Published: January 17, 2026 03:19 AM IST
1 minute Read
നവി മുംബൈ ∙ 5 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ശ്രേയങ്ക പാട്ടീൽ ഗുജറാത്ത് ജയന്റ്സ് ബാറ്റിങ് നിരയെ തകർത്തപ്പോൾ വനിതാ പ്രിമിയർ ലീഗിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് 32 റൺസ് ജയം. സീസണിൽ ബെംഗളൂരുവിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യം ബാറ്റു ചെയ്ത് 182 റൺസെടുത്ത ആർസിബി മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനെ 150 റൺസിൽ ഓൾഔട്ടാക്കി. അർധ സെഞ്ചറിയുമായി ബെംഗളൂരുവിനെ മികച്ച സ്കോറിലെത്തിച്ച രാധ യാദവാണ് (47 പന്തിൽ 66) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 182. ഗുജറാത്ത്– 18.5 ഓവറിൽ 150.
വിക്കറ്റ് നഷ്ടമില്ലാതെ 34 റൺസുമായി മറുപടി ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന്റെ തകർച്ച തുടങ്ങിയത് നാലാം ഓവറിലാണ്. ബെത്ത് മൂണിയെയും (27), സോഫി ഡിവൈനെയും (8) അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ബെംഗളൂരു ബോളർമാർ ഗുജറാത്തിനെ പിടിച്ചുകെട്ടി. മധ്യനിരയിൽ ഭാരതി ഫുൾമാലി (39) ഒറ്റയ്ക്ക് പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആളുണ്ടായിരുന്നില്ല.
നേരത്തേ, ബാറ്റിങ്ങിന്റെ തുടക്കത്തിൽ കൂട്ടത്തകർച്ച നേരിട്ട ബെംഗളൂരുവിനെ രക്ഷിച്ചത് രാധ യാദവും (47 പന്തിൽ 66) റിച്ച ഘോഷും (28 പന്തിൽ 44) ചേർന്നുള്ള 105 റൺസ് കൂട്ടുകെട്ടാണ്. 43 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായശേഷമായിരുന്നു അവരുടെ തിരിച്ചുവരവ്. ട്വന്റി20 ക്രിക്കറ്റിൽ ഇതിനു മുൻപ് 30ന് മുകളിൽ സ്കോർ നേടിയിട്ടില്ലാത്ത രാധ, ഇന്നലെ 6 ഫോറും 3 സിക്സും ഉൾപ്പെടെയാണ് കന്നി അർധ സെഞ്ചറി തികച്ചത്.
English Summary:








English (US) ·