
കർണാടക ഹൈക്കോടതി | Photo: PTI
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍(കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ഇനി കേസ് പരിഗണിക്കുന്നതുവരെ ഭാരവാഹികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കെ.എസ്.സി.എ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ തങ്ങള്‍ക്ക് നേരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.സി.എ പ്രസിഡന്റ് രഘു റാം ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചത്.
അതേസമയം അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു. കേസെടുത്ത ഉദ്യോഗസ്ഥൻ സസ്പെൻഷനിലെന്ന് നിഖിൽ കോടതിയിൽ വാദിച്ചെങ്കിലും അത്തരം വാദങ്ങൾക്ക് യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിന് പറയാനുള്ളത് കേൾക്കണമെന്നും കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
സംഭവത്തിൽ ആർസിബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Karnataka High Court grants extortion from apprehension to Karnataka Cricket Association management








English (US) ·