'ബൂട്ടിയയുടെത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, എഐഎഫ്എഫിനെ കളങ്കപ്പെടുത്തുന്നു'

7 months ago 6

Baichung-Bhutia-demands-kalyan-chaubey-resignation

Photo: mathrubhumi archives

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ബൈച്ചുങ് ബൂട്ടിയയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്ല്യാൺ ചൗബെ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബൂട്ടിയ ഉന്നയിക്കുന്നതെന്നും ഇത് എഐഎഫ്എഫിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണെന്നും ചൗബെ പറഞ്ഞു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഹോങ് കോങ്ങിനോട് തോറ്റതിനു പിന്നാലെ എഐഎഫ്എഫിനെ ബൂട്ടിയ വിമര്‍ശിച്ചിരുന്നു. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയോട് ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ സ്ഥാനമൊഴിയണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടിരുന്നു.

2022 സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന ശേഷം തുടര്‍ച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബൂട്ടിയ ഉന്നയിക്കുന്നത്. എഐഎഫ്എഫിനെ തെറ്റായി ആണ് ചിത്രീകരിക്കുന്നത്. ഇത്തരം നടപടികള്‍ ഫെഡറേഷന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുക മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ മോശമാക്കുകയാണെന്നും ചൗബെ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ബൂട്ടിയയുടെ ക്രിയാത്മകമായ ഏത് നിര്‍ദേശത്തിനോടും തുറന്ന സമീപനമാണുള്ളത്. എന്നാല്‍ ഒട്ടുമിക്ക എക്‌സിക്യുട്ടീവ് കമ്മിറ്റി മീറ്റിങ്ങുകളിലും ബോര്‍ഡംഗങ്ങളെടുക്കുന്ന പൊതുവായ തീരുമാനങ്ങളെ അദ്ദേഹം എതിര്‍ക്കുകയാണ്. ജൂലൈ 2 ന് നടക്കുന്ന എഐഎഫ്എഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി മീറ്റിങ്ങിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. - ചൗബെ പ്രസ്താവനയില്‍ അറിയിച്ചു.

മത്സരം ജയിച്ചിരുന്നെങ്കില്‍ കളിക്കാര്‍ക്ക് എഐഎഫ്എഫ് 50,000 ഡോളര്‍ (42 ലക്ഷത്തോളം രൂപ) ബോണസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെഡറേഷനെ ബൂട്ടിയ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.ഈ തോല്‍വിക്കു പിന്നാലെ ബൂട്ടിയ എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയോട് ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

''കളിക്കാര്‍ക്ക് ദിവസേനയുള്ള അലവന്‍സായ 2,500 രൂപ പോലും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ക്രിക്കറ്റ് കളിക്കാരെപ്പോലെ സെന്‍ട്രല്‍ കരാറുകളില്ല. അവര്‍ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കുന്നില്ല. അവരുടെ പ്രതിഫലം പ്രധാനമായും ദിവസ അലവന്‍സിലൂടെയാണ്. അപ്പോഴാണ് പെട്ടെന്ന് കളി ജയിച്ചിരുന്നെങ്കില്‍ 50,000 ഡോളര്‍ സമ്മാനമെന്ന പ്രഖ്യാപനം വന്നത്. എവിടെ നിന്ന് അത് വന്നു. ഇനി അവര്‍ ജയിച്ചിരുന്നെങ്കില്‍ അടുത്ത നാല് മത്സരങ്ങള്‍ക്കും അതേ ബോണസ് നല്‍കുമായിരുന്നോ? ഇവിടെ കൃത്യമായ ഒരു സംവിധാനമോ തന്ത്രങ്ങളോ ഇല്ല. ഉള്ളതാകട്ടെ വ്യക്തതയില്ലാത്ത ക്രമരഹിതമായ തീരുമാനങ്ങള്‍ മാത്രവും.'' - ഐഎഎന്‍എസിന് അനുവദിച്ച അഭിമുഖത്തില്‍ ബൂട്ടിയ പറഞ്ഞു.

''കല്ല്യാണ്‍ ചൗബെയുടെ നേതൃത്വത്തിലുള്ള രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലം ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഭീകരമായിരുന്നു. കളിക്കളത്തിലെ പ്രകടനങ്ങള്‍ തീര്‍ത്തും മോശമായിരുന്നു. കളത്തിന് പുറത്തുള്ള കാര്യങ്ങളും കുത്തഴിഞ്ഞ രീതിയിലായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടി അദ്ദേഹം സ്ഥാനമൊഴിയേണ്ട സമയമാണിത്.'' - ബൂട്ടിയ അന്ന് പറഞ്ഞു.

Content Highlights: Kalyan Chaubey says Bhaichung has deliberately made baseless allegations to distort AIFFs image

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article