ബോക്സോഫീസിൽ തകർന്നടിഞ്ഞ് ത​​ഗ് ലൈഫ്, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകൾ

7 months ago 11

Thug Life

ത​ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, കമൽഹാസൻ | ഫോട്ടോ: X

37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രമായിരുന്നു ത​ഗ് ലൈഫ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും വമ്പന്മാർ അണിനിരന്ന ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായില്ല. ബോക്സോഫീസിൽ തകർന്നടിഞ്ഞ ചിത്രം കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്.

ഏറെ വർഷങ്ങൾക്കുശേഷമാണ് മണിരത്നത്തിന്റെ ഒരു ചിത്രം ഇത്തരത്തിൽ പരാജയം ഏറ്റുവാങ്ങിയത്. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്. കേരളത്തിൽ ത​ഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദർശിപ്പിച്ചിരുന്നു. തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമൽ ഹാസൻ, മണി രത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സുമായിട്ടാണ് സിനിമയുടെ ഒടിടി കരാർ. നെറ്റ്ഫ്ലിക്സുമായി സിനിമയ്ക്കായി ഒപ്പുവെച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനരവലോകനത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. കരാർ തുകയിൽ 25 ശതമാനത്തോളം കുറവ് വരാൻ സാധ്യതയുണ്ടെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. തമിഴ് സിനിമകളുടെ കാര്യത്തിൽ ഒടിടി റിലീസ് സാധാരണയായി തിയേറ്റർ റിലീസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ ഹിന്ദി സിനിമകൾക്ക് ഇത് 56 ദിവസമാണ്.

ഒരു സിനിമ പരാജയപ്പെടുമ്പോൾ, പ്രാഥമിക സാമ്പത്തിക നഷ്ടങ്ങൾ സാധാരണയായി നിർമ്മാതാക്കളാണ് വഹിക്കുന്നത്. തിയേറ്റർ ഉടമകളും വിതരണക്കാരും തമ്മിലുള്ള വരുമാനം പങ്കിടുന്ന അനുപാതത്തിനനുസരിച്ച്, നഷ്ടങ്ങൾ വിതരണക്കാർ നികത്തും. മുൻകാലങ്ങളിൽ, മുൻനിര നടന്മാർ തങ്ങളഉടെ സിനിമകൾ മോശം പ്രകടനം കാഴ്ചവെച്ചതിന് തിയേറ്റർ ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ട്.

സാക്നിൽക്ക് റിപ്പോർട്ടനുസരിച്ച് 45 കോടിയാണ് ത​ഗ് ലൈഫിന്റെ വാരാന്ത്യ കളക്ഷൻ. കമൽഹാസന്റേതായി 2022-ൽ പുറത്തിറങ്ങിയ വിക്രം മേൽപ്പറഞ്ഞ കാലയളവിൽ നേടിയത് 168 കോടി രൂപയാണ്.

Content Highlights: Thug Life Box Office Flop: Kamal Haasan, Mani Ratnam Film Faces Theatre Pullouts

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article