17 April 2025, 07:25 AM IST

ഗബ്രിയേൽ മാർട്ടിനെല്ലി | X.com/@gabimartinelli
മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും സെമിഫൈനലില്‍. രണ്ടാംപാദക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മഡ്രിഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ മുന്നേറിയത്. അതേസമയം ഇന്റര്‍ മിലാന്‍-ബയേണ്‍ മ്യൂണിക്ക് മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യപാദക്വാര്‍ട്ടറിലെ ജയത്തിന്റെ ബലത്തില്‍ അഗ്രിഗേറ്റ് സ്‌കോറില്‍ മുന്നിലെത്തിയ ഇന്റര്‍ സെമി ടിക്കറ്റെടുത്തു. സെമിയില്‍ ഇന്റര്‍ മിലാനും ബാഴ്‌സലോണയും പിഎസ്ജിയും ആഴ്‌സണലും ഏറ്റുമുട്ടും.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിരിച്ചുവരവ് സ്വപ്‌നം കണ്ടാണ് റയല്‍ മഡ്രിഡ് കളിക്കാനിറങ്ങിയത്. ആദ്യപാദത്തില്‍ 3-0 ന്റെ തോല്‍വി ഏറ്റുവാങ്ങിയ റയലിന് വന്‍ജയം സ്വന്തമാക്കിയാല്‍ മാത്രമേ സെമിയിലേക്ക് പ്രവേശിക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം പാദത്തിലും ഗണ്ണേഴ്‌സ് കത്തിക്കയറി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 65-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. എന്നാല്‍ മിനിറ്റുകള്‍ക്കകം വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ തിരിച്ചടിച്ചു. മത്സരത്തിന്റ ഇഞ്ചുറിടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്‌സണലിനായി വലകുലുക്കിയതോടെ റയലിന്റെ പതനം പൂര്‍ണമായി. അഗ്രിഗേറ്റ് സ്‌കോറില്‍ 5-1 ന് മുന്നിലെത്തിയ ഗണ്ണേഴ്‌സ് ആധികാരികമായി സെമിയിലെത്തി.
അതേസമയം മറ്റൊരു ക്വാര്‍ട്ടര്‍ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കമാണ് ഇന്റര്‍ സെമി ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ 2-1 ന്റെ നേരിയജയം സ്വന്തമാക്കിയ ഇന്റര്‍ രണ്ടാംപാദത്തിലെ കടുത്ത മത്സരം അതിജീവിച്ചാണ് ബയേണിനെ മറികടന്നത്. ഇന്ററിന്റെ തട്ടകമായ സാന്‍സീറോയില്‍ ബയേണാണ് ആദ്യംവലകുലുക്കിയത്. 52-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ബയേണിന്റെ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. 58-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസിലൂടെ ഇന്റര്‍ സമനിലപിടിച്ചു. 61-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡിലൂടെ ഇന്റര്‍ മത്സരത്തില്‍ ലീഡുമെടുത്തു. അതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-2 ആയി. 76-ാം മിനിറ്റില്‍ എറിക് ഡയറിലൂടെ ബയേണ്‍ തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല. ബയേണിന് അഗ്രിഗേറ്റ് സ്‌കോര്‍ മറികടക്കാനായില്ല. ഇന്റര്‍ സെമിയിലേക്ക് മുന്നേറി.
ഏപ്രില്‍ 30 നാണ് ആഴ്‌സണല്‍-പിഎസ്ജി ഒന്നാംപാദസെമി. മേയ് എട്ടിന് രണ്ടാംപാദവും നടക്കും. ബാഴ്‌സലോണ-ഇന്റര്‍ ഒന്നാംപാദസെമി മേയ് 1 നാണ്. രണ്ടാംപാദം മേയ് 7 നും നടക്കും.
Content Highlights: uefa champions league arsenal bushed existent madrid semi last fixtures








English (US) ·