06 June 2025, 08:25 PM IST
.jpg?%24p=c7fdb1b&f=16x10&w=852&q=0.8)
വിരാട് കോലി | AFP
ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പർ താരം വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരന്‍.
സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടനല്‍കിയതായി പരാതിയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക.
സംഭവത്തിൽ ആർസിബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. എന്നാൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍(കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.
നേരത്തേ അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികള്‍ വന്‍ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കിയിരുന്നു.
Content Highlights: Complaint Against Virat Kohli In Connection With Bengaluru Stampede








English (US) ·