ബെന്‍സ് ഞാന്‍തന്നെയായി മാറി; എനിക്ക് ശ്വാസംമുട്ടി, ഞാന്‍ വലിഞ്ഞു മുറുകി, കരഞ്ഞു- വിനോയ് തോമസ്

7 months ago 9

vinoy thomas thudarum

പ്രതീകാത്മക ചിത്രം, വിനോയ് തോമസ്‌ | Photo: Facebook/ Tharun Moorthy, Vinoy Thomas

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' കണ്ട അനുഭവം കുറിച്ച് എഴുത്തുകാരന്‍ വിനോയ് തോമസ്. ചിത്രവുമായും മോഹന്‍ലാല്‍ അവതരിപ്പിച്ച ബെന്‍സ് എന്ന് വിളിപ്പേരുള്ള ഷണ്മുഖം എന്ന കഥാപാത്രവുമായി തനിക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞുവെന്ന് വിനോയ് തോമസ് കുറിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കാലത്ത് ബെന്‍സ് കടന്നുപോയ അനുഭവങ്ങളിലൂടെയെല്ലാം താനും സഞ്ചരിച്ചിട്ടുണ്ടെന്ന് വിനോയ് തോമസ് കുറിച്ചു. ചിത്രം കണ്ടപ്പോള്‍, അഭിമന്യു, ധീരജ്, ജിഷ്ണു പ്രണോയ്, സിദ്ധാര്‍ഥ് അടക്കം കോളേജില്‍ പോയി മൃതശരീരമായി വീട്ടിലേക്ക് തിരിച്ചെത്തിയ അനേകം മക്കളുടെ മുഖങ്ങള്‍ തന്റെ മനസ്സിലേക്ക് വന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിനോയ് തോമസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ബെന്‍സും ഞാനും
''അച്ചേ, ഈയാഴ്ച ലീവ് തുടങ്ങും. ഞാനുംകൂടി വന്നിട്ട് പോയാ മതി.''
മണിപ്പാലില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കുട്ടു ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് തുടരും സിനിമയ്ക്കു പോക്ക് ഞങ്ങള്‍ നീട്ടിവെച്ചത്. അവന്‍ വന്നതിന്റെ പിറ്റേദിവസം അവന്റെ കൂടെ ഞാനും ജിജിയും മമ്മിയും കൂടി ഉളിക്കല്ലിലെ തീയേറ്ററില്‍ തുടരും സിനിമ കാണാന്‍ പോയി. ഇപ്പഴും തീയേറ്ററില്‍ നല്ല തിരക്കുണ്ട്. നേരത്തേ ബുക്ക് ചെയ്തതു കൊണ്ടാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയത്.
''അച്ചേ, അംബാസിഡര്‍...'
ആ കാറു കണ്ടതേ ഞങ്ങള്‍ സിനിമയിലേക്കു വീണു. ആദ്യമായി വീട്ടില്‍ വാങ്ങിച്ച കാറ് അംബാസിഡറായിരുന്നു. അഞ്ച് വര്‍ഷത്തോളം ആ മലങ്കള്‍ട്ട്കാറിലാണ് ഞങ്ങള്‍ കുടുംബസമേതം സഞ്ചരിച്ചിരുന്നത്.
ഒരിക്കല്‍ വീട്ടിലുള്ള എല്ലാവരും കൂടി യാത്രപോകുമ്പോള്‍ വലിയൊരു ഇറക്കത്തില്‍ വെച്ച് കാറിന്റെ ബ്രേക് നഷ്ടപ്പെട്ടു. ഞാന്‍ ഒരു തിണ്ടില്‍ ഇടിപ്പിച്ച് കാറ് നിര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ടയര്‍ വലിയതായതു കൊണ്ട് തിണ്ടിലേക്ക് കയറിയ കാറ് മറിയുകയാണ് ചെയ്തത്. പല പ്രാവശ്യം കരണംമറിഞ്ഞ വണ്ടി ഒടുവില്‍ നാലുകാലില്‍തന്നെ വന്നു നിന്നു. റോളര്‍ കോസ്റ്ററില്‍ റൈഡിനു കയറിയ അവസ്ഥയായിരുന്നു കാറിനുള്ളില്‍.
ഞങ്ങളെല്ലാവരും ഒരു പോറല്‍ പോലും പറ്റാതെ പുറത്തിറങ്ങി. ഭയന്നുപോയ ജിജിയേയും പിള്ളേരേയും ഞാന്‍ ചേര്‍ത്തുപിടിച്ചു. അന്നാണ് കുടുംബത്തിലെല്ലാവരും സുരക്ഷിതരായിരിക്കേണ്ടത് എനിക്ക് എത്ര പ്രധാനമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.
സിനിമ മുന്‍പോട്ടു പോകുംതോറും ബെന്‍സിന്റെ കുടുംബം എന്റെ കുടുംബംപോലെ തന്നെയാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. ഭാര്യ, മകന്‍, മകള്‍... ഞങ്ങളുടെ ലോകം ഏറെക്കുറെ ഇങ്ങനെയൊക്കെതന്നെയാണ്.
ഓട്ടോറിക്ഷ ഓടിക്കുന്ന കാലത്ത് പിള്ളേരുടെ സ്‌കൂളോട്ടം എന്റെ മെയിന്‍ വരുമാനമാര്‍ഗ്ഗമായിരുന്നു. അംബാസിഡര്‍ കാറിന്റെ പാര്‍ട്‌സ് കിട്ടാനായി കൂത്തുപറമ്പിലെ വര്‍ക്ക്‌ഷോപ്പില്‍ ഞാനും കാറ് കൊണ്ടുപോയി വെച്ചിട്ടുണ്ട്. ബെന്‍സ് കാട്ടിലേക്കു പോയതുപോലെയുള്ള 'കൊടുംവള്ളി' ഓട്ടങ്ങള്‍ ഓട്ടോറിക്ഷ കാലത്ത് ഞാനും പോയിട്ടുണ്ട്. അങ്ങനെയങ്ങനെ ഇന്റര്‍വെല്ലായപ്പോഴേക്കും ബെന്‍സ് ഞാന്‍ തന്നെയായി മാറി.
ആ താദാത്മ്യം പ്രാപിക്കലാണ് ശരിക്കും പ്രശ്‌നമായത്. സിനിമ മുറുകി മുറുകി വന്നപ്പോള്‍ ഞാന്‍ അടുത്തിരിക്കുന്ന കുട്ടുവിന്റെ കൈ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. ബെന്‍സിന്റെ മകന്‍ പവിയുടെ അതേ പ്രായമാണ് കുട്ടുവിനും. പവിയുടെ ശരീരംപോലെതന്നെയാണ് അവന്റെതും. അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൂടിയായപ്പോള്‍ നായകന്‍ പെട്ടുപോകുന്ന കുരുക്കുകളിലൊക്കെ ഞാന്‍ തന്നെ പെടുന്നതായി സങ്കല്‍പ്പിച്ച് എനിക്ക് ശ്വാസംമുട്ടി, ഞാന്‍ വലിഞ്ഞു മുറുകി, കരഞ്ഞു, മഴയില്‍ നനഞ്ഞു...
കോളേജില്‍ പോയി മൃതശരീരമായി വീട്ടിലേക്ക് തിരിച്ചെത്തിയ അനേകം മക്കളുടെ മുഖങ്ങള്‍ എന്റെ മനസ്സിലേക്ക് വന്നു. അഭിമന്യു, ധീരജ്, ജിഷ്ണു പ്രണോയ്, സിദ്ധാര്‍ത്ഥ്... അവരുടെ കൂട്ടത്തില്‍ എന്റെ... (വേണ്ട, അത് എഴുതാന്‍ പോലും എനിക്ക് സാധിക്കില്ല.)
പിന്നെ എന്റെ കാത്തിരിപ്പ് ജോര്‍ജ്ജ് സാറിനോട്, അയാളെ ഡിവൈഎസ്പിയാക്കി ആദരിക്കുന്ന ഭരണകൂടത്തോട് ബെന്‍സ് പ്രതികാരം ചെയ്യുന്നത് കാണാനായിരുന്നു. കോയമ്പത്തൂരെ ലോഡ്ജില്‍ വെച്ച് ബെന്‍സ് കീഴടങ്ങിയപ്പോള്‍ ഞാന്‍ നിസ്സഹായനായിപ്പോയി.
അപ്പോള്‍ ഞാന്‍ ആലോചിച്ചു. പ്രതികാരം ചെയ്തിട്ടെന്ത്? ബെന്‍സ് ജോര്‍ജുസാറിനെ കൊന്നാല്‍ എല്ലാം ശരിയാകുമോ. ജോര്‍ജുസാര്‍ എന്ന കൊടുംക്രൂരനെ ഇങ്ങനെ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന ഭരണാധികാരികളെ തീര്‍ത്താല്‍ എല്ലാം ശരിയാകുമോ?
ബെന്‍സ് ജയിലില്‍ പോകും. അതിനോടകം ജോര്‍ജുസാര്‍ പ്രചരിപ്പിച്ചിരിക്കുന്ന പല കഥകളും സത്യമെന്ന് വിശ്വസിക്കുന്ന ഈ സമൂഹം ബെന്‍സിന്റെ ഭാര്യയോടും മകളോടും എങ്ങനെയാണ് പെരുമാറുക? തകര്‍ന്നതെല്ലാം തകര്‍ന്നതുതന്നെയല്ലേ?
ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ട് എന്റെ തുടരും സിനിമാക്കാഴ്ച ബെന്‍സ് പോലീസ് സ്റ്റേഷനില്‍ നിക്കറുമിട്ട് നിസ്സഹായനായി കുത്തിയിരിക്കുന്നിടത്ത് അവസാനിച്ചു. പിന്നെ സ്‌ക്രീനില്‍ നടന്നതൊക്കെ എനിക്കു വേണ്ടിയായിരുന്നില്ല.
ഭരണകൂടവേട്ടയോട് ബെന്‍സ് അക്രമം കൊണ്ട് പ്രതികാരം ചെയ്തതില്‍ സന്തുഷ്ടരായി ഇറങ്ങിപ്പോരുന്ന കാണികളുടെ ഇടയിലൂടെ ഞാന്‍ തീയേറ്ററിന്റെ വാതില്‍ കടന്നു.
ഒറ്റയാന്റെ കരുത്തില്ലാത്ത ദുര്‍ബ്ബലര്‍ക്ക് തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കാത്ത വിധം നിയമരാഹിത്യമുള്ള ഒരു കാട്ടിലാണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ച ഈ സിനിമയുടെ സമകാലിക പ്രസക്തിയേക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
''മോഹന്‍ലാലിന്റെ മകളുടെ മുഖം കണ്ടപ്പോള്‍ നവീന്‍ബാബുവിന്റെ മകളെയാണ് എനിക്കോര്‍മ്മ വന്നത്.''
''പോലീസ്സ്‌റ്റേഷനില്‍ ആ കറുത്ത തുണി എന്തിനാണ്?''
''അത് കരിങ്കൊടി പ്രതിഷേധക്കാരില്‍ നിന്നും പിടിച്ചെടുത്തതായിരിക്കും.''
ഇങ്ങനെ പല കമന്റുകളും സിനിമ കഴിഞ്ഞ് ഇറങ്ങിപ്പോകുന്ന കാണികള്‍ പറയുന്നുണ്ടായിരുന്നു.
അടുത്ത ഷോയ്ക്കുള്ളയാളുകള്‍ ലോബിയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. സിനിമക്ക് കയറിക്കഴിഞ്ഞാല്‍ അവരും ബെന്‍സുമാരായി താദാത്മ്യം പ്രാപിക്കുമായിരിക്കും. ഭരണകൂടം അതിന്റെ പൗരന്‍മാരെ കേസില്‍ പെടുത്തി കെട്ടിത്തൂക്കുന്ന നാടാണ് നമ്മുടേതെന്ന് അവര്‍ വിശ്വസിക്കുമായിരിക്കും. പക്ഷെ, ദൈവമേ, എന്റെ നാട് ഇങ്ങനെയാകാതിരിക്കട്ടെ എന്നാണ് ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചത്.

വിനോയ് തോമസ്‌

Content Highlights: Writer Vinoy Thomas shares his profoundly moving acquisition watching Mohanlal's `Thudarum`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article