'ബൈ ബൈ ബൈപ്പാസ്'; നാടകവുമായി റോഷന്‍ മാത്യുവും സംഘവും വീണ്ടുമെത്തുന്നു

8 months ago 7

bye bye bye pass

ദർശനാരാജേന്ദ്രൻ, അശ്വതിമനോഹർ, റോഷൻ മാത്യു, നിൽജാബേബി, ശാന്തിബാലചന്ദ്രൻ, രാജേഷ് മാധവൻ എന്നിവർ ‘ബൈ ബൈ ബൈപ്പാസ്’ നാടകത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒത്തുകൂടിയപ്പോൾ

കൊച്ചി: “നമ്മൾ എത്രയൊക്കെ വലുതായാലും നമ്മുടെ കുട്ടിക്കാലം മായാതെ മനസ്സിലുണ്ടാകില്ലേ. നമ്മൾ എവിടെയൊക്കെ മാറിമാറി താമസിച്ചാലും കുട്ടിക്കാലത്ത് നമ്മൾ താമസിച്ചിരുന്ന വീട് മറക്കുമോ?...” റോഷൻ മാത്യു ചോദിക്കുമ്പോൾ ഉത്തരംപോലെ ദർശനയും സംഘവും പുഞ്ചിരിയോടെ തലയാട്ടി. പ്രിയപ്പെട്ട കുറേ ഓർമ്മകളുമായി ആ സംഘം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. നടൻ റോഷൻ മാത്യു സംവിധാനം ചെയ്യുന്ന ‘ബൈ ബൈ ബൈപ്പാസ്’ എന്ന നാടകം വീണ്ടും അരങ്ങിലെത്തുമ്പോൾ നിറഞ്ഞ പ്രതീക്ഷയിലാണ് മലയാളത്തിന്റെ വെള്ളിത്തിരയിലെ യുവസംഘം. നടി ദർശനാരാജേന്ദ്രൻ അടക്കം 10 പേരാണ് ഇതിൽ അഭിനയിക്കുന്നത്. നടി ശ്രുതി രാമചന്ദ്രനാണ് റോഷൻ മാത്യുവിനും ഫ്രാൻസിസ് തോമസിനുമൊപ്പം നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഫോർട്ട്കൊച്ചിയിലാണ് റോഷനും സംഘവും ഈ നാടകം അവതരിപ്പിച്ചത്. തൃപ്പൂണിത്തുറ ജെ.ടി. പാക്കിൽ മേയ് 10-നും 11-നും നാടകം അവതരിപ്പിക്കാനാണ് ഇപ്പോൾ ഇവർ ഒരുങ്ങുന്നത്. “കൊച്ചിയിൽ ആദ്യമായി ഈ നാടകം അവതരിപ്പിക്കുമ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു പ്രേക്ഷകരുടെ സ്വീകരണം. കുട്ടികൾ മുതൽ പ്രായമായവർ വരെ നാടകം കാണാൻ വന്നിരുന്നു.

ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ രംഗങ്ങളിലൂടെ വികസിക്കുന്ന ഈ നാടകം അവരെല്ലാം ഹൃദ്യമായി ഏറ്റെടുത്തത് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് പകരുന്നത്. നല്ല റിഹേഴ്‌സൽ നടത്തിയാണ് ഞങ്ങൾ വീണ്ടും തട്ടിലെത്തുന്നത്.” റോഷൻ പറഞ്ഞു.

ബൈപ്പാസ് റോഡിനായി സ്ഥലമേറ്റൈടുക്കുമ്പോൾ പൊളിക്കേണ്ടിവരുന്ന ഒരു വീടിനെപ്പറ്റിയാണ് നാടകം പറയുന്നത്. മൂന്ന് തലമുറ താമസിച്ചിരുന്ന ഈ വീട്ടിലെ ഒടുവിലെ തലമുറയിലെ നാലുകുട്ടികളിലൂടെയാണ് റോഷനും സംഘവും കഥ പറയുന്നത്. ദർശനാരാജേന്ദ്രനുപുറമേ അശ്വതിമനോഹരൻ, സഞ്ജയ് മേനോൻ, സൽമാനുൽ ഫാരിസ്, അനൂപ് മോഹൻദാസ്. ശ്യാമപ്രകാശ്, വൈശാഖ് ശങ്കർ, ശാന്തിബാലചന്ദ്രൻ, ദേവകി ഭാഗി, നിൽജാബേബി എന്നിവരാണ് കഴിഞ്ഞ നാടകത്തിൽ വേഷമിട്ടത്. ഇത്തവണ അനൂപിനുപകരം നടൻ രാജേഷ് മാധവനാണ് വേഷമിടുന്നത്. നടി ലിയോണലിഷോയ് സ്റ്റേജ് മാനേജരാകുമ്പോൾ ഗൗതം ശ്രീനിവാസാണ് സംഗീത സംവിധാനം.

തിയേറ്റർ ശില്പശാല സംഘടിപ്പിച്ച് നാടകാവതരണത്തിന് ഒരുക്കം തുടങ്ങിയ റോഷനും സംഘവും രണ്ടര മാസത്തിലേറെ റിഹേഴ്‌സൽ നടത്തിയാണ് ആദ്യ അവതരണത്തിനെത്തിയത്. ഇക്കുറി തൃപ്പൂണിത്തുറയിലെ വേദിയിലേക്കെത്തുമ്പോഴും റിഹേഴ്‌സലിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ദർശന പറഞ്ഞു.

Content Highlights: Roshan Mathew`s acclaimed play `Bye Bye Bypass` returns

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article