്നറിന്റെ പന്തിൽ കരുൺ ബോൾഡ് ആയതോടെ കളി തിരിഞ്ഞു. ആദ്യ പന്തിൽ സാന്റ്നറിനെയും ബൗണ്ടറി കടത്തിയ കരുൺ, അടുത്ത പന്തിൽ ക്ലീൻ ബൗൾഡായി. 12 ഫോറും 5 സിക്സും ഉൾപ്പെടുന്നതായിരുന്നു കരുണിന്റെ ഗംഭീര ഇന്നിങ്സ്. കരുൺ പുറത്തായശേഷം 4 ഓവറിൽ 42, 2 ഓവറിൽ 23 എന്നിങ്ങനെ ഡൽഹി ലക്ഷ്യം ചുരുക്കിയെങ്കിലും ജസ്പ്രീത് ബുമ്രയെറിഞ്ഞ 19–ാം ഓവറിൽ ‌അവസാന 3 ബാറ്റർമാർ തുടർച്ചയായി റണ്ണൗട്ടായതോടെ ഡൽഹിയുടെ പ്രതീക്ഷകൾ പൊലി‍ഞ്ഞു. 7 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള അർധ സെഞ്ചറിയിലൂടെ ഐപിഎലി‍ൽ തിരിച്ചുവരവ് പ്രഖ്യാപിച്ച കരുണിന്റെ പോരാട്ടവും അതോടെ വിഫലമായി. 

English Summary:

Ignored India Star Karun Nair Slams IPL Fifty After 7 Years In DC vs MI Clash

Read Entire Article