Published: May 16 , 2025 05:31 PM IST
1 minute Read
റോം ∙ അരനൂറ്റാണ്ടിലേറെക്കാലം ഒരു മേജർ ട്രോഫി പോലും അലമാരയിൽ വയ്ക്കാൻ പറ്റാതിരുന്നതിന്റെ വിഷാദം ഇനി ബൊളോന്യയ്ക്കില്ല! ഇറ്റാലിയൻ കപ്പ് ഫുട്ബോൾ ഫൈനലിൽ എസി മിലാനെ 1–0നു തോൽപിച്ച ബൊളോന്യ 51 വർഷത്തിനു ശേഷമൊരു മേജർ ട്രോഫിക്ക് അവകാശികളായി. മുൻപു രണ്ടുവട്ടം സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ കിരീടം നേടിയിട്ടുള്ള ബൊളോന്യ ഇതിനു മുൻപ് 1974ലാണ് ഇറ്റാലിയൻ കപ്പ് ജേതാക്കളായത്.
ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 53–ാം മിനിറ്റിൽ സ്വിസ് താരം ഡാൻ എൻഡോയിയാണ് ബൊളോന്യയുടെ വിജയഗോൾ നേടിയത്. കാൽതുടയിലെ പരുക്കുമൂലം ഡാൻ എൻഡോയിക്കു ബൊളോന്യയുടെ കഴിഞ്ഞ 3 മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. പരുക്കു ഭേദമാക്കി ഫസ്റ്റ് ഇലവനിലിറങ്ങിയ ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ മുന്നിൽ റീബൗണ്ടായി വീണു കിട്ടിയ പന്തു ഗോളിലെത്തിക്കുകയായിരുന്നു.
ആക്രമണത്തിലും പ്രതിരോധത്തിലും ഓപ്പൺ പ്ലേയിലും ഒരു പോലെ മേധാവിത്വം പുലർത്തിയാണ് വിൻസൻസോ ഇറ്റാലിയാനോ പരിശീലിപ്പിച്ച കുട്ടികൾ എസി മിലാനെ കീഴടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇറ്റാലിയൻ ലീഗ് മത്സരത്തിൽ മിലാൻ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൊളോന്യയെ തോൽപിച്ചിരുന്നു. സമാനമായൊരു തിരിച്ചുവരവ് ഇറ്റാലിയൻ കപ്പ് ഫൈനലിലും ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
English Summary:








English (US) ·