ഫിലഡൽഫിയ (യുഎസ്എ) ∙ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉൽസാൻ എച്ച്ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. 36–ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിന്റെ നിർണായക ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാമെലോഡി സൺഡൗൺസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
അർജന്റീനയിൽ നിന്നുള്ള റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്റർ മിലാൻ ഗ്രൂപ്പ് ഇ ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72–ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. തോൽവിയുടെ റിവർപ്ലേറ്റ് പുറത്തായി. ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ട് മോണ്ടെറിയേയും ഫ്ലൂമിനൻസ് ഇന്റർ മിലാനെയും നേരിടും.
∙ തോറ്റിട്ടും ബയൺ മുന്നോട്ട്
ഉഷ്ണതരംഗം ശക്തി പ്രാപിച്ച യുഎസിൽ, 36 ഡിഗ്രി ചൂടിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക 1–0ന് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെ അട്ടിമറിച്ചു. ഈ ജയത്തോടെ ഗ്രൂപ്പ് സി ഒന്നാം സ്ഥാനക്കാരായി ബെൻഫിക്ക ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ കടന്നു. 13–ാം മിനിറ്റിൽ ആന്ദ്രേയാസ് ഷെൽഡ്രുപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ നേടിയത്. കനത്ത ചൂടിനെത്തുടർന്നു ബെൻഫിക്ക വിങ്ങർ ജിയാൻലുക്ക പ്രെസ്റ്റിയാനിക്കു ഗ്രൗണ്ടിൽ ചികിത്സാ സഹായം തേടേണ്ടിവന്നു.
61–ാം മിനിറ്റിൽ ബയൺ താരം ജോഷ്വ കിമ്മിച്ച് ബെൻഫിക്കയുടെ വലയിൽ പന്തെത്തിച്ചെങ്കിലും സഹതാരം ഹാരി കെയ്ൻ ഓഫ്സൈഡ് ആയതിനാൽ ഗോൾ അനുവദിച്ചില്ല. ഗ്രൂപ്പിലെ മറ്റു 2 ടീമുകളായ അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സും ന്യൂസീലൻഡ് ക്ലബ് ഓക്‌ലൻഡ് സിറ്റിയും സമനിലയിൽ പിരിഞ്ഞു(1–1). രണ്ടു ടീമുകളും നോക്കൗട്ടിലെത്താതെ പുറത്തായി.
∙ ചെൽസി ഈസി!
ഇൻജറി ടൈമിൽ മാത്രം 3 ഗോളുകൾ! ടോസിൻ അഡറബിയോ, ലിയാം ഡിലാപ്, ടൈറിക്യു ജോർജ് എന്നിവരുടെ ഗോളുകളിൽ തുനീസിയ ക്ലബ് ഇഎസ് തുനിസിനെ 3–0ന് തോൽപിച്ച ഇംഗ്ലിഷ് ക്ലബ് ചെൽസിയും നോക്കൗട്ടിലെത്തി. ആദ്യ പകുതിയുടെ ഇൻജറി ടൈമിലായിരുന്നു ചെൽസിയുടെ 2 ഗോളുകൾ (അഡറബിയോ (45+3), ഡിലാപ് (45+5). ടൈറിക്യു ജോർജ് രണ്ടാം പകുതിയിലെ ഇൻജറി ടൈമിലും (90+7) ലക്ഷ്യം കണ്ടു. ക്ലബ് ലോകകപ്പിനു തൊട്ടുമുൻപു ടീമിലെത്തിയ ലിയാം ഡിലാപ് എന്ന ഇരുപത്തിരണ്ടുകാരൻ ചെൽസിക്കായി നേടിയ ആദ്യ ഗോളാണ് മത്സരത്തിലേത്.
ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ചെൽസി ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ബെൻഫിക്കയെ നേരിടും. ശനിയാഴ്ചയാണു മത്സരം. ബ്രസീൽ ക്ലബ് ഫ്ലമെൻഗോയാണ് ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാർ. അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർ ലൊസാഞ്ചലസ് എഫ്സിയുമായി സമനില വഴങ്ങി (1–1). ഞായറാഴ്ച, ബയൺ മ്യൂണിക്കാണ് ഫ്ലമെൻഗോയുടെ എതിരാളികൾ.
English Summary:








English (US) ·