Published: June 29 , 2025 02:44 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തെക്കുറിച്ചു മനസ്സു തുറന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ദിൻഷോ പർദിവാല. ബോധം തിരിച്ചുകിട്ടിയപ്പോൾ ഇനി കളിക്കാൻ സാധിക്കുമോയെന്നാണ് പന്ത് ആദ്യം ചോദിച്ചതെന്ന് ഡോക്ടർ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. അപകടത്തിനു ശേഷം പ്രശസ്ത ഓർത്തോ സർജനായ ദിൻഷോയുടെ നേതൃത്വത്തിലാണു പന്തിനെ ചികിത്സിച്ചത്. ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടു സെഞ്ചറികൾ നേടി റെക്കോർഡിട്ടിരുന്നു.
ഡൽഹിയിൽനിന്ന് ജന്മനാടായ റൂർക്കിയിലേക്കു പോകുന്നതിനിടെയാണ് ഋഷഭ് പന്ത് ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞത്. തീപിടിച്ച കാറിൽനിന്ന് ഗുരുതര പരുക്കുകളുമായാണു ഋഷഭ് പന്തിനെ പുറത്തെടുത്തത്. ‘‘ഋഷഭ് ജീവിച്ചിരിക്കുന്നതു തന്നെ മഹാഭാഗ്യമാണ്. ഋഷഭ് എന്റെയടുത്തെത്തുമ്പോൾ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരകുന്നു. കാലിൽ നിറയെ വലുതും ചെറുതുമായ മുറിവുകൾ. ചർമത്തിന്റെ മുകൾ ഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു.’’– ഡോക്ടർ പ്രതികരിച്ചു.
‘‘കാറിൽനിന്ന് പുറത്തെടുക്കുമ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ്, പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായി. അദ്ദേഹത്തിന്റെ കാർ മറിഞ്ഞ ശേഷം തീപിടിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളിൽ മരിക്കാനുള്ള സാധ്യത വളരെയധികമാണ്. പക്ഷേ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരുക്കില്ലാത്തതു രക്ഷയായി. ഇനി കളിക്കാനാകുമോയെന്നായിരുന്നു ഋഷഭ് പന്തിന്റെ ആദ്യത്തെ ചോദ്യം. എന്നാൽ മകൻ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മ എന്നോടു ചോദിച്ചത്.’’
‘‘2023 ജനുവരിയിൽ പന്തിന്റെ കാൽമുട്ടിന് നാലു മണിക്കൂര്‍ സമയമെടുത്താണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാലു മാസങ്ങൾക്കു ശേഷമാണ് ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങിയത്. അപ്പോഴും പന്തിനു ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോയെന്നതു ഡോക്ടർമാർക്കു സംശയമായിരുന്നു. സജീവ ക്രിക്കറ്റിലേക്ക് ഇറങ്ങണമെങ്കിൽ 18 ആഴ്ചയെങ്കിലും വേണമെന്നാണു ഞാൻ പന്തിനോടു പറഞ്ഞത്. ചികിത്സ പൂർത്തിയാക്കി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയ അദ്ദേഹം ക്രിക്കറ്റില്‍ സജീവമായി.’’– ഡോക്ടർ വ്യക്തമാക്കി.
English Summary:








English (US) ·