ബോധം വന്നപ്പോൾ ഋഷഭ് പന്ത് ഒരൊറ്റ കാര്യമേ ചോദിച്ചുള്ളൂ-തുറന്നു പറഞ്ഞ് ഡോക്ടർ

6 months ago 6

ന്യൂഡൽഹി: കാർ അപകടത്തിന് ശേഷം അദ്ഭുതകരമായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ​ഗുരുതരമായി പരിക്കേറ്റ താരം മാസങ്ങൾക്ക് ശേഷം മൈതാനത്തും തിരിച്ചെത്തി. അടുത്തിടെ ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറിയുമായി താരം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ 2022 ൽ നടന്ന കാർ അപകടത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പന്തിനെ അന്ന് ചികിത്സ ഡോക്ടർ ദിൻഷോ പർദിവാല. പന്തിന് ജീവൻ തിരിച്ചുകിട്ടിയത് തന്നെ മഹാഭാ​ഗ്യമാണെന്നും ഇനി തനിക്ക് കളിക്കാനാകുമോ എന്നാണ് താരം ആദ്യമായി ചോദിച്ചതെന്നും പർദിവാല പറഞ്ഞു.

'ഋഷഭ് പന്ത് ജീവനോടെ ഇരിക്കുന്നത് തന്നെ മഹാഭാ​ഗ്യമാണ്. എന്റെയടുത്ത് ആദ്യം കൊണ്ടുവന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ വലത് കാൽമുട്ട് സ്ഥാനം തെറ്റി കിടക്കുകയായിരുന്നു. വലത് കണങ്കാലിനും പരിക്കേറ്റിരുന്നു. ശരീരമാസകലം മുറിവുകളുമുണ്ടായിരുന്നു. കഴുത്തിന്റെ പിൻഭാഗം മുതൽ കാൽമുട്ട് വരെയുള്ള ചർമ്മം ഉരഞ്ഞുപോയിരുന്നു.'- ദിൻഷോ പർദിവാല ടെലി​ഗ്രാഫിനോട് പറഞ്ഞു.

'കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ​ഗ്ലാസിലും മറ്റും ഉരഞ്ഞ് തൊലി നഷ്ടമായി. കാർ മറിഞ്ഞും തീപ്പിടിച്ചും ഉണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ മരണസാധ്യത വളരെ കൂടുതലാണ്. ഞരമ്പുകൾക്കോ രക്തധമനികൾക്കോ പരിക്കേൽക്കാനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നു. എന്നാൽ രക്തധമനികൾക്ക് പരിക്കേൽക്കാത്തത് രക്ഷയായി. ഇനി കളിക്കാനാകുമോ എന്നായിരുന്നു ഋഷഭ് പന്ത് ആദ്യമായി ചോദിച്ചത്. എന്നാൽ അവൻ ഇനി എഴുന്നേറ്റ് നടക്കുമോ എന്നാണ് പന്തിന്റെ അമ്മ ചോദിച്ചത്.'

'നാലു മണിക്കൂറോളമെടുത്താണ് പന്തിന്റെ വലതു കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തിയത്. പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമോ എന്നതില്‍ സംശയമുണ്ടായിരുന്നു. ഇതിനെ പറ്റി പന്ത് ചോദിച്ചപ്പോള്‍ 18 മാസമെങ്കിലും എടുക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് തിരിച്ചെത്തിയെന്നും' പര്‍ദിവാല കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബറിലായിരുന്നു ഋഷഭിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് ഓടിച്ച വാഹനം ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍വെച്ച് ഡിവൈഡറിലിടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുകയായിരുന്നു താരം. അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്തിന്റെ തലയ്ക്കും കാലിനുമായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയും മറ്റുമായി ഒരു വര്‍ഷത്തിലധികമായി ക്രീസിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നാണ് കഠിന പ്രയത്‌നം നടത്തി പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Content Highlights: Surgeon Reveals Rishabh Pants First Question After car accident

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article