ബെംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജിവച്ചു

7 months ago 8

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ (കെഎസ്സിഎ) രാജി. സെക്രട്ടറി എ. ശങ്കര്‍, ട്രഷറര്‍ ഇ.എസ് ജയറാം എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ശനിയാഴ്ച സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ രാജി വാര്‍ത്ത കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ശങ്കറും ശ്രീറാമും പത്രക്കുറിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും പത്രക്കുറിപ്പിലുണ്ട്.

ആര്‍സിബിയുടെ ഐപിഎല്‍ വിജയത്തിനു പിന്നാലെ ജൂണ്‍ നാലാം തീയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മേയ് നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന രീതിയിലാണ് ആര്‍സിബി അധികൃതരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് പരേഡ് നിശ്ചിയിച്ചിരുന്നത്.

മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. അപകടത്തിനു പിന്നാലെ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: 11 killed successful Bengaluru IPL triumph celebrations. Karnataka Cricket Association officials resign

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article